ട്രംപ് ഇംപാക്ട് ഇന്ത്യ–യുഎസ് ബന്ധത്തിൽ പുതുയുഗം

മുഹമ്മദ് അനീസ്


യുഎസിന്റെ നാൽപത്തഞ്ചാമത്തെ പ്രസിഡന്റായി അധികാരമേറ്റ ഡോണൾഡ് ട്രംപ്, തന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ ആദ്യമായി അതിഥിസൽക്കാരമൊരുക്കിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഗാഢബന്ധത്തെ പുതിയ തലത്തിലേക്ക് ആനയിക്കാനുള്ള ആദ്യ ചുവടുവയ്പായി ഈ കൂടിക്കാഴ്ച. ഇന്ത്യ–യുഎസ് ഇടപെടലുകളിൽ നിർണായകമായ തീരുമാനങ്ങളുണ്ടായെന്നുമാത്രമല്ല, പാക്കിസ്ഥാന്റെ നിലപാടുകളെക്കുറിച്ച് ഇന്ത്യ തുടർച്ചയായി ചൂണ്ടിക്കാട്ടാറുള്ള പ്രശ്നങ്ങളെ യുഎസ് ഗൗരവത്തോടെ കാണുകയും അതിൽ നടപടികളെടുക്കുകയും ചെയ്തു.

പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുകയും ഇന്ത്യയ്ക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന ഭീകര സംഘടനയായ ഹിസ്‌ബുൽ മുജാഹിദീന്റെ തലവൻ സയ്യിദ് സലാഹുദ്ദീനെ യുഎസിന്റെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത് മോദി–ട്രംപ് കൂടിക്കാഴ്ചയുടെ തൊട്ടുമുൻപാണ്. ഇന്ത്യയുടെ ആവശ്യങ്ങൾക്കും നിലപാടുകൾക്കുമുള്ള അംഗീകാരമായിരുന്നു ഇത്. പിന്നീട് മോദി – ട്രംപ് കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു നേതാക്കളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും ഇന്ത്യ–യുഎസ് ഗാഢ ബന്ധത്തിന്റെ മുദ്രയും പാക്കിസ്ഥാനെതിരായ താക്കീതും തെളിഞ്ഞുകാണാം. മറ്റു രാജ്യങ്ങൾക്കെതിരെ ഭീകരാക്രമണം നടത്താൻ സ്വന്തം മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതാണ് ഇതിൽ പ്രധാനം. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ എന്നിവയടക്കം പാക്ക് ഭീകരസംഘടനകൾക്കെതിരായ നീക്കത്തിൽ പരസ്പര സഹകരണം ശക്തമാക്കാനും ഇന്ത്യയും യുഎസും തീരുമാനിച്ചു.

മുംബൈ ഭീകരാക്രമണത്തിനും പഠാൻകോട്ട് ഭീകരാക്രമണത്തിനും അതിർത്തി കടന്നു നടത്തിയ മറ്റു ഭീകരാക്രമണങ്ങൾക്കും പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. അതിർത്തികടന്നുള്ള ഭീകരവാദപ്രശ്നത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയും യുഎസും ഒരുമിച്ചു തുറന്ന പ്രതികരണം നടത്തിയത് ആദ്യമായിട്ടായിരുന്നു. ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിനു പാക്കിസ്ഥാൻ അഭയം നൽകുന്നതിനെതിരെയും സംയുക്തപ്രസ്താവനയിൽ പരാമർശമുണ്ടായി.

പ്രതിരോധരംഗത്ത് സ്വാഭാവികമായ കരാറുകളും മോദി – ട്രംപ് കൂടിക്കാഴ്ചയിൽ രൂപപ്പെട്ടു. ശത്രുനിരീക്ഷണത്തിനും രഹസ്യാന്വേഷണ വിവരശേഖരണത്തിനുമുള്ള 22 ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യയ്ക്കു വിൽക്കാനുള്ള 300 കോടി ഡോളറിന്റെ കരാറാണ് ഇതിൽ പ്രധാനം. ഇന്ത്യയുടെ നാവികസേനയ്ക്കാണ് ഇതു കൈമാറുക. 36.6 കോടി ഡോളറിന്റെ ബോയിങ് സി–17 വിമാനങ്ങളുടെ കരാറും മുന്നോട്ടുപോയി. ഇതേസമയം, ഇന്ത്യൻ ഐടി വിദഗ്ധർക്കും കുടിയേറ്റക്കാർക്കും തിരിച്ചടിയായേക്കാവുന്ന എച്ച്–1ബി വീസാ നയം, മോദി – ട്രംപ് കൂടിക്കാഴ്ചയിൽ ചർച്ചചെയ്തില്ല. ഇന്ത്യ–യുഎസ് സംയുക്ത പ്രസ്താവനയിലും ഈ വിഷയം പരാമർശിച്ചില്ല.

നല്ല നയതന്ത്രം
ഒരു രാജ്യത്ത് പുതിയൊരു ഭരണകൂടം അധികാരമേൽക്കുമ്പോൾ സ്വീകരിക്കാവുന്ന ഏറ്റവും നല്ല നയതന്ത്രമാണ് മോദി–ട്രംപ് ചർച്ചയിൽ ദൃശ്യമായത്. ഏകാഭിപ്രായവും പൊതുനിലപാടുമുള്ള വിഷയങ്ങളിൽ സഹകരണവഴികൾ തുറക്കുക. ഭിന്ന നിലപാടുള്ള വിഷയങ്ങളിലെ ചർച്ച പിന്നത്തേക്ക് മാറ്റിവയ്ക്കുക എന്ന നയമാണ് ഇരു നേതാക്കളും സ്വീകരിച്ചത്. ഭിന്നനിലപാടുള്ള എച്ച്1ബി വീസ പ്രശ്നം പിന്നത്തേക്കു മാറ്റിവച്ചപ്പോൾ, ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള വിഷയങ്ങളിൽ മൂന്നു തലങ്ങളിലുള്ള സഹകരണവഴികളാണ് ചർച്ചയിലൂടെ തുറന്നത്.

1. ഭീകരതയ്ക്കെതിരായ പോരാട്ടം
ഭീകരതയ്ക്കെതിരെ കാർക്കശ്യമേറിയ പോരാട്ടമാണ് ട്രംപിന്റെ മുഖമുദ്ര. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ തന്റെ മുൻഗാമികളെക്കാൾ ഒരുചുവടു കൂടി കടന്ന് പാക്കിസ്ഥാനെ തുറന്നുവിമർശിക്കാൻ ട്രംപ് തയാറായി. ഇന്ത്യയെയും പാക്കിസ്ഥാനെയും യുഎസിന്റെ സഖ്യപക്ഷത്ത് നിലനിർത്തിക്കൊണ്ടുള്ള ഒരുതരം ‘ബാലൻ‌സിങ്’ നയമാണ് യുഎസ് കഴിഞ്ഞകാലങ്ങളിലെല്ലാം തുടർന്നുവന്നത്. അഫ്ഗാനിസ്ഥാനിൽ ഭീകരതയ്ക്കെതിരായ പോരാട്ടം തുടരാൻ പാക്കിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ സഹകരണം ആവശ്യമാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെ, പാക്ക് മണ്ണിൽനിന്ന്, പാക്ക് സൈന്യത്തിന്റെയും ചിലപ്പോഴെങ്കിലും ഭരണനേതൃത്വത്തിന്റെയും അറിവോടെയും സഹായത്തോടെയും ഇന്ത്യയ്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആഗ്രഹിക്കും‌വിധമുള്ള പ്രതികരണം യുഎസ് നടത്താറില്ലായിരുന്നു. ഭീകരതയ്ക്കെതിരായ പൊതുനിലപാടും വിമർശനവും യുഎസ് തുടരുകയായിരുന്നു പതിവ്. എന്നാൽ, ആ സമീപനത്തിൽ വലിയൊരു മാറ്റമാണ് ട്രംപ് കൊണ്ടുവന്നത്. സഹകരണം വേറെ, നിലപാട് വേറെ എന്നു പാക്കിസ്ഥാനോടു തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഇത് പാക്കിസ്ഥാനെ എത്രമാത്രം നിരാശപ്പെടുത്തി എന്നറിയണമെങ്കിൽ പിന്നീട് പാക്ക് ആഭ്യന്തരമന്ത്രി ചൗധരി നിസാർ നടത്തിയ പ്രതികരണം നോക്കിയാൽ മതി. ‘യുഎസ് ഉപയോഗിക്കുന്നത് ഇന്ത്യയുടെ ഭാഷ’ എന്നായിരുന്നു ചൗധരി നിസാറിന്റെ വിമർശനം. അതുതന്നെയാണ് ഇന്ത്യ–യുഎസ് ബന്ധം ദൃഢമായി എന്നതിന്റെ തെളിവും. പാക്കിസ്ഥാനെ ‘ഭീകരതയെ സ്പോൺസർ ചെയ്യുന്ന രാജ്യം’ എന്ന ഗണത്തിൽ പെടുത്തണംമെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തിനെന്ന പേരിൽ പാക്കിസ്ഥാനു നൽകുന്ന സഹായങ്ങൾ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് പല പാർലമെന്റ് അംഗങ്ങളും കൊണ്ടുവന്ന ബില്ലുകൾ യുഎസ് സെനറ്റിലുണ്ട് എന്നതും ഇതോടു ചേർത്തുവായിക്കാം.

2. അമേരിക്കയിൽ തൊഴിലവസരം
‘അമേരിക്ക ഫസ്റ്റ്’ എന്നതാണ് ട്രംപിന്റെ പ്രധാനമുദ്രാവാക്യം. ഈ നയത്തിനു വൻ പിന്തുണ നൽകുന്നതാണ്, മോദി – ട്രംപ് കൂടിക്കാഴ്ചയിൽ രൂപപ്പെട്ട പ്രതിരോധ കരാറുകൾ. ഗാർഡിയൻ ഡ്രോണുകളുടെയും ബോയിങ് സി–17 വിമാനങ്ങളുടെയും കരാറുകൾ അമേരിക്കയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും രാജ്യത്തിനു വരുമാനമാവുകയും ചെയ്യുമെന്നു മാത്രമല്ല, ഭാവിയിൽ ഇത്തരം കൂടുതൽ ഇടപാടുകളിലേക്കുള്ള വാതിൽ കൂടിയാണ്. സ്വന്തം രാജ്യത്ത് കൂടുതൽ പേർക്കു തൊഴിൽ സൃഷ്ടിക്കുക എന്ന ട്രംപിന്റെ നയത്തിന് ഏറ്റവുമധികം പിന്തുണ നൽകാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ എന്ന സന്ദേശമാണ് മോദി നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇതു വലിയ കുതിപ്പാകും.

3. ചൈനയ്ക്കെതിരെ ഇന്ത്യ
ഏഷ്യയിലെ പ്രബലരാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ചുവടുവയ്പുകളും ഈ സന്ദർശനത്തിലുണ്ടായി. ഏഷ്യയിൽ ചൈന ഉയർത്തുന്ന മേധാവിത്വ, സുരക്ഷാ ഭീഷണികളെ ചെറുക്കാൻ ഇന്ത്യയെ സജ്ജമാക്കുക എന്നതാണ് ഇന്ത്യയുടെയും യുഎസിന്റെയും താൽപര്യം. ഏഷ്യ–പസഫിക് മേഖലയിലെ പ്രശ്നങ്ങളെയും സംഘർഷങ്ങളെയും മോദി–ട്രംപ് സംയുക്ത പ്രസ്താവനയിൽ അപലപിച്ചത് പരോക്ഷമായി ചൈനയ്ക്കുള്ള താക്കീതാണ്. തെക്കൻ ചൈന സമുദ്രത്തിൽ സൈനികക്കരുത്ത് ഉപയോഗിക്കരുതെന്നും സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കരുതെന്നുമുള്ള പ്രസ്താവനകൾ ചൈനയ്ക്കെതിരായ നേരിട്ടുള്ള പരാമർശങ്ങളായിത്തന്നെ കാണാം.

ബുഷ്–മൻമോഹൻ–ഒബാമ–മോദി–ട്രംപ്
ഒന്നര പതിറ്റാണ്ടോളമായി ഇന്ത്യ–യുഎസ് ബന്ധത്തിൽ ക്രമേണ കണ്ടുവരുന്ന വളർച്ചയുടെ അടുത്ത നിർണായക ചുവടുവയ്പാണ് ഇപ്പോൾ സംഭവിച്ചത്. സമീപകാല അമേരിക്കൻ ചരിത്രത്തിൽ ഇന്ത്യയോട് ഏറ്റവുമധികം ആഭിമുഖ്യം ആദ്യം പ്രകടിപ്പിച്ച പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് (2001–2009) ആണ്. പൊഖ്‌റാൻ ആണവ പരീക്ഷണവും (1998) മറ്റുമൊക്കെ ഇന്ത്യ–യുഎസ് ബന്ധത്തിൽ ഉലച്ചിൽ സൃഷ്ടിച്ചിരുന്നു. ബുഷും മുൻ ഇന്ത്യൻ പ്രധാനമന്ത്രി (2004–2014) മൻമോഹൻ സിങ്ങും തമ്മിലുള്ള ചർച്ചകളിൽ ഇന്ത്യ–യുഎസ് ബന്ധം വീണ്ടും തളിർത്തു. ഭീകരതയ്ക്കെതിരായ പോരാട്ടം, ഊർജസുരക്ഷ എന്നിവയായിരുന്നു ഇരു രാജ്യങ്ങളുടെയും പ്രധാന മുൻഗണനകൾ. ഇതുപിന്നീട് ഇന്ത്യ–യുഎസ് ആണവകരാറിലേക്കു വരെ പുരോഗമിച്ചു. ബുഷിനു പിൻഗാമിയായി ബറാക് ഒബാമ എത്തിയപ്പോൾ (2009–2017) ഇന്ത്യയുമായി കൂടുതൽ അടുത്തു. ഇന്ത്യ–യുഎസ് ബന്ധം ‘സ്ട്രാറ്റജിക് പാർട്‌ണർഷിപ്’ എന്ന തലത്തിലേക്ക് ഉയർന്നത് ഈ സമയത്താണ്. ഭീകരതയ്ക്കെതിരായ പോരാട്ടം, ഊർജ സുരക്ഷ എന്നിവയ്ക്കു പുറമെ വിദ്യാഭ്യാസ–സാംസ്കാരിക മേഖലകളിൽ കൂടി സഹകരണം വ്യാപിച്ചു. രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ ആവശ്യങ്ങൾക്കും നിലപാടുകൾക്കും യുഎസ് പിന്തുണ നൽകി. ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യാൻ ഒബാമ എത്തി. യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു യുഎസ് പിന്തുണ പ്രഖ്യാപിച്ചു. ഒബാമ അധികാരമേറ്റ ശേഷം വൈറ്റ് ഹൗസിലെ ആദ്യ വിരുന്നിലെ അതിഥിയും ഇന്ത്യൻ പ്രധാനമന്ത്രി തന്നെയായിരുന്നു – അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്. 2009 നവംബറിലായിരുന്നു ഇത്. മൻമോഹൻ സിങ്ങിനു പിൻഗാമിയായി നരേന്ദ്രമോദി (2014) എത്തിയതോടെ യുഎസ് ബന്ധം ദൃഢമായി. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ അതിഥിയായി ഒബാമ എത്തി. രണ്ടര വർഷത്തിനിടെ മൂന്നു തവണ മോദി യുഎസിലെത്തി. ഇപ്പോൾ യുഎസിൽ ട്രംപ് അധികാരത്തിലെത്തിയതോടെ (2017) ഇന്ത്യ–യുഎസ് ബന്ധം കൂടുതൽ ഗാഢമാവുകയാണ് എന്നതാണ് മോദി–ട്രംപ് കൂടിക്കാഴ്ച നൽകുന്ന സൂചന.

Related Articles
ജൂലൈ 4 ; അമേരിക്കൻ വിമോചന പ്രഖ്യാപനത്തിന്റെ 241 വർഷങ്ങൾ
അമേരിക്കൻ ഡ്രീം എന്ന സങ്കൽപം
അമേരിക്കയ്ക്കു വേണ്ടി പോരാടിയ ഒരു ഇംഗ്ലീഷുകാരന്റെ കഥ
പ്രവാസി ഇന്ത്യക്കാരന് രണ്ടു സ്വാതന്ത്യ്ര ദിനാഘോഷം
ലിബർട്ടി ബെൽ
സ്വാതന്ത്ര്യപ്പോരാട്ടത്തിന്റ ചരിത്രം പതിഞ്ഞ ഇൻഡിപെൻഡൻസ് ഹാൾ
സ്വാതന്ത്യ്രത്തിന്റെ പ്രതീകം; ഫ്രഞ്ചുകാരുടെ സമ്മാനം
കാപ്പിറ്റോളിനു മുകളിൽ മലയാളിക്കായി പതാക;ചരിത്രമായി മലയാളി വനിത വിമല പത്മനാഭൻ
പ്രസിഡന്റ് ട്രംപിന്റെ ആദ്യ ജൂലൈ 4
അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷം ഡാലസിൽ ജൂലൈ 4 ന്
© Copyright 2017 Manoramaonline. All rights reserved.