2010 –11: സീസൺ 1
സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നും നിർദേശിച്ച എഴുനൂറോളം പ്രോജക്ടുകളിൽനിന്ന് അവസാന റൗണ്ട് മത്സരത്തിലേക്കു തിരഞ്ഞെടുത്തത് 38 ടീമുകളെ. അവസാനഘട്ട മത്സരവും പ്രദർശനവും നടന്നത് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ. ഭാവനയുടെ അഗ്നിച്ചിറകിൽ പറന്ന 38 ടീമുകളിലെ യുവപ്രതിഭകളോടു സംവദിക്കാനും പുരസ്കാരം നൽകാനും എത്തിയത് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാം.
അനുജത്തിയുടെ ക്യൂട്ടെക്സ് അവിചാരിതമായി തെർമോകോളിൽ വീണപ്പോഴുണ്ടായ വിസ്മയക്കാഴ്ചയിൽനിന്നു പരീക്ഷണത്തിന്റെ പുതിയ പാഠങ്ങൾ കണ്ടെത്തിയ പാലക്കാട് ആലത്തൂർ ഗുരുകുലം ബിഎസ്എസ് സ്കൂളിലെ യദുകൃഷ്ണനും സംഘവുമാണു സ്കൂൾ വിഭാഗം പ്രോജക്ടിൽ ഒന്നാം സമ്മാനം (50,000 രൂപ) നേടിയത്. തെർമോകോൾ പെട്രോളിൽ ലയിപ്പിച്ചു കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള പശ നിർമിക്കുന്ന പ്രോജക്ടാണ് ഇവർ അവതരിപ്പിച്ചത്.
കോളജ് വിഭാഗത്തിൽ ഒരുലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയതു ചെങ്ങന്നൂർ കോളജ് ഓഫ് എൻജിനീയറിങ്ങിലെ ജെറി ജെ.മാർട്ടിനും ലിൻഡ ആൻ ജെയിംസുമാണ്. അന്ധർക്കു മുന്നിലെ തടസ്സങ്ങൾ അറിയാൻ കഴിയുന്ന ഇലക്ട്രോണിക് വോക്കിങ് സ്റ്റിക്കിന്റെ രൂപകൽപനയ്ക്കാണ് പുരസ്കാരം ഇവരെത്തേടിയെത്തിയത്.
ലവൽ ക്രോസുകളിൽ ട്രെയിൻ എത്തുമ്പോൾ ഗേറ്റ് യാന്ത്രികമായി അടയുന്ന സംവിധാനം, അനുവദിക്കുന്നതിലുമേറെ യാത്രക്കാർ കയറിയാൽ ബോട്ട് എൻജിൻ നിന്നുപോകുന്ന സംവിധാനം, ഇന്ധനക്ഷാമത്തിനു പരിഹാരമായി പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന് ഊർജം, മുറിയിൽ കയറിയാൽ മാത്രം ബൾബ് തെളിയുകയും ഇറങ്ങുമ്പോൾ തനിയെ അണയുകയും ചെയ്യുന്ന സംവിധാനം, ആൾ മുന്നിലെത്തിയാൽ മാത്രം അറിയിപ്പു കാണിക്കുന്ന നോട്ടിസ് ബോർഡ്, ഒരു ചിന്ന ‘യന്തിരൻ’മട്ടിൽ പറയുംപോലെ പ്രവർത്തിക്കുന്ന റോബോ കൈ, വാഹനങ്ങളിൽ ഗ്യാസ് ലീക്ക് ആയാൽ മുഴങ്ങുന്ന അലാം, കുത്തനെയുള്ള ഭിത്തികളിലൂടെ നീങ്ങുന്ന കുഞ്ഞുറോബോ... ഇങ്ങനെ പലവിധ കണ്ടുപിടിത്തങ്ങളാണ് അവസാന റൗണ്ട് മത്സരിച്ചത്.