2018 –19: സീസൺ 9
സീസൺ 9 ഗ്രാൻഡ് ഫിനാലെ നടന്നത് കൊച്ചി കടവന്ത്ര രാജീവ്
ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ. കോളജ്, സ്കൂൾ ടീമുകളുടെ 25 വീതം പ്രോജക്ടുകളും
പൊതുജനങ്ങളുടെ 10 പ്രോജക്ടുകളും അടക്കം 60 കണ്ടുപിടിത്തങ്ങളാണു മാറ്റുരച്ചത്.
പുരസ്കാരവിതരണ ചടങ്ങിൽ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവൻ മുഖ്യാതിഥിയായി.
കുളവാഴയിൽനിന്നു സാനിറ്ററി നാപ്കിനുണ്ടാക്കുന്ന വിദ്യ കണ്ടുപിടിച്ച മലപ്പുറം
കോട്ടൂർ എകെഎംഎച്ച്എസ്എസ് ടീമാണ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
നേടിയത്. കുളവാഴ പുഴുങ്ങി ഉണക്കിയെടുത്തു നേർത്ത പാളികളായി മുറിച്ചെടുക്കും.
നാപ്കിന്റെ രണ്ടാം പാളിയായി ഇതാണ് ഉപയോഗിക്കുന്നത്. മുകളിൽ കോട്ടൺ പാളി. ശുചിത്വ
പ്രശ്നങ്ങളില്ലാതെ 8 മണിക്കൂർ വരെ ഉപയോഗിക്കാം. പി.വി ഹെന്ന സുമി, ശ്രീജേഷ്
എസ്.വാരിയർ എന്നിവരാണു കണ്ടുപിടിത്തത്തിനു പിന്നിൽ. മെന്റർ: കെ.എസ്.ശരത്.
കോളജ് വിഭാഗത്തിൽ തൃശൂർ വിമല കോളജിനായിരുന്നു ഒന്നാം സമ്മാനം (2 ലക്ഷം രൂപ). നാനോ
മാഗ്റ്റിക് ഫ്ലൂയിഡ് വഴി കാൻസർ സെല്ലുകളെ കണ്ടെത്താനും രോഗം ബാധിച്ച സെല്ലുകളെ
മാത്രം നശിപ്പിക്കാനും കഴിയുന്ന ചികിത്സാസംവിധാനമാണു രാഖി ശങ്കർ, സി.അഞ്ജന, അലോഷ്യ
ഫ്രാൻസിസ് വടക്കൂറ്റ്, അനുപമ കെ.സേവ്യർ, എ.ആദിത്യ എന്നിവരുടെ ടീം ഒരുക്കിയത്.
മെന്റർ: ഡോ. ഇ. വീണ ഗോപാലൻ, ഡോ. അനീഷ് ജോർജ്. കാൻസർ ചികിൽസയിൽ പുതിയ ട്രെൻഡായ
ടാർഗറ്റഡ് ഡ്രഗ് ഡെലിവറി ചികിൽസയിൽ ശ്രദ്ധേയമായ ഗവേഷണവുമായാണ് ഇവരെത്തിയത്. ഇലകളിൽ
നിന്നു നിർമിക്കുന്ന പ്രത്യേക കാന്തിക നാനോത്തരികൾ, നാനോദ്രാവകമാക്കി മാറ്റി. ഈ
കാന്തിക നാനോദ്രാവകം, കാൻസർ രോഗം നിർണയിക്കാനും രോഗസ്ഥലത്തേക്കു മരുന്ന്
എത്തിക്കുന്നതിലും ചികിൽസയിലും ഉപയോഗിക്കാം.നേരത്തേയും പല നാനോദ്രാവകങ്ങൾ
ഉപയോഗിച്ചിട്ടുണ്ടെങ്കിലും ശരീരത്തിന് ഒരു കുഴപ്പവുമില്ലാത്തതാണ് ഇവർ വികസിപ്പിച്ച
നാനോദ്രാവകം.
പശുവിനെ കറക്കാനുള്ള ചെലവു കുറഞ്ഞ യന്ത്രം കണ്ടുപിടിച്ച വയനാട്
പൂക്കോട് വെറ്ററിനറി സർവകലാശാല അധ്യാപകൻ ഡോ. ജോൺ ഏബ്രഹാമിനാണു പൊതുവിഭാഗത്തിൽ
ഒന്നാം സമ്മാനം (ഒരു ലക്ഷം രൂപ). കാലുകൊണ്ടു ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന
കറവയന്ത്രമാണ് അവതരിപ്പിച്ചത്. കാര്യം നടക്കും, വ്യായാമവുമാകും!
ആംഗ്യഭാഷ
പരിഭാഷപ്പെടുത്താനുള്ള ആർടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം, കടൽവെള്ളത്തിൽനിന്നു
ശുദ്ധജലം വേർതിരിക്കാനുള്ള പദ്ധതി, വീടിന്റെ തറ വൃത്തിയാക്കുമ്പോൾ മറഞ്ഞിരിക്കുന്ന
ഇഴജന്തുക്കളെയും മറ്റും കണ്ടെത്താൻ സഹായിക്കുന്ന മോപ്പ്, ചപ്പാത്തി പരത്താനുള്ള
നവീന മാർഗം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും സഹായമാകുന്ന
കണ്ടുപിടിത്തങ്ങളാണ് അണിനിരന്നത്.