2016–17: സീസൺ 7
യുവ മാസ്റ്റർമൈൻഡ് ഏഴാം സീസൺ മെഗാ ഫിനാലെയ്ക്കു വേദിയായതു
തൃശൂർ ലുലു കൺവൻഷൻ സെന്റർ. പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഗവേഷണങ്ങൾക്കു നേതൃത്വം
നൽകുന്ന ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) അധ്യക്ഷൻ ഡോ.
എസ്.ക്രിസ്റ്റഫർ ആയിരുന്നു മുഖ്യാഥിതി.
പൈപ്പ് പൊട്ടിയാൽ സെക്കൻഡുകൾക്കകം
വാട്ടർ അതോറിറ്റിക്ക് സന്ദേശമെത്തിക്കാനും ഒരു വീടിന് ആവശ്യമായ വെള്ളം കൃത്യമായി
കണക്കാക്കി വിനിയോഗിക്കാനും സഹായിക്കുന്ന ‘സ്മാർട് വാട്ടർ മാനേജ്മെന്റ് സിസ്റ്റം’
തയാറാക്കിയ തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്കാണു കോളജ് വിഭാഗത്തിൽ
ഒന്നാം സമ്മാനം (ഒരുലക്ഷം രൂപ).
സ്കൂൾ വിഭാഗത്തിൽ, അടുക്കള
മാലിന്യത്തിൽനിന്നു ദുർഗന്ധമില്ലാത്ത വളം പൊടിയുടെ രൂപത്തിൽ തയാറാക്കിയെടുക്കാൻ
സഹായിക്കുന്ന ‘കിച്ചൻ സ്ക്രാപ് ഡീകംപോസിങ് ബാഗ്’ നിർമിച്ച കോട്ടയം ചങ്ങനാശേരി
പ്ലാസിഡ് വിദ്യാവിഹാർ സീനിയർ സെക്കൻഡറി സ്കൂൾ ഒന്നാം സമ്മാനം (50,000 രൂപ) നേടി.
ബസ് യാത്രയ്ക്കിടയിൽ ഫുഡ്ബോർഡിൽ ആരെങ്കിലും യാത്ര ചെയ്താൽ ബസിന്റെ എൻജിൻ
ഓഫ് ചെയ്യുന്ന വിദ്യ, വണ്ടി ഓടിക്കുന്ന ആളിന്റെ ഉറക്കം നിയന്ത്രിക്കാനുള്ള
സംവിധാനം, ചോക്കിനും ബ്ലാക്ക്ബോർഡിനും പകരം മാഗ്‌നറ്റിക് ബോർഡ് എന്നിങ്ങനെ 50
കിടിലൻ കണ്ടുപിടിത്തങ്ങളാണു പ്രദർശനത്തിനെത്തിയത്.