2014–15: സീസൺ 5
യുവ മാസ്റ്റർമൈൻഡ് സീസൺ 5നു വേദിയായത് കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം എജ്യുക്കേഷനൽ കോംപ്ലക്സ്. നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ പ്രഫ. അനിൽ ഗുപ്തയായിരുന്നു മുഖ്യാതിഥി. കോളജ് വിഭാഗത്തിൽ 24, സ്കൂൾ വിഭാഗത്തിൽ 22 പ്രോജക്ടുകളാണു മാറ്റുരച്ചത്.
കോളജ് വിഭാഗത്തിൽ തൃശൂർ വടക്കാഞ്ചേരി മലബാർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയും സ്കൂൾ വിഭാഗത്തിൽ ചങ്ങനാശേരി എസ്ബി എച്ച്എസ്എസും ഒന്നാം സമ്മാനം നേടി. ഭക്ഷണം തണുപ്പിക്കാനും ചൂടു പോകാതെ സൂക്ഷിക്കാനും സാധിക്കുന്നു തെർമോ റഫ്രിജറേറ്റർ ആണ് മലബാർ കോളജിന് ഒരു ലക്ഷം രൂപയുടെ സമ്മാനം നേടിക്കൊടുത്തത്. ഫ്രിജിന്റെ കണ്ടൻസർ രണ്ടായി വിഭജിച്ചാണ് ഇവർ ഈ അദ്ഭുത ഫ്രിജ് സാധ്യമാക്കിയത്.
ബസിന്റെ ചവിട്ടുപടിയിൽനിന്നു യാത്ര ചെയ്താൽ അക്കാര്യം ഇൻഫ്രാ റെഡ് അലാം വഴി ഡ്രൈവറെ അറിയിക്കുന്ന സെൻസർ അധിഷ്ഠിത സാങ്കേതികവിദ്യയാണ് എസ്ബി എച്ച്എസ്എസിന് 50,000 രൂപയുടെ സമ്മാനം നേടിക്കൊടുത്തത്.
ആർക്കും റബർ വെട്ടാൻ ബട്ടർഫ്ലൈ കത്തി, ആനകളെ തുരത്താൻ സെൻസറുകൾ, ഫാനിലെ പൊടി ഇല്ലാതാക്കാൻ ഫ്ലാനൽ പങ്ക, പഴത്തൊലിയിൽ നിന്നു ജൈവ പ്ലാസ്റ്റിക്, പൊടി അടിയുന്ന ചോക്കുപെട്ടി, വെള്ളപ്പൊക്ക ഭീഷണി മറികടക്കാൻ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ആട്ടിൻകൂട്, സാനിറ്ററി നാപ്കിൻ നശിപ്പിക്കാൻ യന്ത്രം, അപകടസ്ഥലത്തു പറന്നും ഉരുണ്ടും എത്താൻ യന്ത്രപ്പന്ത്, നിന്നു മടുക്കുന്നവർക്കായി മടക്കികൊണ്ടുപോകാവുന്ന കസേര, ഉയർത്തുകയും താഴ്ത്തുകയും വശങ്ങളിലേക്കു നീക്കുകയും ചെയ്യാവുന്ന സ്ട്രെച്ചർ, ശുദ്ധജലത്തിനായി സംസ്കരണികൾ, പ്രായമായവർക്കും സ്ത്രീകൾക്കും തുണയേകാൻ യന്ത്രക്കൈ തുടങ്ങി എണ്ണംപറഞ്ഞ കണ്ടുപിടിത്തങ്ങളായിരുന്നു പ്രദർശനത്തിന്റെ ആകർഷണം.
ഫൈനലിൽ പങ്കെടുത്ത 3 മിടുക്കർക്കു സിംഗപ്പൂരിലേക്കു പഠനയാത്രയും സമ്മാനമായി കിട്ടി. നിതിൻ മാത്യു (ശ്രീനാരായണഗുരു കോളജ് ഓഫ് എൻജിനീയറിങ് കടയിരിപ്പ്, കോലഞ്ചേരി), പി. ജ്യോതിസ്, (മലബാർ കോളജ് ഓഫ് എൻജിനീയറിങ്, വടക്കാഞ്ചേരി, തൃശൂർ), ജോജി ജോൺ വർഗീസ് (മാർ ബസേലിയസ് കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം) എന്നിവർക്കാണ് ഐടി രംഗത്തെ മുൻനിര സ്ഥാപനമായ ഐബിഎസ് പഠനയാത്രയ്ക്ക് അവസരമൊരുക്കിയത്.