2017–18: സീസൺ 8
യുവ മാസ്റ്റർമൈൻഡ് സീസൺ 8നു വേദിയായതു കൊല്ലം യൂനുസ് കൺവൻഷൻ
സെന്റർ. സ്കൂൾതലത്തിൽ ഒന്നാം സമ്മാനം (50,000 രൂപ) നേടിയത് വൈദ്യുതിയുടെ
സഹായമില്ലാതെ പ്രവർത്തിക്കുന്ന ഓട്ടമാറ്റിക് യൂറിനൽ ഫ്ലഷിങ് സംവിധാനം
വികസിപ്പിച്ചെടുത്ത തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സീനിയർ സെക്കൻഡറി സ്കൂൾ.
ടീം അംഗങ്ങൾ: ബി.കെ.ഭരത് അർജുൻ, അലൻ അൻസെൽ, എച്ച്.അനന്തപദ്മനാഭൻ. മാർഗനിർദേശം:
ഇ.ജെ.സൗമ്യ, എ.ആർ.റീജ.
കോളജ് വിഭാഗത്തിൽ ഒന്നാം സമ്മാനം(ഒരുലക്ഷം രൂപ)
നേടിയത് ചെലവുകുറഞ്ഞ രീതിയിൽ ബ്രെയിലി പ്രിന്ററുകൾ വികസിപ്പിച്ചെടുത്ത തൃശൂർ
ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജ്. കാഴ്ചയ്ക്കു വെല്ലുവിളി നേരിടുന്നവർക്കു
പ്രയോജനം നൽകുന്നതാണ് ഈ കണ്ടുപിടിത്തം. ടീമംഗങ്ങൾ:പാലാട്ടി ജെസ്വിൻ ജോസഫ്,
വി.വി.പ്രണവ്, ശ്രുതി ചന്ദ്രൻ, എൻ.വരദ, കെ.ബി.ബർണാഡ്, മാർഗനിർദേശം: കെ.ജെ.ജിനേഷ്,
ഡോ.പി.സുരേഷ്.
കൊതുകുകളെ ആകർഷിച്ചുവരുത്തി കുടുക്കാനുള്ള
കണ്ടുപിടിത്തവുമായെത്തിയ, തിരുവനന്തപുരം നെടുമങ്ങാട് കൈരളി വിദ്യാഭവൻ സീനിയർ
സെക്കൻഡറി പബ്ലിക് സ്കൂളിനായിരുന്നു പ്രഫ. സതീഷ് ജോൺ സ്മാരക പുരസ്കാരം: (40,000
രൂപ). ടീം അംഗങ്ങൾ: എം.ആർ.ഗൗരിപ്രിയ, അസ്ന താജ്, എ.ആരിഫ്, എം.എസ്.യാസീൻ.
മാർഗനിർദേശം: കെ.ഷീല.
മലിനമായ ജലാശയങ്ങളെ എളുപ്പത്തിൽ വൃത്തിയാക്കാൻ
സഹായിക്കുന്ന റിമോട്ട് കൺട്രോൾ സംവിധാനം, എല്ലാക്കൊല്ലവും നാടിനെ
പനിക്കിടക്കയിലാക്കുന്ന കൊതുകിനെ തുരത്താനുള്ള സൂത്രങ്ങൾ, ക്ലാസിന്റെ ഏതു മൂലയിൽ
ചോക്കുപൊടിയുണ്ടെങ്കിലും വലിച്ചെടുക്കുന്ന സൂപ്പർ ഡസ്റ്റർ എന്നിങ്ങനെ നീളുന്നു
വിസ്മയങ്ങളുടെ പട്ടിക.
സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നുമുള്ള 25 വീതം
ശാസ്ത്ര–സാങ്കേതിക പ്രോജക്ടുകളാണ് മൽസരത്തിന്റെ അവസാന റൗണ്ടിൽ പങ്കെടുത്തത്.
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണു പുരസ്കാരങ്ങൾ വിതരണം ചെയ്തത്.