2013–14: സീസൺ 4
കൊച്ചി കടവന്ത്രയിലെ രാജീവ്‌ഗാന്ധി ഇൻഡോർ
സ്‌റ്റേഡിയമായിരുന്നു വേദി. ഇന്ത്യയുടെ അഗ്നി മിസൈൽ പദ്ധതികളുടെ മേധാവി ടെസി തോമസ്
മുഖ്യാതിഥിയായി. 47 ശാസ്‌ത്ര സാങ്കേതിക പ്രോജക്‌ടുകളാണു മൽസരിച്ചത്. എറണാകുളം
കാക്കനാട് രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി കോളജ് വിഭാഗത്തിലും
കോട്ടയം ചങ്ങനാശേരി സെന്റ് ബർക്ക്‌മാൻസ് എച്ച്‌എസ്‌എസ് സ്‌കൂൾ വിഭാഗത്തിലും
ജേതാക്കളായി. അറ്റകുറ്റപ്പണിക്കിടെ ലൈനുകളിൽ വൈദ്യുതിയുടെ സാന്നിധ്യമുണ്ടോയെന്നു
പോസ്‌റ്റിനു താഴെനിന്നു തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന വിദ്യുത്മിത്ര ഹെൽമറ്റാണു
രാജഗിരി കോളജിലെ ലിബിൻ വർഗീസ്, മെബിൻ ജോസഫ് എന്നിവർ വികസിപ്പിച്ചത്.
എൽ.ഉണ്ണിക്കൃഷ്‌ണൻ ആയിരുന്നു അധ്യാപക ഗൈഡ്. ഒരു ലക്ഷം രൂപയായിരുന്നു സമ്മാനം.
കുട്ടനാട്ടിൽ വെള്ളപ്പൊക്ക സമയത്തു സെപ്‌റ്റിക് ടാങ്ക് ലീക്ക് ചെയ്‌തുണ്ടാകുന്ന
മലിനീകരണപ്രശ്‌നം പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് എസ്‌ബി സ്‌കൂൾ തയാറാക്കിയത്.
സെപ്‌റ്റിക് ടാങ്കിനോടു ചേർന്നുള്ള സോക്ക് പിറ്റിലെ വെള്ളം ക്ലോറിനേറ്റ് ചെയ്‌ത്
ശുദ്ധീകരിച്ചു പുറത്തു വിടുകയാണു വിദ്യ. ഇതിനായി പ്രത്യേകം വാൽവുകൾ സോക്ക് പിറ്റിൽ
ഇറക്കിവച്ച ടാങ്കിൽ ഉപയോഗിക്കുന്നു. വെള്ളം ടാങ്കിൽ നിറയുമ്പോൾ വാൽവ് അടയും.
മലിനജലം പുറത്തേക്കു പരക്കാതെ തടയും. സോക്ക് പിറ്റിനു ചുറ്റും ആഴത്തിൽ വേരിറങ്ങുന്ന
പൊന്തക്കാടുകൾ വച്ചുപിടിപ്പിക്കുന്നതാണു മറ്റൊരു വിദ്യ. ഇതുവഴി അപകടകാരികളായ
ബാക്‌ടീരിയകളെ ഫിൽറ്റർ ചെയ്‌തു മാറ്റാനാകും. എബി ആന്റണി, എം.എ.ജിതിൻ ഷാ, അനൻ ജോസഫ്
ബെന്നി എന്നിവരുടെ സംഘമാണു 50,000 രൂപയുടെ പുരസ്‌കാരം നേടിയത്. ജിജി
ദേവസിയായിരുന്നു ഗൈഡ്.
ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട
കണ്ടുപിടിത്തങ്ങൾക്കുള്ള പ്രഫ. സതീഷ്‌ജോൺ സ്‌മാരക പുരസ്‌കാരം (60,000 രൂപ) കോളജ്
വിഭാഗത്തിൽ മൂവാറ്റുപുഴ നിർമല കോളജും സ്‌കൂൾ വിഭാഗത്തിൽ (40,000 രൂപ) കോട്ടയം
ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളും നേടി.
മുടിയിഴയിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന സാങ്കേതികവിദ്യ, കാഴ്‌ചശക്‌തിയില്ലാത്തവരെ
അപകടങ്ങളിൽനിന്നു രക്ഷിക്കുന്ന കയ്യുറ, ശരീരത്തിന്റെ ചലനശേഷി നഷ്‌ടപ്പെട്ടവർക്കും
ഓടിക്കാവുന്ന ബൈക്ക്, ഭാരം ചുമക്കൽ എളുപ്പമാകുന്ന ഉപകരണങ്ങൾ തുടങ്ങി പുതുമയും
ഉപയോഗവും ഒത്തുചേരുന്ന കണ്ടുപിടിത്തങ്ങളാണു കുട്ടി ശാസ്‌ത്രജ്‌ഞർ ഒരുക്കിയത്.
ശാസ്‌ത്ര പ്രോജക്‌ടുകൾക്കു പുറമേ ഐഎസ്‌ആർഒയുടെ പവിലിയൻ പ്രദർശനത്തിന്റെ പ്രധാന
ആകർഷണമായി.