2015–16: സീസൺ 6
കേരളത്തിലെ സ്കൂൾ – കോളജ് വിദ്യാർഥികളുടെ 50 അത്യുഗ്രൻ
കണ്ടുപിടിത്തങ്ങളുമായി എത്തിയ യുവ മാസ്റ്റർ മൈൻഡ് പ്രദർശനത്തിന് ആതിഥ്യമരുളിയത്
അക്ഷരനഗരി. കോട്ടയം കെ.സി.മാമ്മൻ മാപ്പിള ഹാൾ ആയിരുന്നു വേദി. ബ്രഹ്മോസ്
സൂപ്പർസോണിക് ക്രൂസ് മിസൈലുകളുടെ ‘പിതാവ്’ ഡോ. എ.ശിവതാണുപിള്ളയായിരുന്നു
മുഖ്യാതിഥി.
കോളജ് വിഭാഗത്തിൽ തലശേരി കോളജ് ഓഫ് നഴ്സിങ്ങാണ് ഒന്നാം സമ്മാനം
(ഒരുലക്ഷം രൂപ) നേടിയത്. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികൾക്ക് ആവശ്യമായ പ്രാണവായു
ക്ഷണനേരം കൊണ്ട് ഉണ്ടാക്കി നൽകുന്ന ‘പ്രാണ’ എന്ന ഇൻസ്റ്റന്റ് ഓക്സിജൻ ജനറേറ്ററാണ്
ഇവർ ഒരുക്കിയത്. കെ.വി.സുരഭി, കെ.വി.ചിഞ്ചു, ജ്യോൽസ്ന മാത്യു, കരോളിന മരിയ, ജിലിയ
മരിയ എന്നിവരായിരുന്നു ടീം അംഗങ്ങൾ. ഷെറിങ് പോൾ, പി.ബിനുജ എന്നിവർ ഉപദേശകരായി.
കുഞ്ഞൻ വാക്വം ക്ലീനറിന്റെ അത്ര വലുപ്പമം മാത്രമുള്ള ‘പ്രാണ’യിൽ ഹൈഡ്രജൻ
പെറോക്സൈഡ് ഡീകംപോസിഷൻ റിയാക്ഷനിലൂടെയാണു പ്രാണവായു നിറയുന്നത്. മുകളിലെ ലിഡിൽ
കയ്യമർത്തിയാൽ ടപ്പേന്നു പറയും മുൻപേ റിയാക്ഷൻ നടക്കും. ഫലമോ നല്ല ഒന്നാന്തരം
ഓക്സിജൻ ഉണ്ടാകും. ഇതിനൊപ്പം കുറച്ചു വെള്ളവും. ഈ വെള്ളത്തിൽനിന്നു ശുദ്ധവായു
വേർതിരിച്ചെടുക്കാം.
സാധാരണ ഉപയോഗിക്കുന്ന ഓക്സിജൻ സിലിണ്ടറുകളുടെ ഭാരം 22
കിലോയാണ്. പ്രാണയുടേതാകട്ടെ വെറും 2 കിലോയും. തോൾബാഗിലിട്ടു കൊണ്ടുനടക്കാം.
പൊതുസ്ഥലങ്ങളിൽ ഫയർ എക്സ്റ്റിൻഗ്വിഷർ വയ്ക്കുന്നതുപോലെ ജീവൻരക്ഷാമാർഗമായി ‘പ്രാണ’
ഉപയോഗപ്രദമാകും.
കുളവാഴ കംപോസ്റ്റ് കൊണ്ടുള്ള ഗ്രോബാഗിൽ കൃഷിചെയ്തു
വിളവെടുത്തു കാണിച്ച ചങ്ങനാശേരി എസ്ബി സ്കൂളിന്റെ പ്രോജക്ടിനാണു സ്കൂൾ വിഭാഗത്തിൽ
ഒന്നാം സമ്മാനം (50,000 രൂപ). കേരളത്തിലെ മണ്ണിൽ അധികം വിളയാത്ത ഉരുളക്കിഴങ്ങ്,
കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങുവർഗങ്ങൾക്കു പുറമേ മല്ലിയിലയും ചീരയുമെല്ലാം
കുളവാഴ ഗ്രോബാഗിൽ തഴച്ചുവളരും. വലവിരിച്ചു കുളവാഴ വാരുന്നതിനായുള്ള സംവിധാനം ഇവർ
വികസിപ്പിച്ചെടുത്തു. വാരിയെടുത്ത കുളവാഴയെ ഈർപ്പം മുഴുവൻ നഷ്ടമാകാത്ത വിധം മൂന്നു
ദിവസം ഉണക്കുന്നു. തുടർന്ന് 4:1 എന്ന അനുപാതത്തിൽ ചാണകം ചേർത്ത് 30–40 ദിവസം കൊണ്ടു
കമ്പോസ്റ്റ് ആക്കി മാറ്റുന്നു. ഇതോടൊപ്പം ഉമി ചേർത്താണ് ഗ്രോ ബാഗ് നിർമിക്കുന്നത്.
കുളവാഴ ‘ബ്രിക്സു’കളും ഇത്തരത്തിൽ നിർമിക്കാം. ഷാരോൺ ആന്റണി, റൂബിൻ റെജി, മാർട്ടിൻ
ജോമി എന്നിവരുടെ ടീമിനു ഉപദേശം നൽകിയത് ജിജി ദേവസി.
പാഴ്വസ്തുക്കളുടെ
പുനരുപയോഗത്തിനു പ്രഫ. സതീഷ് ജോൺ സ്മാരക പുരസ്കാരം തിരുവനന്തപുരം ജോൺ കോക്സ്
മെമ്മോറിയൽ സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്വന്തമാക്കി. ഉപയോഗശൂന്യമായ
കടലാസിൽനിന്നു മരത്തടിയോളം ബലമുള്ള പേപ്പർ സ്റ്റിക്കുകൾ തയാറാക്കിയതിനാണ് 60,000
രൂപയുടെ പുരസ്കാരം.