നമശ്ശിവായം

ദേവി ജെ. എസ്

കുറെ നാളായി സാനിയ എന്നെ അവളുടെ വീട്ടിലേക്കു ക്ഷണിക്കുന്നു. അവൾ പല തവണ എന്റെ വീട്ടിൽ വരികയുണ്ടായി. പക്ഷേ എനിക്ക് ഇതുവരെ അങ്ങോട്ട് പോകാനായില്ല. എവിടെയും പോകാൻ അച്ഛൻ അനുവദിക്കാറില്ല. അച്ഛൻ സമ്മതിച്ചാലും അമ്മ വിലക്കും. വളർന്നു വലുതായിട്ടും ഉദ്യോഗസ്ഥയായിട്ടും കുട്ടിക്കാലത്തെ ആ രീതിക്കു മാറ്റമൊന്നുമില്ല. നിശബ്ദയായി അനുസരിക്കുന്ന ഈ മകൾ ഇത്തവണ ശാഠ്യം പിടിച്ചു .
"എത്രനാളായി സാനിയയും ഞാനും ഒരേ ഓഫീസിൽ ജോലി ചെയ്യുന്നു. എത്ര തവണ അവളിവിടെ വന്നു. ഏട്ടൻ കൂട്ടുകാരുടെ വീടുകളിലൊക്കെ പോകാറില്ലേ? ഏട്ടന്റെ സ്നേഹിതർ ഇവിടെയും വരാറുണ്ട് ". ഞാൻ എനിക്കുവേണ്ടി ശുപാർശ മുറുക്കി.

"നീ പെണ്ണല്ലേ ? കല്യാണം നോക്കിക്കൊണ്ടിരിക്കയല്ലേ "എന്നൊക്കെയുള്ള പതിവു പല്ലവികൾ പാടാൻ അമ്മ തുനിഞ്ഞില്ല. കാരണം അതേത്തുടർന്നുള്ള വാദപ്രതിവാദങ്ങൾ ഞങ്ങൾക്കിരുവർക്കും സുപരിചിതം. ഏതായാലും ഫെമിനിസത്തിന്റെ വാളെടുക്കാനൊന്നും മുതിരാതെ ഞാൻ മുഖം വാടി ഇരുന്നു. അതു കണ്ടു മനസ്സ് വാടിയ ഏട്ടൻ ശരം തൊടുത്തു.

"അവളെന്താ സ്കൂൾ കുട്ടിയാണോ? കൂട്ടുകാരിയുടെ വീട്ടിൽ അവളൊന്നു പോയിവന്നാലെന്താ? ഏട്ടന്റെ വാക്കിന് എതിർവാക്കില്ല. ഒരു ചെറിയ മൂളലിൽ അച്ഛന്റെയും അമ്മയുടെയും സമ്മതമൊതുങ്ങി. ‘I love my big brother’ ഏട്ടൻ കേൾക്കാൻ മാത്രം ഉറക്കെ ഞാൻ അമ്മയോടു പറഞ്ഞു.
അങ്ങനെ ഒരു മധ്യാഹ്നത്തിൽ സാനിയയും ഞാനും അരദിവസം ലീവ് എഴുതിക്കൊടുത്ത് ഓഫീസിൽനിന്ന് മുങ്ങി. പിന്നെ പൊങ്ങിയത് രണ്ടു മണിക്കൂർ നീണ്ട ഒരു ബസ് യാത്രയ്ക്കു ശേഷം അവളുടെ വീട്ടുപടിക്കൽ .! അതി പുരാതനമായ ഒരു സൗധത്തിനു മുന്നിൽ ഞാൻ അമ്പരന്നു നിന്നു.
'ഇതാ വീട് ?" ഞാൻ അതിശയിച്ചു.
"അതെ, പണ്ടത്തെ വീടാണെന്നേ... ഞാൻ പറഞ്ഞിട്ടില്ലേ"
"ഉവ്വ് ..പക്ഷേ .."ഞാൻ പിറുപിറുത്തു.
ഒരു വലിയ ഇരുമ്പു ഗേറ്റിനുള്ളിൽ ഒരു പടുകൂറ്റൻ പടിപ്പുര നിലകൊള്ളുന്നു.
"ഗേറ്റ് അത്ര പഴയതല്ല  കേട്ടോ " സാനിയ ഗേറ്റു തുറന്നു. ഗേറ്റിനും പടിപ്പുരയ്ക്കുമിടയിൽ ഞാൻ തരിച്ചു നിന്നു. പടിപ്പുരയിലേക്കു നടക്കുമ്പോൾ എന്റെ കാലിടറി. ഉയർന്ന ഒരു പടിക്കെട്ടിനു മീതെ കാലുയർത്തി വെച്ചു കടന്നപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റി. മുന്നോട്ടു നടക്കുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി. ഈ പടിപ്പുര ....!
"മുൻപ് ഈ ഇരുമ്പു ഗേറ്റ് ഉണ്ടായിരുന്നില്ല അല്ലെ ? ഞാൻ പതുക്കെ ചോദിച്ചു.
."മുൻപ് എന്നുപറഞ്ഞാൽ .... എന്റെ ഗ്രാന്റ് പാ പണിഞ്ഞതാണ്. പത്തമ്പതു കൊല്ലമായിക്കാണും ".

വിശാലമായ മുറ്റത്തിനിരുവശവും ഒരുപാടു ചെടികൾ. എന്റെ കണ്ണുകൾ മിഴിഞ്ഞുപോയി. അതിപുരാതനമായൊരു കൊട്ടാരം ഇതാ മുന്നിൽ. മരം കൊണ്ടു തീർത്ത പൂമുഖത്തിന്റെ ഉമ്മറത്തൂണിൽ ഒരു പിച്ചളത്തകിടിൽ ഒരു പേര് - നമശ്ശിവായം!
"ഇത് പഴയ വീട്ടുപേരാണ്. ഈ തറവാട് വാങ്ങിയപ്പോൾ ഗ്രാന്റ് പാ പേര് മാറ്റിയില്ല. ആ പേര് ഒരു മന്ത്രമാണത്രെ"
എന്റെ മുഖഭാവം കണ്ട് സാനിയാ പറഞ്ഞു.

ഇതെന്ത് ? സാനിയ ജോർജ് എന്ന ക്രിസ്ത്യാനിപ്പെണ്ണിന്റെ, മിസ്റ്റർ ജോർജ് ജേക്കബ് എന്ന അവളുടെ ഡാഡിയുടെ, മിസ്സിസ് മറിയം ജോർജെന്ന അവളുടെ മമ്മിയുടെ, സിൽവിയ ജോർജെന്ന അവളുടെ അനുജത്തിയുടെ, വീട്ടുപേര് നമശ്ശിവായം! ഞാൻ സ്തബ്ധയായിപ്പോയി. ഈ പേരിനെപ്പറ്റി സാനിയ പറഞ്ഞിട്ടേയില്ല.

ഉയരം കുറഞ്ഞ കനത്ത മച്ചിനെ താങ്ങുന്ന അനേകം തൂണുകളുള്ള പൂമുഖത്തേക്ക് സാനിയയുടെ പിന്നാലെ കടക്കുമ്പോൾ മരപ്പടിയിൽ വീണ്ടുമെന്റെ കാലിടറി. ഒത്ത നടുവിൽ ഒരായിരം വർഷം പഴക്കമുള്ള, ഒരുപാടു തട്ടുകളിൽ അറുപതു തിരിയിടാവുന്ന തൂക്കുവിളക്ക് ക്ലാവു പിടിച്ചങ്ങനെ തൂങ്ങിക്കിടക്കുന്നു.
"ഡാഡിയുടെ പപ്പയ്ക്ക്, ഐ മീൻ എന്റെ ഗ്രാന്റ് പായ്ക്ക് ഈ പുരാവസ്തുക്കളോടു വലിയ കമ്പമായിരുന്നു. പുള്ളിയുടെ പൂർവികർ അൽപകാലം മുൻപു വരെ ഹിന്ദുക്കളായിരുന്നത്രെ. പടിപ്പുര അങ്ങനെ നിൽക്കട്ടെ, പൂമുഖം ഇങ്ങനെത്തന്നെ ഇരിക്കട്ടെ എന്നൊക്കെ പുള്ളി നിശ്ചയിച്ചു. എന്തൊരു ഭാവന അല്ലേ?" സാനിയ വാചാലയായി.

പൂമുഖം കടന്ന് അകത്തേക്കു നടക്കുമ്പോൾ വല്ലാത്തൊരു ഉൾപ്രേരണയാൽ ഞാൻ തിരിഞ്ഞുനിന്നു. ക്ലാവു പിടിച്ച ആ വിളക്ക് സ്വർണം പോലെ വെട്ടിത്തിളങ്ങുന്നു. അഴിഞ്ഞുലയുന്ന മുടിയുമായി സൂര്യപട റൗക്കയിട്ട്, കസവുമുണ്ടുടുത്ത്, ഒരു പതിനാലുകാരി എണ്ണ നിറഞ്ഞ ആ വിളക്കിലെ ആയിരത്തിരികൾ ഒന്നൊന്നായി കൊളുത്തുന്നു. ആ ദീപപ്രഭയിൽ മച്ചിലെ പിച്ചളച്ചിമിഴുകളും തൂണുകളിലെ ശില്പഭംഗിയും ചുമർചിത്രങ്ങളും മിന്നിത്തെളിയുന്നു. ഞാനങ്ങനെ തിരിഞ്ഞു തന്നെ നിന്നു. എന്റെ കാഴ്ച മങ്ങി. തലചുറ്റിത്തുടങ്ങി. പെട്ടന്നു ഞാൻ സാനിയയുടെ കയ്യിൽ പിടിച്ചു.
"വരൂ വരൂ, എന്താ അവിടെത്തന്നെ നിന്നുകളഞ്ഞത്. എന്താ സാനിയ ഇത്... " അവളുടെ മമ്മിയാണ്.

ഇരുളടഞ്ഞ ആ പൂമുഖത്തുനിന്ന് ഞങ്ങൾ ഒരു ഉഗ്രൻ ഡ്രായിങ്ങ് റൂമിലേക്കു പ്രവേശിച്ചു. എന്തൊരു മായാലോകം. പുതുമയുടെയും പഴമയുടെയും മനോഹരമായ ചേർച്ച ! കുഷനുകളിട്ട സിംഹാസനങ്ങൾ, ഷോ കേസുകൾ, ടീപോയ്‌കൾ !
‘ഇരിക്കൂ ...അനന്തിതേ എത്രനാളായി നിന്നെ കാത്തിരിക്കുന്നു ഈ വീടും ഞങ്ങളും’ ഒരു സിനിമ ഡയലോഗ് പോലെ സാനിയയുടെ മധുരസ്വരം. തുടർന്ന് ഒരു മണികിലുക്കം പോലെ അവൾ ചിരിച്ചു. അവളുടെ മമ്മിയെ നോക്കി ഞാൻ ചിരിച്ച ചിരി വിളറിപ്പോയി.
"ബസ്‌യാത്ര. ക്ഷീണിച്ചു അല്ലേ ? ഞാൻ കുടിക്കാനെടുക്കട്ടെ ".
ബൈക്കിലാണ് സാനിയ ഓഫീസിൽ വരുന്നത്. അവളുടെയാ പറക്കും ശകടത്തിൽ കയറാനുള്ള എന്റെ ഭയം കൊണ്ടാണ് യാത്ര ബസിലായത്.
"അരമുക്കാൽ മണിക്കൂറിനു പകരം രണ്ടു മണിക്കൂർ. ഹോ നിന്റെയൊരു പേടി കാരണം " സാനിയ മുഖം ചുളിച്ചു.
അപ്പോൾ അകത്തുനിന്ന് സാനിയയുടെ ഡാഡി പ്രത്യക്ഷപ്പെട്ടു .
അല്പം നരച്ച മുടി. കട്ടിക്കണ്ണട. ചാരനിറമുള്ള പാന്റ്. വെളുത്ത ഷർട്ട്. ഞാൻ എഴുന്നേറ്റു തൊഴുതു. അദ്ദേഹവും പ്രത്യഭിവാദനം ചെയ്തു.
"അനന്തിത അല്ലെ ? സാനിയ പറഞ്ഞിരുന്നു. ഇരുന്നോളു ".

തലസ്ഥാന നഗരിയിലെ, മഹാരാജാവിന്റെ ആ പഴയ കോളേജ്!
ഉയർന്ന പ്ലാറ്റ്‌ഫോമിൽ അയഞ്ഞ ജുബ്ബയും മുണ്ടും ധരിച്ച പ്രൊഫസർ. താഴെ മുൻവരിയിലെ ബഞ്ചിൽ ഒന്നുരണ്ടു പെൺകുട്ടികൾ. പിന്നിൽ ആൺകുട്ടികൾ. അതും ഏഴെട്ടു പേർ മാത്രം. ഷേക്‌സ്‌പിയർ വരികൾ അനർഗ്ഗളമായൊഴുകുന്നു.
"ഡൂ യൂ ലവ് മീ ". "ഓ ഹെവൻ, ഓ എർത്ത്, ബെയർ വിറ്റ്നസ് റ്റു ദിസ് സൗണ്ട്. ബിയോണ്ട് ലിമിറ്റ് ഡൂ ലവ് "
കറുത്ത കരയുള്ള മുണ്ടും നേര്യതും ധരിച്ച ഒരു പെൺകുട്ടി പ്രൊഫസറുടെ മുഖത്തു തന്നെ കണ്ണു നട്ടിരിക്കുന്നു. ബഞ്ചിലിരിക്കുന്ന അവളുടെ നീണ്ട തലമുടി നിലത്തിഴയുന്നതവൾ അറിയുന്നില്ല. ടെംപെസ്റ്റിൽ അവൾ അത്രമാത്രം മുഴുകിപ്പോയി. പിന്നിലെ ബഞ്ചിലെ കുസൃതിയായ സഹപാഠി ആ മുടിപ്പിന്നൽ ശ്രദ്ധാപൂർവമെടുത്ത് ബഞ്ചിൽ വച്ചുകൊടുക്കുന്നു .ആയിരത്തിത്തൊള്ളായിരത്തി .... എത്രാമാണ്ടാണത് ....... ഞാൻ തല പുകഞ്ഞു. കണ്ണ് മിഴിച്ചു.
ട്രേയിൽ ഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടിയ ജലതരംഗം എന്നെ ഞെട്ടിച്ചു. സാനിയയുടെ മമ്മി ഓറഞ്ച് നിറം നിറച്ച ഗ്ലാസ്സുകളുമായി മുന്നിൽ. ഞാൻ വിറയ്ക്കുന്ന കൈകൾ കൊണ്ട് ഒരു ഗ്ലാസ്സെടുത്ത് തണുത്ത ജ്യൂസ് ഒറ്റവലിക്കു കുടിച്ചു .സാനിയയുടെ ഡാഡിയെ പിന്നെ അവിടെ കണ്ടില്ല.
"വാ നിനക്ക് വീട് കാണണ്ടേ ?" സാനിയ എഴുന്നേറ്റു, പിന്നാലെ ഞാനും.

അകത്ത് പഴയ നാലുകെട്ടിന്റെ പുതിയ മുഖം. അറയും നിരയുമൊക്കെത്തന്നെ. "കുറെയൊക്കെ പൊളിച്ചുകളഞ്ഞു. എന്തുമാത്രം കൊത്തുപണികളും കോണിപ്പടികളും മുറികളും ഉണ്ടായിരുന്നെന്നോ ? വുഡ് പാനലിങ്ങും ഫർണീച്ചറുമെല്ലാം ഗ്രാന്റ് പാ ആ തടിയിൽത്തന്നെ തീർത്തു. ഡാഡി പറഞ്ഞതാണ്". സാനിയ വീടിന്റെ ആഢ്യത്വം വർണിച്ചു. ശരി തന്നെ. മരത്തിൽ മനോഹരചിത്രങ്ങൾ രചിച്ചിട്ടുള്ള പാളികൾ പതിച്ച ചുമരുകളിൽ ഞാൻ തൊട്ടു തലോടി. കടഞ്ഞെടുത്ത ഫർണിച്ചർ അലങ്കരിക്കുന്ന മുറികൾ ഒരു മ്യൂസിയം പോലെ.

"പഴയ ചില അറകൾ പൊളിച്ചപ്പോൾ ഗ്രാന്റ് പാ യ്ക്ക് നിധി കിട്ടി എന്നാണ് പറയപ്പെടുന്നത്. അതെന്തോ? പുള്ളി നേരത്തെ തന്നെ വളരെ റിച്ചാണ്. ക്ഷയിച്ചു ക്ഷയിച്ച് അന്യം നിൽക്കാറായപ്പോഴാണ് അവരിതു വിറ്റത്. പിന്നെന്തു നിധി?" സാനിയ കഥ പറഞ്ഞു കൊണ്ടേയിരുന്നു.
നിധി ... നിധി ... പാലയ്ക്കാമാലകൾ, നാഗപടത്താലികൾ, ഒഡ്യാണങ്ങൾ, കാപ്പുകൾ, കാൽത്തളകൾ, ശരപ്പൊളി മാലകൾ, കാശുമാലകൾ....... എല്ലാമെല്ലാം... എവിടെ? എവിടെ?

"സാനിയ " അവളുടെ മമ്മി ഉറക്കെ വിളിച്ചതു കേട്ട് വീണ്ടും ഞാൻ ഞെട്ടിത്തെറിച്ചു.
ഊൺമേശയിൽ നിരന്ന വിഭവങ്ങൾക്കു മുന്നിൽ ഞങ്ങൾ ഇരുന്നു. സാനിയയുടെ മമ്മി വാത്സല്യത്തോടെ വിളമ്പുകയാണ്. കയ്യിൽ തിളങ്ങുന്ന സ്വർണ വളകൾക്കും കൈത്തണ്ടയ്ക്കും ഒരേ നിറം . വളകൾ കിലുങ്ങുന്നുവോ ? കാറ്റിൽ ഇലഞ്ഞിപ്പൂക്കളുടെ മണം പരക്കുന്നുണ്ടോ ? നിലത്തു ചമ്രം പടഞ്ഞിരിക്കുന്നതാര് ? മടിയിൽ വീണ .... ഏതു രാഗമാണു മീട്ടുന്നത് ..... ?ശിവരഞ്ജിനി. വെള്ളപ്പുടവയുടുത്തിരിക്കുന്ന ഈ വാണീ ദേവി.... ഈ മഞ്ചൽ രാഗലഹരിയിൽ ആടി ഉലയുന്നു .... ആടിയാടി താളമിട്ടിരുന്ന എന്റെ കൈതട്ടി കപ്പു മറിഞ്ഞപ്പോൾ ഞാൻ പിന്നെയും ഞെട്ടി. ചൂടു ചായ മേശയുടെ ഇരുണ്ട ഗ്ലാസ് പ്രതലത്തിൽ പരന്നൊഴുകി. ഞാൻ വല്ലാതായി.
"ഓ സാരമില്ല. ശാന്തേ .... ദാ  ഇതൊന്നു തുടയ്ക്കൂ" മമ്മി വിളിച്ചു .
ശാന്തയോ? കാർത്യായനി, ഗോമതി, ഭാമ .. എന്തായിരുന്നു പേര് ? ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചു. ഛെ. മറന്നല്ലോ. അപ്പോഴതാ അകത്തു നിന്നൊരു പെണ്ണ് ഒരു ടവലുമായി വന്ന് മേശ തുടച്ചു. അവൾ എന്നെ നോക്കി ചിരിച്ചു.
"ഇനിയുമുണ്ട് ഇവിടെ കാഴ്ചകൾ. വാ "സാനിയ എഴുന്നേറ്റു.
ഞങ്ങൾ പിന്നാമ്പുറത്തേക്കു നടന്നു.

"ദേ അവിടെ വലിയ ഒരു കുളമുണ്ട്. ചുറ്റും മതിലും ഇറങ്ങാൻ പടിക്കെട്ടുമുണ്ട്. ഒക്കെ ഇടിഞ്ഞു പൊളിഞ്ഞിട്ടാ ... നല്ല രസമാ നോക്കി നിൽക്കാൻ."
സാനിയയും ഞാനും കുളക്കരയിലേക്കു നടന്നു. പടവുകളിൽ ഇറങ്ങാതെ ഞങ്ങൾ നോക്കി നിന്നു.
"എങ്ങനെയുണ്ട് ? ഭൂതകാലത്തിലേക്കങ്ങ് ഇറങ്ങിപ്പോകാം, അല്ലെ അനന്തിതേ " മണികിലുങ്ങുംപോലെ സാനിയ ചിരിച്ചു.
ശരി തന്നെ. എണ്ണയുടെയും വാകപ്പൊടിയുടെയും താളിയുടെയും കസ്തൂരിമഞ്ഞളിന്റെയും സമ്മിശ്ര ഗന്ധം എന്റെ മൂക്കിലൂടെ പടർന്നു കയറി.
‘ചേച്ചീ ചേച്ചീ ...’ വിളികേട്ടു ഞങ്ങൾ തിരിഞ്ഞു. സിൽവിയ ഓടി വന്നു. കോളേജിൽ നിന്നുള്ള വരവാണ്.
‘അനന്തിത ചേച്ചി വന്നിട്ടുണ്ടെന്ന് മമ്മി പറഞ്ഞു’ അവൾ ഉത്സാഹത്തോടെ എന്റെ കൈ പിടിച്ചു.
"ഇങ്ങോട്ടൊന്നും വരാൻ മമ്മി സമ്മതിക്കില്ല. ഇപ്പൊ ഈ ചേച്ചി വന്നതു കൊണ്ടാ " 
അവളുടെ കണ്ണുകളിൽ ഒരു നിലവിളക്കിലെ തിരിനാളങ്ങൾ തെളിയുന്നു? സൂര്യപടവും കസവു മുണ്ടും എവിടെ ? മിഡിയും ടോപ്പുമിട്ട ഈ പതിന്നാലുകാരി ആരാണ്?

"ചില അന്ധവിശ്വാസങ്ങളൊക്കെയുണ്ട് ഈ കുളത്തെപ്പറ്റി. ഡാഡിക്ക് അതിലൊന്നും വിശ്വാസമില്ല. എന്നാലും അങ്ങ് നികത്തിക്കളയാൻ ഒരു വിഷമം" സാനിയ ഗൗരവം പൂണ്ടു.
"ഇടയ്ക്കിടെ ആമ്പൽ വളരും. നിറയെ പൂക്കും. എന്തു ഭംഗിയാണെന്നോ ? പിന്നെ അതെല്ലാം ഉണങ്ങി അഴുകി മറയും. പിന്നെയും കിളിർത്തു വരും" സിൽവിയ ആവേശത്തോടെ പറഞ്ഞു.
ഞാനാ കുളത്തിലേക്കു തന്നെ നോക്കി നിന്നു. നിറയെ പൂത്തു നിൽക്കുന്ന ആമ്പലുകൾക്കിടയിൽ കമഴ്ന്നു പൊന്തിക്കിടക്കുന്നു ഒരു പെൺകുട്ടി. അവളുടെ കറുത്ത് ചുരുണ്ടിരുണ്ട മുടി വെള്ളത്തിൽ ചിതറി ഓളങ്ങളിൽ ഇളകുന്നു. ഒരു നിലവിളി എന്റെ തൊണ്ടയിൽ കുടുങ്ങി.
" വാ സാനിയ പോകാം ... പോകാം" ഞാൻ കിതപ്പോടെ പറഞ്ഞു .
എന്റെ പരിഭ്രമം അവളെ അദ്‌ഭുതപ്പെടുത്തിയിരിക്കാം .
"നേരം ഒരുപാടായില്ലേ " ഞാൻ പറഞ്ഞു. സാനിയ മുന്നിലും എന്റെ കൈയിലെ പിടി വിടാതെ സിൽവിയയും ഞാനും പിന്നിലുമായി തിരിഞ്ഞു നടന്നു. സാനിയയുടെ മുടിയഴക് ഇതിനു മുൻപ് ഞാൻ ശ്രദ്ധിച്ചിട്ടില്ലേ? ചുരുണ്ടിരുണ്ട മുടി കാറ്റിൽ ഇളകുന്നു. ഓടി രക്ഷപ്പെടാൻ എന്റെ മനസ്സ് വെമ്പി.
വീട്ടിലെത്തിയതും ഞാൻ ധൃതി കൂട്ടി.
".ഇനി ഇറങ്ങാം. ഇരുട്ടിപ്പോകും.."
"ഏയ് ഏഴു മണിക്ക് നീ എത്തും, എന്നത്തേയും പോലെ " സാനിയ സമാധാനിപ്പിച്ചു .
അനന്തിതയെ ബസ് കേറ്റി വിട്ടിട്ടു വരാം മമ്മീ " സാനിയ എന്നോടൊപ്പം ഇറങ്ങി .
ഡാഡിയും മമ്മിയും സിൽവിയയും നോക്കി നിൽക്കുന്നു. ഒന്നു തിരിഞ്ഞു നോക്കി യാത്രാമൊഴിയോതി ഞാൻ നടന്നു, ഒപ്പം സാനിയയും. ഒന്നുകൂടി തിരിഞ്ഞു നോക്കിയാൽ മായക്കാഴ്ചകൾ എന്നെ പിന്നിലേക്കു പിടിച്ചുവലിക്കുമെന്നു ഞാൻ ഭയന്നു.
‘ഇല്ല. എനിക്കറിയില്ല. ഒന്നുമറിയില്ല. ഈ നമശ്ശിവായത്തിൽ ഇതിനു മുൻപ് ഞാൻ വന്നിട്ടില്ലല്ലോ’ എന്നോടു തന്നെ ഞാൻ ഉരുവിട്ടുകൊണ്ടു നടന്നു .ബസ്സിലിരിക്കുമ്പോഴും എന്റെ മനസ്സ് ശാന്തമായിരുന്നില്ല. ഏട്ടനോടു മാത്രം എല്ലാമൊന്നു പറയണം- ഞാനുറപ്പിച്ചു.

© Copyright 2017 Manoramaonline. All rights reserved....
റെയിൽ പാത അവസാനിക്കുന്നിടത്ത്
പിതാമഹൻ
കുട്ടിപ്പ്രേതം
വശ്യമോഹിനി യന്ത്രം
പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്
മറക്കല്ലേ ഈ മഴക്കാലം
തത്വചിന്ത.
ദൈവദേശത്ത്.
ചരിത്രം പറയാത്ത ചില രഹസ്യങ്ങൾ....
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കാണാപ്പുറങ്ങൾ...
ഒരു പള്ളിക്കൂടം കഥ.
രാഷ്ട്രം.