34.26 കോടി രൂപ മുടക്കി ഇടവയിൽ നിർമിക്കുന്ന രാജ്യാന്തര നിലവാരത്തിനുള്ള ഇൻഡോർ സ്റ്റേഡിയം കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന ജില്ലയിലെ മികച്ച സ്റ്റേഡിയങ്ങളിലൊന്നായിരിക്കും. തോമസ് സെബാസ്റ്റ്യൻ സ്റ്റേഡിയത്തിന്റെ നിർമാണം 70% പൂർത്തിയായി. നീന്തൽക്കുളം, ചുറ്റുമതിൽ എന്നിവ പൂർത്തിയാക്കി. ഈ സർക്കാർ കാലയളവിൽ നിർമാണം പൂർത്തിയാക്കും. ദേശീയ ജലപാത കടന്നു പോകുന്ന വർക്കല നിയോജക മണ്ഡലത്തിലെ 2 ടണലുകളുടെ നവീകരണത്തിന് 90 കോടിയാണു കിഫ്ബി വഴി ചെലവാക്കുന്നത്. ടണലുകൾ വൃത്തിയാക്കി. ശിവഗിരിയിൽ തുടങ്ങുന്ന 900 മീറ്റർ നീളമുളള ടണലിൽ ശ്രീനാരായണ ഗുരുവിന്റെയും ചെറിയ ടണലിൽ തിരുവിതാംകൂർ രാജവംശത്തിന്റെയും സംഭാവനകൾ പ്രതിപാദിക്കുന്ന ശിൽപ, ചിത്രപ്പണികൾ ഉടൻ ആരംഭിക്കും. വർക്കല മോഡൽ എച്ച്എസ്എസ് നവീകരണവും ഉടൻ പൂർത്തിയാക്കും.
221 കോടിയുടെ പദ്ധതികളാണു കിഫ്ബി വഴി ആറ്റിങ്ങൽ മണ്ഡലത്തിൽ അനുവദിച്ചിരിക്കുന്നത്. ഇതിൽ 32 കോടി ചെലവഴിച്ച് ദേശീയപാത എംസി റോഡുമായി യോജിപ്പിക്കുന്ന പദ്ധതി ഒരു മാസത്തിനകം ഉദ്ഘാടനം ചെയ്യും. റോഡ് നിർമാണം പൂർത്തിയായെങ്കിലും ലൈനിങ് പോലുള്ള ചെറിയ നിർമാണങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ നവീകരണോദ്ഘാടനം നടത്തി. ആറ്റിങ്ങൽ ഗവ. കോളജിൽ ഡിജിറ്റൽ ലൈബ്രറി സജ്ജീകരിക്കുന്നതും കിഫ്ബി വഴിയാണു നടപ്പാക്കുന്നത്. മണ്ഡലത്തിൽ കിഫ്ബി വഴി നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതി പുളിമാത്ത്–നഗരൂര്– കരവാരം കുടിവെള്ള പദ്ധതിയാണ്. ഇതിനായി 9 ഇടങ്ങളിൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. രണ്ടിടത്തു സ്ഥലം വില കൊടുത്തു വാങ്ങണം. നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കാനാണു തീരുമാനം.
മണ്ഡലത്തിൽ 15 പദ്ധതികൾക്കായി 800 കോടി രൂപ അനുവദിച്ചു. ചിറയിൻകീഴ് റെയിൽവേ മേൽപാലം നിർമാണത്തിന് 25.08 കോടിയും ഭൂമി ഏറ്റെടുക്കാൻ 11 കോടിയും അനുവദിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയാക്കി ഉയർത്താൻ 70 കോടിയുടെ നിർമാണം നടക്കുന്നു. പൈതൃക മന്ദിരം പൂർത്തിയായി. 5 നില കെട്ടിടവും പൂർത്തിയാകുന്നു. തീരദേശ ഹൈവേയ്ക്ക് 80 കോടി അനുവദിച്ചു. 56 കോടിക്ക് ജി.വി.രാജ സെന്റർ ഫോർ എക്സലൻസ് സ്പോർട്സ് കോംപ്ലക്സ് വരുന്നു. ലൈഫ് സ്റ്റൈൽ പാർക്കിനു തോന്നക്കലിൽ 86 ഏക്കർ ഏറ്റെടുത്തു. 301 കോടി അനുവദിച്ചു. മുതലപ്പൊഴിയിൽ തീരസംരക്ഷണഭിത്തി കെട്ടാൻ 18.31 കോടി അനുവദിച്ചു. കരാർ ഉടൻ. മുദാക്കൽ പഞ്ചായത്തിൽ ശുദ്ധജല പദ്ധതിക്കു 36.10 കോടിയും ഇളമ്പ ഹയർ െസക്കൻഡറി സ്കൂളിന് 5 കോടിയും കായിക്കരയെയും വക്കത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന് 25 കോടിയും അനുവദിച്ചു. കടയ്ക്കാവൂർ, ചിറയിൻകീഴ്, അഞ്ചുതെങ്ങ് പഞ്ചായത്തുകളുടെ ശുദ്ധജല പദ്ധതിയുടെ (18.28 കോടി) നിർമാണം 8നു തുടങ്ങും. മുതലപ്പൊഴി– ആലംങ്കോട് –കടയ്ക്കാവുർ–അഞ്ചു തെങ്ങ് വികസനത്തിന് 44.65 കോടി അനുവദിച്ചു. കരാർ ഉടൻ.
മണ്ഡലത്തിൽ 18 പദ്ധതികൾക്കാണു കിഫ്ബി അംഗീകാരം ലഭിച്ചത്. 3 റോഡുകൾ, 12 സ്കൂളുകൾ, ഒരു കോളജ്, ഒരു സർക്കാർ ഓഫിസ്, അറവുശാല നിർമാണം എന്നിവയാണവ. വഴയില – പഴകുറ്റി – കച്ചേരി നട - 11-ാം കല്ല് 4 വരിപ്പാത വികസനത്തിന് 415.43 കോടിയുടെ പദ്ധതി കിഫ്ബിക്കു സമർപ്പിച്ചു. സ്ഥലമേറ്റെടുക്കാൻ 59.22 കോടി അനുവദിച്ചു. അലൈൻമെന്റ് പൂർത്തിയായി, കല്ലിടൽ കഴിഞ്ഞു. ആദ്യഘട്ട നിർമാണം ഈ വർഷം തുടങ്ങും. പഴകുറ്റി - മംഗലപുരം റോഡ് 15 മീറ്റർ വീതിയിൽ രണ്ടുവരിപ്പാതയായി 20 കിലോമീറ്ററാണു നവീകരിക്കുന്നത്. ഇതിനായി ബജറ്റിൽ 200 കോടിയുണ്ട്. 120.95 കോടിക്കു സാമ്പത്തിക അനുമതിയായി. ടെൻഡർ ഉടൻ. നെടുമങ്ങാട് - അരുവിക്കര – വെള്ളനാട് റോഡ് (10.5 കിലോമീറ്റർ) നവീകരിക്കാൻ സ്ഥലമേറ്റെടുക്കുന്നതിന് 41.6 കോടി കിഫ്ബി അനുവദിച്ച് കല്ലിടൽ പൂർത്തിയാക്കി. നെടുമങ്ങാട് ജിഎച്ച്എസ്എസിൽ 5 കോടിയുടെ നിർമാണം കഴിഞ്ഞു. ഗവ. കോളജിനു പുതിയ കെട്ടിടം (7.62 കോടി) നിർമിച്ചു തുടങ്ങി. കന്യാകുളങ്ങര ഗവ. ജിഎച്ച്എസ്എസിന് 3 കോടി അനുവദിച്ചു. കന്യാകുളങ്ങര സബ് റജിസ്ട്രാർ ഓഫിസ് നിർമാണം ഒക്ടോബറിൽ പൂർത്തീകരിക്കും. വിദ്യാലയങ്ങളുടെ വികസനത്തിനായി 7 സ്കൂളുകൾക്ക് ഒരു കോടി വീതവും 3 സ്കൂളുകൾക്ക് 3 കോടി വീതവും അനുവദിച്ചു.
മണ്ഡലത്തിൽ 17 പദ്ധതികൾക്കാണു കിഫ്ബിയുടെ അംഗീകാരം ലഭിച്ചത്. 11 സ്കൂളുകളുടെ നിർമാണവും 5 റോഡുകളുടെ നിർമാണവും ഒരു മേൽപാലവും. പാലോട് – ബ്രൈമൂർ റോഡ് നിർമാണമാണ് (49.69 കോടി) ഏറ്റവും വലുത്. റോഡ് നിർമാണം പൂർത്തിയായി. 6 പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന വാമനപുരം –ചിറ്റാർ റോഡിന്റെ (കാരേറ്റ്–പാലോട് റോഡ്) 2–ാം ഘട്ട നിർമാണം (31.09 കോടി) പൂർത്തിയാകുന്നു. വെഞ്ഞാറമൂട് റിങ് റോഡിന്റെ (31.77 കോടി) 60% പണി പൂർത്തിയായി. മുതുവിള–ചെല്ലഞ്ചി–കുടവനാട്–നന്ദിയോട് റോഡിന് 32 കോടി അനുവദിച്ചു. ടെൻഡർ ഉടൻ. വെഞ്ഞാറമൂട് മേൽപാലത്തിന് (25 കോടി) ടെൻഡറായി. വെഞ്ഞാറമൂട് എച്ച്എസ്എസിന് 5 കോടി, കല്ലറ വിഎച്ച്എസ്എസിന് 3 കോടി. ഭരതന്നൂർ ഗവ. എച്ച്എസ്എസ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 3 കോടി അനുവദിച്ചു. മടത്തറക്കാണി ഗവ. എച്ച്എസ് (ഒരു കോടി), ആനാട് ഗവ. എൽപിഎസ് (ഒരു കോടി), ആട്ടുകാൽ ഗവ. യുപി (ഒരു കോടി), ജവഹർ കോളനി ഗവ. എച്ച്എസ് (ഒരു കോടി), പെരിങ്ങമല ഗവ. യുപിഎസ് (1 കോടി), മിതൃമ്മല ഗവ. ജിഎച്ച്എസ് (ഒരു കോടി), മിതൃമ്മല ഗവ. ബിഎച്ച്സ്എസ് (3 കോടി) എന്നിവയും അനുവദിച്ചു. സ്കൂൾ നിർമാണങ്ങൾ അന്തിമഘട്ടത്തിൽ. മിതൃമ്മല ബോയ്സ് എച്ച്എസ്എസിലെ കെട്ടിടം ഉദ്ഘാടനം ചെയ്തു.
717.29 കോടി രൂപയുടെ പദ്ധതികളാണു ഗവ. മെഡിക്കൽ കോളജിന്റെ സമഗ്രവികസനത്തിനു കിഫ്ബി മുഖേന നടപ്പാക്കുക. 135 കോടിയുടെ ശ്രീകാര്യം ഫ്ലൈ ഓവറിനു സ്ഥലമേറ്റെടുക്കാൻ 35 കോടി കൈമാറി. ഉള്ളൂർ ഫ്ലൈ ഓവറിന്റെ ഒന്നാം ഘട്ടം (54.28 കോടി) ആരംഭിച്ചു. പേട്ട-ആനയറ-വെൺപാലവട്ടം റോഡ് വീതികൂട്ടലിന് (63.48 കോടി) അംഗീകാരമായി. പേട്ട - ആനയറ - വെൺപാലവട്ടം ജംക്‌ഷൻ വരെയുള്ള 3 കിലോമീറ്റർ ദൂരം 14 മീറ്റർ വീതിയിൽ വികസിപ്പിക്കും. മണ്ണന്തല - പൗഡിക്കോണം - ശ്രീകാര്യം റോഡ് ഒന്നാം ഘട്ടത്തിന് സ്ഥലമേറ്റെടുക്കൽ തുടങ്ങി. ആക്കുളം കായലിനെ രക്ഷിക്കാൻ 64.13 കോടിയുടെ പുനരുജ്ജീവന പദ്ധതിക്ക് അംഗീകാരമായി. കാര്യവട്ടം ഗവ. കോളജിനു പുതിയ കെട്ടിട സമുച്ചയവും ആധുനിക ക്ലാസ് മുറികളും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നിർമിക്കുന്നതിന് 16 കോടി നൽകിയത്. കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 6 കോടി, .കുളത്തൂർ കോലത്തുകര ഗവ. ഹയർസെക്കൻഡറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കാൻ 6 കോടി, ശബരിമല ഇടത്താവള സമുച്ചയം കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിൽ സ്ഥാപിക്കാൻ 10 കോടി എന്നിവയാണു മറ്റു പദ്ധതികൾ.
ജില്ലയിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചിരിക്കുന്ന (220 കോടി) പദ്ധതികളിലൊന്നാണ് 10.45 കിലോമീറ്റർ നീളം വരുന്ന വട്ടിയൂർക്കാവ് ജംക്‌ഷൻ വികസനം. ഉപതിരഞ്ഞെടുപ്പിൽ എംഎൽഎ ആയ ശേഷമാണു പദ്ധതിക്കായുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അതിർത്തി തിരിച്ച് കല്ലിടൽ പൂർത്തിയാക്കി. ഓണം കഴിഞ്ഞ് ഫോർ വൺ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ ആയിട്ടുണ്ട്. ഈ സർക്കാർ കാലയളവിൽ സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുമെന്ന് ഉറപ്പുണ്ട്. 149 കോടിയുടെ ജനറൽ ആശുപത്രി നവീകരണമാണ് അഭിമാനകരമായ മറ്റൊരു പദ്ധതി. അടുത്ത കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ മാസ്റ്റർ പ്ലാൻ ഡിപിആർ അംഗീകരിക്കും. പട്ടം മേൽപാല നിർമാണവും സെൻട്രൽ പോളിടെക്നിക് നവീകരണവും ഈ കാലയളവിൽ തന്നെ പൂർത്തിയാക്കും.
മണക്കാട് സ്കൂളിന്റെ പുതിയ കെട്ടിടം (5 കോടി കിഫ്ബിയും 2 കോടി എംഎൽഎ ഫണ്ടും) ആണ് ഇതുവരെ പൂർത്തീകരിച്ചത്. ഗവ. വിമൻസ് കോളജ് (2.9 കോടി), സംസ്കൃത കോളജ് (7.5 കോടി), ആർട്സ് കോളജ് (7.89 കോടി), ബീമാപള്ളി ഗവ. യുപിഎസ് (1.25 കോടി) തുടങ്ങിയവയുടെ പദ്ധതികൾക്കു തറക്കല്ലിട്ടിട്ടുണ്ട് എന്നതിനാൽ പ്രതീക്ഷയുണ്ട്. വെള്ളയമ്പലം മുതൽ ആയുർവേദ കോളജ് വരെയുള്ള കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റിയിടാനുള്ള 77.86 കോടിയുടെ പദ്ധതി നഗരത്തിലെ ശുദ്ധജല വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്നതാണ്. സമീപ മണ്ഡലങ്ങൾക്കും പ്രയോജനം നൽകുന്ന നെയ്യാർ–തിരുവനന്തപുരം കുടിവെള്ള പദ്ധതി (206 കോടി) നടപ്പാക്കുന്നതും പ്രയോജനകരമാകും. പാർവതി പുത്തനാർ നവീകരണം, കോട്ടൺഹിൽ സ്കൂളിനു പുതിയ കെട്ടിടം തുടങ്ങിയവ ആരംഭിച്ചിട്ടില്ലെങ്കിലും നടപ്പാക്കുമെന്ന പ്രതീക്ഷയുണ്ട്. ഇൗ പദ്ധതികളെല്ലാം യാഥാർഥ്യമാകുമോ എന്നു ചോദിച്ചാൽ എംഎൽഎ എന്ന നിലയിൽ സ്വാഭാവികമായും സാധ്യമാകണേ എന്നാണു പ്രാർഥന.
നേമം മണ്ഡലത്തിൽ കിഫ്ബിയുടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കാലടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിടം ഉൾപ്പെടെയുള്ള നവീകരണത്തിന് 5 കോടി രൂപയാണു കിഫ്ബിയിൽനിന്നു ചെലവഴിച്ചത്. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും നൽകി. മണക്കാട്–ആറ്റുകാൽ ടെംപിൾ റോഡ് വികസന പദ്ധതി കിഫ്ബിയാണു നടപ്പാക്കുന്നത്. നേമത്ത് റജിസ്ട്രേഷൻ കോംപ്ലക്സ് നിർമിക്കുന്നുണ്ട്. ഇതിനായി 21.60 കോടി രൂപ ചെലവാക്കും കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപറേഷനെയാണു നിർമാണച്ചുമതല ഏൽപിച്ചിരിക്കുന്നത്. മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഒട്ടേറെ റോഡുകൾക്കും കിഫ്ബിയിൽ നിന്നു തുക അനുവദിച്ചു. ചിത്രാഞ്ജലിയിൽ രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ള തിയറ്റർ കോംപ്ലക്സിനു കിഫ്ബി അനുമതി നൽകിയിരുന്നു. പക്ഷേ, അതു കഴക്കൂട്ടം കിൻഫ്ര പാർക്കിലേക്ക് മാറ്റുന്നു. നഗരത്തോടു ചേർന്നു കിടക്കുന്നതും തിരക്കില്ലാത്തതുമായ ചിത്രാഞ്ജലിയാണു ചലച്ചിത്രോത്സവ വേദിയാക്കാൻ ഉചിതം. രാഷ്ട്രീയ തീരുമാനമാണു മാറ്റത്തിനു കാരണമായത്.
മണ്ഡലത്തിൽ 6 പദ്ധതികൾക്കാണു കിഫ്ബിയുടെ അംഗീകാരം ലഭിച്ചത്. ഇതിൽ ഏറ്റവും വലുത് കോട്ടൂർ ആനപരിപാലന കേന്ദ്രം വികസനമാണ്. ആന പരിപാലനകേന്ദ്രം രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്താനായി 108 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാകുന്നതോടെ ടൂറിസം രംഗത്തും വലിയ കുതിപ്പുണ്ടാകുമെന്നാണു പ്രതീക്ഷ. മലയോര ഹൈവേയുടെ ഭാഗമായി കള്ളിക്കാട്-കുറ്റിച്ചൽ-ആര്യനാട്- വിതുര ഭാഗത്തെ നിർമാണം തുടങ്ങി. വിതുര–തെന്നൂർ റൂട്ടിലും പണി തുടങ്ങിയിട്ടുണ്ട്. വിതുര തേവിയോടുള്ള ഐസർ–ജേഴ്സി ഫാം– ബോണക്കാട് റോഡ് വികസനത്തിനായി 28 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ പണി പുരോഗമിക്കുന്നു. പൂവച്ചൽ വിഎച്ച്എസ്ഇ സ്കൂൾ, വെള്ളനാട് ജി.കാർത്തികേയൻ മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ പുതിയ ക്ലാസ്റൂം ബ്ലോക്കുകളുടെ നിർമാണത്തിനുള്ള അംഗീകാരം ഉടൻ ലഭിക്കുമെന്നു കരുതുന്നു. കുറ്റിച്ചൽ വാലിപ്പാറയിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ വികസനപദ്ധതിയുടെ ടെൻഡർ നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ 5 സ്‌കൂളുകളിൽ 3 കോടി രൂപയുടെയും 5 സ്‌കൂളുകളിൽ ഒരു കോടി രൂപയുടെയും പുതിയ അക്കാദമിക് ബ്ലോക്കുകൾ നിർമിക്കാനുള്ള പ്രപ്പോസലുകൾ അന്തിമഘട്ടത്തിലാണ്.
കേരളം കാലങ്ങളായി കാത്തിരുന്ന മലയോര ഹൈവേ കിഫ്ബിയിലൂടെയാണു യാഥാർഥ്യമാകുന്നത്. പാറശാല പഞ്ചായത്തിൽനിന്ന് ആരംഭിച്ച് മണ്ഡലത്തിലെ കള്ളിക്കാട്, ഒറ്റശേഖരമംഗലം, അമ്പൂരി, വെള്ളറട, കുന്നത്തുകാൽ എന്നീ പഞ്ചായത്തുകളിലായി 27.54 കിലോമീറ്റർ കടന്നുപോകുന്നു. ഇത്രയും ദൂരത്തേക്ക് 103 കോടി രൂപയാണ് അടങ്കൽ. ആര്യൻകോട്, പെരുങ്കടവിള പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിലുള്ള കിഴക്കൻമല പദ്ധതിക്ക് 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അമരവിള ഒറ്റശേഖരമംഗലം റോഡിന്റെ (12.2 കിലോമീറ്റർ) പുനരുദ്ധാരണം (27 കോടി) 60% പൂർത്തിയായി. പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി നവീകരണത്തിനു 100 കോടി അനുവദിച്ചു. മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിന് (36 കോടി) ടെൻഡർ ഉടൻ. കുമ്പിച്ചൽ കടവുപാലത്തിന്റെ നിർമാണത്തിനു കിഫ്ബി 17 കോടി നൽകും. ധനുവച്ചപുരം ഗവ. ഐടിഐയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ 67 കോടി ചെലവിടും. എംഎൽഎ ഫണ്ട് കൂടി ചേർത്ത് 6 കോടിക്ക് മാരായമുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ നവീകരിച്ചു. തെള്ളുക്കുഴി–പശുവണ്ണറ–അരുവിക്കര കീഴാറൂർ റിങ് റോഡ് (35 കോടി), കാട്ടാക്കട–നെയ്യാർ ഡാം റോഡ് (15 കോടി), പനച്ചമൂട് ചന്ത നവീകരണം (20 കോടി) എന്നിവ പുരോഗമിക്കുന്നു.
മണ്ഡലത്തിന്റെ മുഖഛായ മാറ്റുന്ന 236.5 കോടിയുടെ പദ്ധതികളാണു കിഫ്ബി നടപ്പാക്കുന്നത്. മലയിൻകീഴ്, പ്ലാവൂർ, കുളത്തുമ്മൽ, വിളവൂർക്കൽ, വിളപ്പിൽ സ്കൂളുകൾ 111 കോടി ചെലവിൽ നവീകരിച്ചു. മലയിൻകീഴ്, പ്ലാവൂർ സ്കൂളുകളുടെ ഉദ്ഘാടനം അടുത്ത മാസം. മലയിൻകീഴ് മാധവകവി കോളജ് മന്ദിരത്തിന് 9.75 കോടി. ഹോസ്റ്റൽ ബ്ലോക്കുകൾ പൂർത്തിയായി. അക്കാദമിക് ബ്ലോക്ക് പണി തുടങ്ങുന്നു. ഉദ്ഘാടനം ഏപ്രിലിൽ. മലയിൻകീഴ് ആശുപത്രി നവീകരണത്തിന് 23.31 കോടി. 15.25 കോടിക്ക് 4 നില മന്ദിരം, ഉപകരണങ്ങൾക്ക് 8.6 കോടി. ടെൻഡർ ക്ഷണിച്ചു. 12.35 കോടിയുടെ കുടുവീട്ടുകടവ് പാലത്തിനായി സ്ഥലമേറ്റെടുപ്പ് നടക്കുന്നു. 4 റോഡുകൾ നവീകരിക്കാൻ 174.88 കോടി രൂപയും അനുവദിച്ചു. 16.2 കോടിയുടെ കിള്ളി–മണലി–മേച്ചിറ–പനയംകോട് മലപ്പനംകോട് ഇഎംഎസ് അക്കാദമി റോഡ് നവീകരണോദ്ഘാടനം സെപ്റ്റംബർ 3ന്. 18.74 കോടിയുടെ പൊട്ടൻകാവ്–നെല്ലിക്കാട് ചീനിവിള–തൂങ്ങാംപാറ–തെരളികുഴി–മുണ്ടുകോണം റോഡിന്റെ അതിർത്തി കല്ലിടൽ പൂർത്തിയായി. 27.9 കോടിയുടെ ചൊവ്വള്ളൂർ–മൈലാട്–നെടുങ്കുഴി–പരുത്തംപാറ സിഎടി കോളജ് റോഡിന് അനുമതി. 6 പദ്ധതികൾ വേറെയും.
16 കോടിയുടെ പദ്ധതികൾ നിർമാണം ആരംഭിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്തിട്ടുണ്ട്. 100 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. ട്രാൻസ് ഗ്രിഡ് പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തു നിർമിക്കുന്ന 50 കോടിയുടെ സബ് സ്റ്റേഷൻ ഇതിനു പുറമേയാണ്. കാഞ്ഞിരംകുളം കെഎൻഎം കോളജ് ഓഡിറ്റോറിയവും ലാബും (4.77 കോടി), ബാലരാമപുരം ഗവ എച്ച്എസ്എസ് (5 കോടി കിഫ്ബിയും ഒരു കോടി എംഎൽഎ ഫണ്ടും) വെങ്ങാനൂർ ഗവ മോഡൽ എച്ച്എസ് (3 കോടി), പൂവാർ ഗവ. എൽപിഎസ് (1 കോടി), കാഞ്ഞിരംകുളം സബ് റജിസ്ട്രാർ ഓഫിസ് (90 ലക്ഷം) തുടങ്ങിയവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. വെള്ളായണി കായലിനു കുറുകെയുള്ള പാലം (25 കോടി), ആയാകുളം–മുട്ടയ്ക്കാട് റോഡ് (34 കോടി), പുന്നമൂട് ഹൈസ്കൂൾ (3 കോടി), നേമം ഗവ. യുപിഎസ് (1 ഒരു കോടി) എന്നിവയ്ക്ക് അനുമതിയായി. 37 കോടിയുടെ അതിയന്നൂർ –കോട്ടുകാൽ കുടിവെള്ള പദ്ധതി പ്രതീക്ഷ പകരുന്നതാണ്.
137 വർഷം പഴക്കമുള്ള നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മനോഹരമായ അമിനിറ്റി സെന്ററും സ്കൂൾ മന്ദിരവും ആറരക്കോടി രൂപ മുടക്കി നിർമിച്ചു. കിഫ്ബിക്കു കീഴിൽ ജില്ലയിൽ ആദ്യം നിർമാണം പൂർത്തിയാക്കിയ ഇൗ സ്കൂൾ കെട്ടിടം ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 89 കോടി ചെലവിൽ കാരോട് കുടിവെള്ള പദ്ധതിയും പുരോഗമിക്കുകയാണ്. കാരോട്., കുളത്തൂർ, ചെങ്കൽ പഞ്ചായത്തുകൾക്കു ഗുണം ചെയ്യും. ഇതിനായി രണ്ടര ഏക്കർ ഭൂമി പൊന്നുംവിലയ്ക്ക് എടുക്കുന്ന നടപടി പൂർത്തിയായി. ടെൻഡറിലേക്കു പോകുകയാണിപ്പോൾ. മുക്കാൽ ലക്ഷം കുടുംബങ്ങൾക്കു പദ്ധതി ഗുണം ചെയ്യും. കുടിവെള്ള ക്ഷാമം രൂക്ഷമായ അതിയന്നൂർ പഞ്ചായത്തിൽ 26 കോടി രൂപ ചെലവിട്ട് ശുദ്ധജല പദ്ധതി അംഗീകരിച്ചിട്ടുണ്ട്. കോട്ടുകാൽ പഞ്ചായത്തിൽ ശുദ്ധജലം എത്തിക്കാനും ഇൗ പദ്ധതി വഴി സാധിക്കും. നെയ്യാറ്റിൻകര കോടതിക്കു സമീപമുള്ള കന്നിക്കുളം പാലം നിർമിക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ തുടരുന്നു. ഉടൻ തറക്കല്ലിടും. മുള്ളറവിള ആയേൽ പാലം നിർമിക്കാൻ 15 കോടി അനുവദിച്ചു. ഒട്ടേറെ സ്കൂളുകളിൽ സ്മാർട് ക്ലാസ് മുറികൾ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്.