മലപ്പുറത്തിന് മാറ്റുകൂട്ടാൻ കിഫ്‌ബി

അമ്പതു വയസ് പിന്നിട്ടെങ്കിലും മലപ്പുറത്തിനിപ്പോൾ മധ്യവയസ്‌ക്കന്റെ മനസ്സല്ല. മറിച്ച് മധുരസ്വപ്നങ്ങളുള്ള മണവാളന്റെ മനസ്സാണ്. മിന്നുന്ന പുതിയ ലോകത്തിലേക്ക് ഒരുപാട് പ്രതീക്ഷകളോടെ നോക്കിയിരുപ്പാണ് മലപ്പുറം. അൻപതു വർഷം കൊണ്ട് വന്ന മാറ്റമല്ല, ഇനി പത്തുവർഷം കൊണ്ടുവരാനിരിക്കുന്ന മാറ്റത്തെയാണ് ജില്ല ഉറ്റുനോക്കുന്നത്. കിഫ്‌ബി ഫണ്ടുകൊണ്ട് നടക്കുന്ന വികസനപ്രവർത്തനങ്ങൾ അതിന്റെ സാക്ഷാത്ക്കാരമാണ് നിർവഹിക്കുന്നത്. മലയോരഹൈവേ പോലെ, മലപ്പുറം, എടപ്പാൾ ഫ്ലൈ ഓവറുകൾ പോലെ ആകാശത്തോളം വളർന്ന സ്വപ്നങ്ങളാണ് ജില്ല താലോലിക്കുന്നത്. കൊണ്ടോട്ടി - അരീക്കോട് റോഡ്‌പോലെയുള്ള ഒട്ടേറെ റോഡുകൾ, തവനൂരിനെയും പൊന്നാനിയെയും ബന്ധിപ്പിക്കുന്ന പാലം, പൊന്നാനിയിലെയും നിലമ്പൂരിലെയും ഇൻഡോർ സ്റ്റേഡിയം... അങ്ങനെ വിവിധ മേഖലകളെ സ്പർശിച്ചുകൊണ്ടുള്ള സമഗ്രവികസനമാണ് കിഫ്‌ബി മലപ്പുറത്തിന് ഒരുക്കുന്നത്. 210 കോടി രൂപയുടെ നരിപ്പറമ്പ് കുടിവെള്ളപദ്ധതിപോലെ, താനൂരിലെയും എടവണ്ണയിലെയും സമഗ്രകുടിവെള്ളപദ്ധതിപോലെയുള്ള പദ്ധതികൾ മലപ്പുറത്തിന്റെ വരണ്ട ഭൂമികയെ സ്നിഗ്ധമാക്കും. ഒരുകാലത്ത്‌ വിദ്യാഭാസ ഭൂപടത്തിൽ പോലും ഇല്ലാതിരുന്ന ജില്ല ഇന്ന് സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങൾ ഉള്ള ജില്ലയാണ്. കിഫ്‌ബിയുടെ ഫണ്ട്‌ കൂടിയായപ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളാണ് ഇവിടെ ഉയരാൻ പോകുന്നത്. മലപ്പുറത്തിന്റെ വികസന മേഖലയിൽ കിഫ്‌ബി വരുത്തിയ മാറ്റങ്ങളെ കുറിച്ച്...

വള്ളിക്കുന്നിന്റെ വളർച്ച
തേഞ്ഞിപ്പലം, കിഫ്ബിയുടെ സഹായത്താൽ വള്ളിക്കുന്ന് മണ്ഡലത്തിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങളാണ് യാഥാർഥ്യമാകുന്നത്.
റെഗുലേറ്ററും 36 കോടിയും
തേഞ്ഞിപ്പലം, വള്ളിക്കുന്ന് പഞ്ചായത്തുകളിലെ കൃഷിക്കും കുടിവെള്ളത്തിനുമായി കടലുണ്ടി പുഴയിൽനിന്ന് ഉപ്പുവെള്ളം കയറാതിരിക്കാൻ റെഗുലേറ്റർ നിർമാണത്തിന് 36 കോടി രൂപയുടെ പദ്ധതിക്ക് തത്ത്വത്തിൽ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കക്കാട്ടുപാറ ആലുംകടവത്ത് ഈ പദ്ധതിക്കായുള്ള മണ്ണുപരിശോധനയും മറ്റും പൂർത്തിയാക്കി. ഇനി ഡിസൈനിങ്ങിനായി ഐ.ഡി.ആർ.ബി ക്ക് സമർപ്പിക്കാനുള്ള നടപടികൾ നടന്നു വരുകയാണ്.
വിദ്യാലയങ്ങളിൽ
മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ വികസനത്തിനും കിഫ്‌ബി സഹായമാണ് ആശ്രയം. പെരുവള്ളൂർ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമാക്കാൻ അഞ്ചുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു വരുകയാണ്. ഗവ. മോഡൽ ഹയർ സെക്കന്ററി സ്‌ക്കൂളിന് മൂന്നുകോടി രൂപയുടെ കെട്ടിട നിർമാണം നടന്നുവരുന്നു. ചേളാരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌ക്കൂളിന് മൂന്നുകോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. മൂന്നിയൂർ പാറക്കടവ് ഗവ. എം.യു.പി സ്ക്കൂൾ, പറമ്പിൽപ്പീടിക ഗവ. എൽ. പി സ്ക്കൂൾ, മൂന്നിയൂർ ചാലിൽ ഗവ. യു. പി സ്ക്കൂൾ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ഗവ. എൽ.പി സ്ക്കൂൾ, ചെനയ്ക്കലങ്ങാടി ഗവ. യു. പി സ്ക്കൂൾ, എന്നിവയുടെ വികസനത്തിനായി ഓരോ കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അരിയല്ലൂർ ഗവ. യു.പി സ്കൂളിൽ 1.57 കോടിരൂപയുടെ പദ്ധതികൾക്കു ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. വള്ളിക്കുന്ന് മുണ്ടിയങ്കാവ് ഗവ. എൽ. പി സ്കൂളിൽ 52 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്ക് ടെൻഡറായി. ചേളാരിയിലെ എ. കെ. എൻ.എം പോളിടെക്‌നിക്ക് കോളേജിന് അക്കാദമിക് & അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് 12 കോടിരൂപ ചിലവഴിച്ച് നിർമിച്ചു. മൂന്നുകോടി രൂപ ചിലവിൽ ഓഡിറ്റോറിയവും ഉണ്ടാക്കി.
തിരൂരിൽ വിദ്യാഭ്യാസമേഖലക്ക് 30 കോടി
തിരൂർ. കിഫ്‌ബി തിരൂർ നിയോജകമണ്ഡലത്തിലെ സ്ക്കൂളുകളുടെ നവീകരണത്തിനായി 30 കോടി രൂപയാണ് അനുവദിച്ചത്. ജി.വി.എച്ച്.എസ്.എസ് കല്പകച്ചേരിക്ക് അഞ്ചുകോടിരൂപ അനുവദിച്ചതിൽ കെട്ടിടത്തിന്റെ 70 ശതമാനം പണി പൂർത്തീകരിച്ചു. ജി. എച്ച്.എസ്.എസ് മാട്ടുമ്മൽ ആതവനാടിന്‌ മൂന്നുകോടി രൂപ അനുവദിച്ചെങ്കിലും പണി തുടങ്ങിയിട്ടില്ല. ജി. എച്ച്.എസ് കരിപ്പൊളിൽ മൂന്നുകോടി രൂപയുടെ പണി പുരോഗമിക്കുകയാണ്. ബി.പി അങ്ങാടി ജി.വി.എച്ച്.എസ്, പറവണ്ണ ജി.വി.എച്ച്.എസ്.എസ്, എഴൂർ ജി.എച്ച്.എസ്.എസ്, തിരൂർ ജി.ബി.എച്ച്.എസ്.എസ്, തിരൂർ ജി.എം.യു.പി സ്ക്കൂൾ എന്നീ സ്കൂളുകൾക്ക് മൂന്നു കോടി രൂപ വീതം അനുവദിച്ചെങ്കിലും പണി തുടങ്ങിയിട്ടില്ല. ജി.എം.എൽ.പി സ്ക്കൂൾ ചെറവന്നൂരിൽ ഒരു കോടി രൂപയുടെ പണി പൂർത്തിയായി. വിദ്യാഭ്യാസ മേഖലയിൽ അല്ലാതെ മറ്റൊരു മേഖലയിലും ഈ മണ്ഡലത്തിൽ കിഫ്‌ബി ഫണ്ട്‌ നൽകിയിട്ടില്ല. മൂന്നുമണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന തിരൂർ - കടലുണ്ടി റോഡിന്റെ വികസനത്തിന്‌ ഫണ്ടനുവദിച്ചിട്ടുണ്ടെങ്കിലും ചെറിയൊരു ഭാഗമേ തിരൂർ മണ്ഡലത്തിലൂടെ കടന്നു പോകുന്നുള്ളൂ.
പൊന്നാനിയിൽ റോഡ്, കുടിവെള്ളം, പാലം.
പൊന്നാനി. വിവിധ മേഖലകൾ സ്പർശിച്ചു കൊണ്ടുള്ള വികസനപദ്ധതികൾക്കാണ് പൊന്നാനിയിൽ കിഫ്‌ബി ഫണ്ട്‌ അനുവദിച്ചിട്ടുള്ളത്. നരിപ്പറമ്പ് ഭാരതപുഴയോരത്ത്‌ നിർമാണം നടക്കുന്ന സമഗ്ര കുടിവെള്ളപദ്ധതി ഇതിൽ പ്രധാനപെട്ടതാണ്. 210 കോടിരൂപ ചെലവിലാണ് ഇതു നിർമിക്കുന്നത്. ഭാരതപ്പുഴയിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് പൊന്നാനി നഗരസഭയിലും സമീപപ്രദേശങ്ങളിലെ പഞ്ചായത്തുകളിലേക്കും എത്തിക്കുന്നതാണ് ഈ പദ്ധതി. ഭാരതപുഴയോരത്തുകൂടി നിർമിക്കുന്ന കർമറോഡിന്റെ രണ്ടാംഘട്ടം പാലം നിർമാണവും റോഡ് നിർമാണവും ആരംഭിച്ചു.37 കോടി രൂപയാണ് ഇതിന്റെ ചെലവ്.

നരിപ്പറമ്പിൽനിന്ന് ഭാരതപുഴയോരം വഴി പൊന്നാനി തുറമുഖത്ത് എത്തിച്ചേരുന്ന റോഡാണിത്.
തൂക്കുപാലവും 250 കോടിയും
പൊന്നാനിയെയും തിരൂരിലെ പടിഞ്ഞാറേക്കരയെയും ബന്ധിപ്പിക്കുന്ന അഴിമുഖത്തുകൂടെയുള്ള സസ്പെൻഷൻ ബ്രിഡ്ജ്(ഹൗറ മാതൃകയിലുള്ള പാലം) നിർമാണത്തിന് 250 കോടി രൂപ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി വരുകയാണ്.
പിന്നെയും
മാറഞ്ചേരിയെയും കോലൊളമ്പിനെയും ബന്ധിപ്പിക്കുന്ന 32 കോടിരൂപയുടെ പാലത്തിന്റെ പണി നടക്കുന്നു. പൊന്നാനി ഈശ്വരമംഗലം ഭാരതപുഴയോരത്ത് 12.80 കോടി രൂപ ചിലവിൽ നിർമിക്കുന്ന ഇൻഡോർസ്‌റ്റേഡിയം ആൻഡ് അക്വാറ്റിക് സ്പോർട്സ് പാർക്കിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. തുറമുഖത്ത് 12.50 കോടിരൂപയുടെ ഫിഷർമാൻ ഫ്ലാറ്റ് നിർമാണം പുരോഗമിക്കുന്നു. കടലേറ്റഭീതിയിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനാണ് ഈ പദ്ധതി. തൃക്കാവ് സ്ക്കൂളിൽ മൂന്നു കോടിരൂപയുടെ വികസനപ്രവർത്തനങ്ങൾ നടന്നു വരുന്നു. 25 കോടി രൂപ ചിലവിൽ കടവനാടിനെയും വെളിയങ്കോടിനെയും ബന്ധിപ്പിക്കുന്ന പൂകൈതക്കടവ് പാലവും ഒരുകോടി രൂപ ചിലവിൽ കടവനാട് ഗവണ്മെന്റ് സ്കൂളിന്റെ പുനർനിർമാണവും ഉടൻ തുടങ്ങും.
പെരിന്തൽമണ്ണയുടെ പ്രതീക്ഷ
കിഫ്‌ബി വഴി നടപ്പായ പ്രധാനപദ്ധതികളെല്ലാം സ്കൂളുകളിലാണ്. പ്രഖ്യാപിത പദ്ധതികളിലാണ് ഇനി മണ്ഡലത്തിന്റെ പ്രതീക്ഷ. ഇതിൽ പ്രധാനം അലിഗഢ് രാമഞ്ചാടി കുടിവെള്ള പദ്ധതി തന്നെ. 92 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. അലിഗഢ് കാമ്പസിലേക്കും ആലിപ്പറമ്പ്, ഏലംകുളം പഞ്ചായത്തുകളിലേക്കും പെരിന്തൽമണ്ണ നഗരസഭയിലേക്കും ഉപകാരപ്പെടുന്ന കുടിവെള്ളപദ്ധതിയാണിത്. രാമഞ്ചാടി കയത്തിൽനിന്നാണ് വെള്ളം പമ്പുചെയ്യുക. ടെൻഡർ നടപടികൾ പുരോഗമിക്കുന്നേയുള്ളു.
വികസിക്കുന്ന വിദ്യാലങ്ങൾ
പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർസെക്കൻഡറി സ്ക്കൂളിൽ നാലുനിലകളിൽ 24 മുറികളുള്ള കെട്ടിടംപണി അവസാനഘട്ടത്തിലാണ്. ലാബുകൾ, ആധുനിക അടുക്കളയും ഭക്ഷണശാലയും ശൗചാലയ സമുച്ചയം എന്നിവയെല്ലാമുള്ള പദ്ധതിക്ക് 5.79 കോടി രൂപയാണ് ചെലവ്. കുന്നക്കാട് ഗവ. ഹയർസെക്കൻഡറി സ്ക്കൂൾ, പുലാമന്തോൾ ഗവ. ഹയർസെക്കൻഡറി സ്ക്കൂൾ എന്നിവയിലും ക്ലാസ്സ്‌മുറികൾ അടക്കമുള്ള കെട്ടിടങ്ങൾക്ക് മൂന്നുകോടി വീതമാണ് കിഫ്‌ബി ഫണ്ട്‌ അനുവദിച്ചിട്ടുള്ളത്.

പണി നടന്നു വരികയാണ്. പെരിന്തൽമണ്ണ പി. ടി.എം ഗവ. കോളേജിൽ കാന്റീൻ, ലബോറട്ടറി സൗകര്യങ്ങളുടെ വികസനത്തിനായി എട്ടുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഏജൻസിയുടെ പ്രാഥമിക പരിശോധന പൂർത്തിയായി. കാപ്പ് ജി. വി. ജി. എച്ച്. എസ്.എസ്, വെട്ടത്തൂർ, ആലിപ്പറമ്പ്, ആനമങ്ങാട് ഗവ. ഹയർസെക്കന്ററി സ്കൂളുകൾ എന്നിവിടങ്ങളിൽ കെട്ടിടനിർമാണത്തിന് മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ ആയിട്ടില്ല.

വളപുരം ഗവ. യു.പി സ്‌ക്കൂൾ കെട്ടിടനിർമാണത്തിന് ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
വേങ്ങരയിൽ വിദ്യാലയങ്ങൾ പുതുമോടിയിൽ
വേങ്ങര. സർക്കാർ സ്ക്കൂളുകളെ ആധുനികരിക്കാൻ തന്നെയാണ് പ്രധാനമായും കിഫ്‌ബി ഫണ്ട്‌ വിനിയോഗിച്ചിട്ടുള്ളത്. അഞ്ചുകോടിരൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വേങ്ങര വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ പണി പൂർത്തിയായി. മൂന്നുകോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഒതുക്കുങ്ങൽ ഹയർസെക്കന്ററി വിദ്യാലയത്തിന്റെ പണി 20% പൂർത്തിയായി. വേങ്ങര ടൗൺ മോഡൽ ഹയർസെക്കൻഡറി, ചേറൂർ ഗവ. യു.പി സ്കൂൾ, കുറുക ഹൈസ്ക്കൂൾ എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനത്തിന്‌ മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരുകോടി രൂപയുടെ പദ്ധതിയിൽ ഉള്ളത് കൊളപ്പുറം ഗവ. ഹൈസ്ക്കൂൾ, ചോലക്കുണ്ട് ഗവ. യു.പി, മുണ്ടോത്തുപറമ്പ് ഗവ. യു.പി, കണ്ണമംഗലം ഗവ. യു.പി എന്നിവയാണ്. കൂടാതെ തോട്ടശ്ശേരിയറ ഇല്ലത്തുമാട് റോഡ്, കോട്ടയ്ക്കൽ - കോട്ടപ്പടി റോഡ് എന്നിവയും മണ്ഡലത്തിലെ കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം
കോട്ടയ്ക്കലിന് 219.62 കോടി
കോട്ടയ്ക്കൽ --നിയമസഭാ മണ്ഡലത്തിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി 219.62 കോടി രൂപയാണ് കിഫ്‌ബി ഫണ്ടിൽ നിന്ന് അനുവദിച്ചിരിക്കുന്നത്.

15.36 കോടി രൂപയിൽ കോട്ടയ്ക്കൽ കോട്ടപ്പടി റോഡിന്റെ നവീകരണം പൂർത്തിയായി. റോഡിന് കുറുകെയുള്ള ഓവു ചാലുകളുടെ നിർമാണവും നടത്തി. റോഡിന്റെ വീതി കൂട്ടി റബ്ബറൈസ് ചെയ്തു. കിഫ്‌ബി ഫണ്ടിൽ മണ്ഡലത്തിലെ വലിയ പദ്ധതിയാണിത്.

കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മികവ് കേന്ദ്രം മൂന്നു കോടി രൂപയിൽ പണികഴിപ്പിച്ചു. കുറ്റിപ്പുറം സബ് രജിസ്ട്രാർ കെട്ടിടത്തിന്റെ പണി 1.33 കോടിയിൽ പൂർത്തീകരിച്ചു.

പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് അഞ്ചു കോടി അനുവദിച്ചിട്ടുണ്ട്. സ്‌കൂളിൽ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. പൈങ്കണ്ണൂർ ജി.യു.പി. സ്‌കൂളിനായി അനുവദിച്ച ഒരു കോടി രൂപയുടെ പ്രവൃത്തികളുടെ ടെൻഡർ ആയി. ജി.എച്ച്.എസ് .എസ് . ഇരിമ്പിളിയം (മൂന്നു കോടി), കോട്ടയ്ക്കൽ ജി.എം.യു.പി.എസ് .(ഒരു കോടി), കുറ്റിപ്പുറം ഗവ. ഹൈസ്‌കൂൾ (മൂന്നു കോടി )യും അനുവദിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികൾ ആരംഭിച്ചിട്ടില്ല.

വളാഞ്ചേരി നഗരസഭയ്ക്ക് പുതിയ കെട്ടിട നിർമാണത്തിന് 11.13 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായെങ്കിലും പദ്ധതി ആരംഭിച്ചിട്ടില്ല.
റെഗുലേറ്റർ, കുടിവെള്ളം
കുറ്റിപ്പുറം കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് നൂറു കോടി രൂപയുടെ ഭരണാനുമതിയായി. മണ്ഡലത്തിലെ ഏറ്റവും വലിയ പദ്ധതിയാണിതെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.

75 കോടി രൂപയുടെ എടയൂർ ഇരിമ്പിളിയം വളാഞ്ചേരി കുടിവെള്ളപദ്ധതിയുടെ ടെൻഡർ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു.
തീരും താനൂരിന്റെ ദാഹം
താനൂർ-- കാലങ്ങളായി താനൂരിന്റെ ആവശ്യമാണ് താനൂർ കുടിവെള്ള പദ്ധതി. ഇതിന് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ എല്ലായിടത്തും കുടിവെള്ളം എത്തിക്കാനാകും.
മേൽപ്പാലം, റോഡുകൾ
അതേ, പ്രാധാന്യമുള്ള മറ്റൊരാവശ്യമാണ് താനൂർ- തെയ്യാല റോഡ് റെയിൽവേ മേൽപ്പാലം. 33 കോടിയുടേതാണ് പദ്ധതി. ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. സെപ്റ്റംബർ ആദ്യവാരം പണിതുടങ്ങും.

തിരൂർ-കടലുണ്ടി പാതയിലെ പൂരപ്പുഴവരെ നവീകരണം നടക്കുകയാണ്. ഒട്ടേറെ വാഹനങ്ങൾ ഉപയോഗിക്കുന്ന തീരദേശത്തെ ഈ പാത വീതി കൂട്ടിയാണ് നിർമിക്കുന്നത്. പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
പിന്നെയും
തീരദേശത്ത കായികപ്രതിഭകളുടെ ആവശ്യമായിരുന്നു താനൂർ സ്റ്റേഡിയം. പത്തു കോടി രൂപ ചെലവിട്ട് പ്രവൃത്തി പുരോഗമിക്കുകയാണ്. വിവിധ മത്സരങ്ങൾക്ക് പ്രയോജനകരമാകുന്ന തരത്തിലാണ് സ്റ്റേഡിയം നിർമാണം മൂന്നു പാലങ്ങളുടെ പണിയും നടത്തും. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. താനൂർ ഗവ. കോളേജിന് 13 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്. പുതിയ കെട്ടിടവും നിർമിക്കും. ദേവധാർ ഗവ. സ്‌കൂളിൽ ഏഴു കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. പ്രവൃത്തി തുടങ്ങിയ പദ്ധതികളിൽ കട്ടിലങ്ങാടി സ്‌കൂൾ, നിറമരുതൂർ സ്‌കൂൾ, ചെറിയമുണ്ടം സ്‌കൂൾ, മീനടത്തൂർ സ്‌കൂൾ, ഫിഷറീസ് സ്‌കൂൾ എന്നിവിടങ്ങളിലെ വികസന പദ്ധതികളുണ്ട്. മൂന്നു കോടി രൂപ വീതമാണ് സ്‌കൂളുകൾക്ക് അനുവദിച്ചിട്ടുള്ളത്. 12 കോടി രൂപയുടെ കെ.എഫ്.ഡി.സി. തിയേറ്റർ സമുച്ചയത്തിന്റെ ടെൻഡർ നടപടികൾ കഴിഞ്ഞു. 17 കോടി രൂപ വീതമുള്ള അഞ്ചുടി അങ്ങാടി പാലങ്ങളുടെയും ടെൻഡർ കഴിഞ്ഞിട്ടുണ്ട്.
കൊണ്ടോട്ടി പ്രതീക്ഷയിലാണ് ...
കൊണ്ടോട്ടി --മണ്ഡലത്തിന് സമഗ്രവികസനത്തിനുതകുന്ന പദ്ധതികൾ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. അവയിൽ ചിലതിന്റെ പ്രവൃത്തി നടക്കുന്നു.

കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിനെ മികവിന്റെ കേന്ദ്രമാക്കാൻ അഞ്ചു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ പണി നടന്നു വരുന്നു. കൊട്ടപ്പുറം ജി.എച്ച്.എസ് .എസ്., വാഴക്കാട് ജി.എച്ച്.എസ് .എസ്., ചാലിയപ്പുറം ജി.എച്ച്.എസ് . എന്നീ സ്‌കൂളുകളിൽ മൂന്ന് കോടി രൂപ വീതമുള്ള പദ്ധതികൾ നടക്കുന്നുണ്ട്.

ഓമാനൂരിലെയും കൊണ്ടോട്ടിയിലെയും ചിറയിലിലെയും സ്‌കൂളുകളിലെ പദ്ധതികൾ ടെൻഡർ സ്റ്റേജിലാണ്.

ഓരോ കോടി രൂപ വീതം അനുവദിച്ച മുതുവല്ലൂർ, ചുള്ളിക്കോട്, തടത്തിൽപ്പറമ്പ്, ചീക്കോട്, വാഴക്കാട് സ്‌കൂളുകളിലെ പദ്ധതികളും ടെൻഡർ ഘട്ടത്തിലാണ്. 33 കോടി രൂപയ്ക്ക് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം, 75 കോടി രൂപയുടെ മുണ്ടുമുഴി വെട്ടുകാട് പുളിക്കൽ റോഡ് എന്നിവയുടെ ഡി.പി.ആർ. തയ്യാറാക്കി കിഫ്ബിയുടെ അന്തിമപരിഗണനയിലാണ്
റോഡും കുടിവെള്ളവും
കൊണ്ടോട്ടി എടവണ്ണപ്പാറ അരീക്കോട് റോഡിന് 123 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അതിന്റെ സർവേ പൂർത്തിയായി. ടെൻഡർ നടപടികൾ ഉടൻ നടക്കും. 16.14 കോടി രൂപ ചെലവിട്ട് കടുങ്ങല്ലൂർ വിളയിൽ ചാലിയപ്പുറം റോഡ് പണി പൂർത്തീകരിച്ച് ഉദ്‌ഘാടനം കഴിഞ്ഞു. നഗരസഭയിൽ കുടിവെള്ളവിതരണത്തിനുള്ള പദ്ധതിക്ക് 108 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവൃത്തി നടക്കുന്നു.
മലപ്പുറം കാക്കുന്നു മിന്നും നാളെയെ
മലപ്പുറം-- മണ്ഡലത്തിന് കിഫ്‌ബി സമ്മാനിച്ചത് ഭാവിയിലേക്കുള്ള വികസനമാണ്. അടുത്ത പത്തു വർഷത്തിനുശേഷം നഗരത്തിലുണ്ടായേക്കാവുന്ന ഗതാഗതത്തിരക്ക് മനസ്സിലാക്കി മലപ്പുറം നഗരത്തിൽ മേൽപ്പാലം പണിയാനുള്ള ഫണ്ട് അനുവദിച്ചത് അപ്രതീക്ഷിത തീരുമാനമായിരുന്നു. 92 കോടിയാണ് കിഫ്‌ബി വഴി മേൽപ്പാലത്തിന് അനുവദിച്ചത്. മറ്റു പദ്ധതികളെല്ലാം സ്‌കൂളുകളെ ഹൈടെക്കാക്കാനും കോളേജുകൾക്ക് കെട്ടിടം പണിയാനുമാണ്‌. മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനെ മണ്ഡലത്തിലെ അന്താരാഷ്ട്ര തലത്തിലുള്ള സ്‌കൂളായി ഉയർത്താൻ അഞ്ചു കോടിയാണ് നൽകിയത്. പൂർത്തിയായ പണികൾ മലപ്പുറം എം.എസ് .പി. ഹയർസെക്കൻഡറി സ്‌കൂൾ, പൂക്കോട്ടൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവയുടെ കെട്ടിട നിർമാണവും അടിസ്ഥാന സൗകര്യ വികസനവുമാണ്. മൂന്നു കോടി വീതമാണ് രണ്ട് സ്‌കൂളുകൾക്കും നൽകിയത്. ഇനി ഫണ്ട് അനുവദിച്ചുള്ള സ്‌കൂളുകൾ പത്തെണ്ണമാണ്. മലപ്പുറം ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ, ഇരുമ്പുഴി ഗവ. ഹയർസെക്കൻഡറി, ജി.വി.എച്ച്.എസ് .എസ്. അരിമ്പ്ര, ജി.വി.എച്ച്.എസ് .എസ്. പുല്ലാനൂർ, ഒഴുകൂർ ജി.എം.യു.പി. സ്‌കൂൾ എന്നിവയ്ക്ക് മൂന്ന് കോടി രൂപ വീതവും. ജി.എം.യു.പി.എസ്. അരിമ്പ്ര, ജി.എം.യു.പി. എസ്. ഇരുമ്പുഴി, ജി.എം.യു.പി. എസ്. ചെമ്മങ്കടവ്, ജി.എം.യു.പി. എസ്. മേൽമുറി, ജി.യു.പി. എസ്. പന്തല്ലൂർ എന്നിവയ്ക്ക് ഓരോ കോടി രൂപയാണ് അനുവദിച്ചത്. കൊളേജുകൾക്ക് അനുവദിച്ച ഫണ്ടുകൾ നാളുകളായി ആവശ്യമുയർത്തിയ കാര്യങ്ങൾക്ക് ഉള്ളവയായിരുന്നു. ജില്ലയിലെ പ്രധാന കോളേജുകളിൽ ഒന്നായ മലപ്പുറം ഗവ. കോളേജിൽ വനിതാഹോസ്റ്റൽ ഇല്ലാത്തത് കുട്ടികളുടെ വർഷങ്ങളായുള്ള പരാതി ആയിരുന്നു. അതിന് അവസാനമായാണ് 5.4 കോടി അനുവദിച്ചിരിക്കുന്നത്. മലപ്പുറം വനിതാ കോളേജിന് കെട്ടിടം പണിയാൻ എട്ടു കോടിയും കിഫ്‌ബി തന്നു.
വികസനത്തിന്റെ തവനൂർ താളം
തവനൂർ- മണ്ഡലത്തിൽ കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിച്ച പദ്ധതികളിൽ ഭൂരിഭാഗവും നിർമാണ പുരോഗതിയിലാണ്. അഞ്ചു കോടി രൂപ അനുവദിച്ച പുറത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണമാണ് ഇതിനോടകം പൂർത്തീകരിച്ചിട്ടുള്ളത്
പാലം കയറുന്ന സ്വപ്നം
സംസ്ഥാന പാതയിൽ എടപ്പാൾ കവലയിൽ നിർമിക്കുന്ന മേൽപ്പാലം കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രധാന പദ്ധതികളിൽ ഒന്നാണ്. തൃശ്ശൂർ -കുറ്റിപ്പുറം റോഡിൽ 218 മീറ്റർ നീളത്തിലും 8.4 മീറ്റർ വീതിയിലുമാണ് മേൽപ്പാലം നിർമിക്കുന്നത്. എടപ്പാൾ ടൗണിലെ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാവും. 13.5കോടി രൂപ ചെലവിട്ടാണ് നിർമാണം. കോവിഡ് പ്രതിസന്ധി മൂലം മന്ദഗതിയിലായിരുന്ന പണികൾ ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്.

എടപ്പാൾ - പൊന്നാനി മണ്ഡലങ്ങളിലെ എടപ്പാൾ പഞ്ചായത്തിനെയും മാറഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഒളമ്പാക്കായലിനു കുറുകെയുള്ള ഒളമ്പക്കടവ് പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. 32 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

എടപ്പാൾ ഹയർസെക്കൻഡറി സ്‌കൂൾ മിനി സ്റ്റേഡിയം നിർമാണത്തിന് 6.74 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചത്. 75 കോടി രൂപയ്ക്ക് പൊന്നാനി താലൂക്കിലെ സമഗ്ര കുടിവെള്ള പദ്ധതിയാണ് നരിപ്പറമ്പിൽ യാഥാർഥ്യമാകാൻ പോകുന്നത്. തവനൂർ ഗവ. കോളേജിന് കെട്ടിടം പണിയാൻ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പുറത്തൂർ പഞ്ചായത്തിലെ നായർതോട് ബ്രിഡ്ജ് നിർമിക്കാനായി 48 കോടി രൂപയ്ക്കുള്ള ഭരണാനുമതിയായിട്ടുണ്ട്. ഭാരതപുഴയ്ക്ക് കുറുകെ തവനൂർ പഞ്ചായത്തിനേയും തിരുനാവായ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണത്തിന് 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഏറനാട്ടിൽ കുടിവെള്ളവും റോഡും പ്രധാനം
ഏറനാട് -മണ്ഡലത്തിൽ ഇടവണ്ണയിലെ സമഗ്ര കുടിവെള്ള പദ്ധതിക്കും ചാലിയാർ പഞ്ചായത്തിലെ മോളിയപ്പടം -നായാടംപൊയിൽ റോഡിനുമാണ് കിഫ്‌ബി മുഖേന തുക അനുവദിച്ചത്.

വിവിധ പഞ്ചായത്തുകളിൽ വിദ്യാലയങ്ങളുടെ നവീകരണത്തിന് 32 കോടിയോളം അനുവദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മണ്ഡലത്തിൽ ഒരു അന്താരാഷ്ട്ര സ്‌കൂൾ ലഭിച്ചു. അതിന്റെ പണി മുക്കാൽ ഭാഗവും പൂർത്തിയായി. എടവണ്ണയിലെ കുടിവെള്ള പദ്ധതിക്ക് 47.5 കോടി രൂപയാണ് അനുവദിച്ചത്. ആദ്യഘട്ട പ്രവൃത്തികൾക്ക് ടെൻഡർ നടത്തി. പ്രവൃത്തി പൂർത്തിയായാൽ കേന്ദ്ര ജലജീവൻ പദ്ധതി പ്രയോജനപ്പെടുത്തി മുഴുവൻ കുടുംബങ്ങൾക്കും വീടുകളിൽ പൈപ്പ് സ്ഥാപിച്ചു നൽകാനാകും.

നായാടം പൊയിൽ റോഡിന് 25 കോടിയാണ് കിഫ്ബിയിൽ നീക്കി വച്ചത്. ഇതിൽ വനം വകുപ്പിന്റെ കൂടി അനുമതി ആവശ്യമുള്ളതിനാൽ തുടർ നടപടികളായിട്ടില്ല. സമഗ്ര കുടിവെള്ളപദ്ധതിക്ക് നടപടികൾ പുരോഗമിക്കുകയാണ്. 47.5 കോടി രൂപയുടെ പദ്ധതി പ്രവൃത്തി പൂർത്തിയായാൽ പഞ്ചായത്തിലെ 22 വാർഡുകളിലും ശുദ്ധജലം വിതരണം ചെയ്യാനാകും. പദ്ധതിക്കായി ചാലിയാർ തീരത്ത് കിണറുണ്ട്.

ജലസംഭരണി നിർമിക്കാനായിആര്യൻതൊടികയിൽ കൊങ്ങംപാറ മലയിൽ ജനകീയ കൂട്ടായ്മയിൽ 60 സെന്റ് സ്ഥലം വാങ്ങി ജല അതോറിറ്റിക്ക് കൈമാറിയിരുന്നു. ചാലിയാറിൽ നിന്നും ജലസംഭരണിയിലേക്ക് കുഴലുകൾ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലം വിട്ടു കിട്ടാനുള്ള ശ്രമങ്ങളും നടക്കുന്നു.
വണ്ടൂരിൽ നടക്കുന്നത് 156 കോടി രൂപയുടെ പ്രവൃത്തികൾ
വണ്ടൂർ- കിഫ്ബിയിൽ വണ്ടൂർ മണ്ഡലത്തിൽ 156 കോടിയുടെ പ്രവൃത്തികളാണ് നടന്നുവരുന്നത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായി 40 കോടിയും റോഡ് വികസനത്തിനായി 96 കോടിയും കുടിവെള്ള പദ്ധതിക്ക്‌ 20 കോടിയുമാണ് അനുവദിച്ചത്. 50 കോടി രൂപയ്ക്ക് പ്രവൃത്തി നടക്കുന്ന മലയോര ഹൈവേയാണ് മണ്ഡലം ഉറ്റു നോക്കുന്ന ഒരു പദ്ധതി. ഇതിന്റെ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചു. കരാറുമായി. വാണിയമ്പലം, താളിയംകുണ്ട്, പൂളമണ്ണ റോഡിൽ 21 കോടിയുടെയും മുണ്ടേങ്ങര, പുള്ളിപ്പാടം, ഓടായിക്കൽ റോഡിൽ പതിനാറു കോടിയുടെയും വികസനങ്ങളാണ് വരാൻ പോകുന്നത്. പള്ളിശ്ശേരി, അമ്പലക്കടവ്, മാളിയേക്കൽ റോഡിന് പത്തുകോടി അനുവദിച്ചിട്ടുണ്ടെങ്കിലും അന്തിമ അനുമതിയായിട്ടില്ല.
വിദ്യാഭ്യാസം, കുടിവെള്ളം
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി നാൽപ്പതുകോടിയാണ് മണ്ഡലത്തിൽ കിഫ്ബിയിലൂടെ ലഭിച്ചത്. ഇതിൽ മൂന്നു കോടി രൂപയുടെ കെട്ടിടം വണ്ടൂർ ഗേൾസ് സ്‌കൂളിൽ കഴിഞ്ഞ വർഷം ഉദ്‌ഘാടനം ചെയ്തു. തുവ്വൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ അഞ്ചു കോടിയുടെ പണികൾ പൂർത്തീകരിച്ചു. ഇതിന്റെ ഉദ്‌ഘാടനം അടുത്ത മാസം നടക്കും.

എട്ട് സ്‌കൂളുകളിൽ മൂന്നു കോടി രൂപ വീതവും എട്ട് സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതവും കിഫ്‌ബി അനുവദിച്ചിട്ടുണ്ട്. മൂന്നു പഞ്ചായത്തുകളിലായി ഒരു ലക്ഷത്തോളം പേരുടെ ദാഹമകറ്റാനുതകുന്ന തിരുവാലി കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിലാണ്. കിഫ്ബിയിൽ 20 കോടി രൂപ അനുവദിച്ചതോടെയാണ് കഴിഞ്ഞ യു.ഡി.എഫ് . സർക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതി പൂർത്തിയാക്കാൻ വഴിയൊരുങ്ങിയത്. തിരുവാലി പഞ്ചായത്തിൽ പൂർണമായും വണ്ടൂർ, തൃക്കലങ്ങോട് പഞ്ചായത്തുകളിലെ സിംഹഭാഗവും ഉൾക്കൊള്ളുന്നതാണ് പദ്ധതി.
മുഖം മിനുക്കി മങ്കട
മങ്കട- കിഫ്‌ബി പദ്ധതിയെ പരമാവധി പ്രയോജനപ്പെടുത്തിയ മണ്ഡലമാണ് മങ്കട. സ്വപ്നപദ്ധതിയെന്നു പറയാവുന്നത് കീഴുമുറിക്കടവു മോദിക്കയം ഭാഗത്തെ റഗുലേറ്റർ കം ബ്രിഡ്ജ് തന്നെയാണ്. ഇത് സ്ഥാപിക്കുന്നതിന് 70 കോടി രൂപയാണ് കിഫ്‌ബി അനുവദിച്ചത്. അങ്ങാടിപ്പുറം പഞ്ചായത്തിലെ വൈലോങ്ങര ഓരാടം പാലം ബൈപ്പാസിന് പത്തു കോടി അനുവദിച്ചതാണ് മറ്റൊരു പ്രമുഖ പദ്ധതി. മക്കരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മികവിന്റെ കേന്ദ്രമാക്കാൻ അഞ്ചു കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി രണ്ട് പ്രധാന കെട്ടിടങ്ങൾ നിർമിച്ച് ഉദ്‌ഘാടനവും കഴിഞ്ഞു. മങ്കട മണ്ഡലത്തിൽ സ്‌കൂളുകൾക്കാകെ 22 കോടി രൂപ ലഭിച്ചിട്ടുണ്ട്. മികവിന്റെ കേന്ദ്രമാക്കുന്നതിന് കിഫ്‌ബി വഴി കൊടുങ്ങപുരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് 3.44 കോടി രൂപയാണ് ലഭിച്ചത്. മാസ്റ്റർ പ്ലാനും വിശദമായ പ്രോജക്റ്റ് റിപ്പോർട്ടും പ്രകാരം പദ്ധതി യാഥാർഥ്യമാവുകയാണ്. മൂന്നു കോടി രൂപ ലഭിച്ച പാങ് ഹയർ സെക്കൻഡറി സ്‌കൂളും മാറ്റത്തിന്റെ പാതയിൽ കുതിക്കുകയാണ്. ചേരിയം മങ്കട, കൂട്ടിലങ്ങാടി, മങ്കടപള്ളിപ്പുറം, പാങ് എന്നിവിടങ്ങളിലെ യു.പി. സ്‌കൂളുകൾക്കെല്ലാം ഓരോ കോടി രൂപ വീതം അനുവദിച്ച് എസ്റ്റിമേറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. പ്രവൃത്തി ഉടൻ തുടങ്ങും. കിഫ്‌ബി വഴി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതി പ്രകാരം സർക്കാർ -എയ്‌ഡഡ്‌ മേഖലകളിലെ 26 സ്‌കൂളുകളിൽ 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ ലാപ്ടോപ്പ്, പ്രൊജക്ടർ, ടി.വി, പ്രിന്റർ തുടങ്ങിയവയെല്ലാം ലഭ്യമാക്കി.
തിരൂരങ്ങാടിക്ക് 255 കോടിയുടെ പദ്ധതികൾ
തിരൂരങ്ങാടി - പരപ്പനങ്ങാടിക്കാരുടെ വലിയൊരു അഭിലാഷമാണ് തിരൂരങ്ങാടി മണ്ഡലത്തിൽ കിഫ്‌ബി വഴി പൂർത്തീകരിക്കപ്പെടാൻ പോവുന്നത്. 113 കോടി ചെലവിലുള്ള പരപ്പനങ്ങാടി നിർമാണമാണത്.
വിദ്യാലയങ്ങളും ബൈപ്പാസും
എട്ട് സർക്കാർ വിദ്യാലയങ്ങൾക്ക് കെട്ടിടനിർമാണങ്ങൾക്കായി കിഫ്ബിയിൽ നിന്ന് 65.25 കോടിയുടെ അനുമതിയാണ് ലഭിച്ചത്. ഇതിൽ പരപ്പനങ്ങാടി നെടുവ ഗവ. ഹൈസ്‌കൂളിൽ അഞ്ചു കോടിയുടെ കെട്ടിടനിർമാണം 99 ശതമാനം പൂർത്തിയായിട്ടുണ്ട്. പരപ്പനങ്ങാടി ജി.എൽ.പി. സ്‌കൂൾ കെട്ടിടനിർമാണത്തിന് 46 ലക്ഷം, കക്കാട് ജി.എൽ.പി. സ്‌കൂളിന് മൂന്നു കോടി, കൊടിഞ്ഞി ജി.എം.യു.പി. സ്‌കൂളിന് ഒരു കോടി, ചെറുമുക്ക് ജി.എൽ.പി. സ്‌കൂളിന് ഒരു കോടി, എടരിക്കോട് ക്ലാരി ജി.യു.പി സ്‌കൂളിന് മൂന്ന് കോടി, വെന്നിയൂർ ജി.എം. യു.പി.ക്ക് മൂന്ന് കോടി, ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌കൂളിന് 3.25 കോടി എന്നിങ്ങനെയും അനുമതി ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല. തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ മൈതാനം നവീകരണത്തിന് മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. നന്നമ്പ്ര കുണ്ടൂർ തോട് നവീകരണത്തിനായി അനുവദിച്ച 15 കോടിയുടെ പ്രവൃത്തിക്കായുള്ള നടപടികൾ പുരോഗതിയിലാണ്. പൂക്കിപ്പറമ്പ് -പതിനാറുങ്ങൽ ബൈപ്പാസിനായി 100 കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
മഞ്ചേരിക്ക് വെളിച്ചമായി എളങ്കൂർ സബ് സ്റ്റേഷൻ
മഞ്ചേരി- നിലമ്പൂർ മേഖലയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ എളങ്കൂർ 220 കെ.വി. സബ് സ്റ്റേഷൻ നിർമാണം പൂർത്തിയാക്കി. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് അനുമതി നൽകിയ പദ്ധതി കിഫ്ബിയുടെ 36 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. മഞ്ചേരി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന് മൂന്ന് കോടി രൂപ ചെലവിൽ കെട്ടിടം നിർമിച്ചു. പാണ്ടിക്കാട് ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടം നിർമിക്കാൻ അഞ്ചു കോടി രൂപ അനുവദിച്ചു. ഇതിന്റെ 90 ശതമാനം പണിയും കഴിഞ്ഞു. മഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, പട്ടിക്കാട് ജി.എച്ച്.എസ് .എസ്., നെല്ലിക്കുത്ത് ജി.വി.എച്ച്.എസ് .എസ്., കാരക്കുന്ന് ഗവ.എച്ച്. എസ് .എസ്. എന്നിവയ്ക്ക് കെട്ടിടം പണിയാൻ മൂന്ന് കോടി രൂപ വീതം അനുവദിച്ചു. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. മഞ്ചേരി ഒലിപ്പുഴ വീതികൂട്ടുന്നതിന് 85 കോടി രൂപ അനുവദിച്ചു.
കുടിവെള്ളം, സ്റ്റേഡിയം
മഞ്ചേരി നഗരത്തിലെ ജലവിതരണ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ 15 കോടി രൂപയുടെ പദ്ധതിയുടെ ടെൻഡർ നടപടികളായിട്ടുണ്ട്. മഞ്ചേരി ശുദ്ധജലപദ്ധതിക്ക് 72 കോടി രൂപ അനുവദിച്ചിരുന്നു. ഒന്നാം ഘട്ടത്തിലെ 27 കോടി രൂപയുടെ പണികൾക്ക് ടെൻഡറായി. പയ്യനാട് സ്റ്റേഡിയം വികസനത്തിന് 42 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനമുണ്ടായിരുന്നങ്കിലും തുടർനടപടികളായില്ല.
മലയോരഹൈവേ, നിലമ്പൂരിന്റെ ഭാഗ്യരേഖ
നിലമ്പൂർ- മേഖലയ്ക്ക് സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന മലയോരഹൈവേയുടെ പുനരുജ്ജീവനത്തിന് കിഫ്‌ബി കാരണമായി. പൂക്കോട്ടുംപാടം മുതൽ ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം വരെയുള്ള ലൂപ്പ് റോഡിന്റെ നിർമാണത്തിന് 45 കോടി രൂപയാണ് അനുവദിച്ചത്. ഇതിനുള്ള സ്ഥലം സൗജന്യമായി ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. പൂക്കോട്ടുംപാടം മുതൽ മുണ്ടേരി വിത്തു കൃഷിത്തോട്ടത്തിന്റെ ഗേറ്റ് വരെ മലയോര ഹൈവേയുടെ നിർമാണത്തിനായി 115 കോടി രൂപ അനുവദിച്ചു.

മൂന്നു ഘട്ടങ്ങളിലായാണ് പ്രവൃത്തി നടത്തുക. രണ്ട് ഘട്ടം തുടങ്ങി. സ്ഥലം ഏറ്റെടുത്തുവരുന്നു. നിലമ്പൂരിലെ മിനി സ്റ്റേഡിയത്തിന്റെ നിർമാണത്തിന് നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ 18.26 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായിരുന്നു. 12.5 കോടിയുടെ ആദ്യഘട്ടം പൂർത്തിയായിവരുന്നു. സിന്തറ്റിക് ട്രാക്കും മറ്റും രണ്ടാം ഘട്ടത്തിൽ നടത്തും. കിഫ്ബിയുടെ പരിഗണനയിലുള്ള മറ്റൊരു പദ്ധതിയാണ് നിലമ്പൂർ കളത്തിൻ കടവിൽ റഗുലേറ്റർ കം ഫൂട്ട് ബ്രിഡ്‌ജ്‌. 50 കോടി രൂപയുടെ ഈ പദ്ധതിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
മികവിന്റെ വിദ്യാലയങ്ങൾ
നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മികവിന്റെ കേന്ദ്രമാക്കുക എന്ന പദ്ധതിയിൽ കിഫ്‌ബി അഞ്ചു കോടി അനുവദിച്ചു. 8.4 കോടി രൂപയുടേതാണ് പദ്ധതി.അവശേഷിക്കുന്ന തുക എം.എൽ.എ. ഫണ്ടിൽ നിന്ന് അനുവദിച്ചു. ഇതിന്റെ പണി അവസാനഘട്ടത്തിലാണ്. ആയിരത്തിലധികം കുട്ടികളുള്ള സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യം വർധിപ്പിക്കുന്നതിനായി മൂന്ന് കോടി രൂപ നാല് സ്‌കൂളുകൾക്ക് അനുവദിച്ചു. ജി.എച്ച്.എസ് .എസ്. എടക്കര, ജി.എച്ച്.എസ്.എസ്. മൂത്തേടം എന്നിവയിൽ പണി തുടങ്ങി. ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം, ജി.പി.യു.എസ്. പറമ്പ എന്നിവിടങ്ങളിൽ ടെൻഡർ കഴിഞ്ഞു. എട്ട് സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതമാണ് കിഫ്‌ബി വഴി അനുവദിച്ചത്. പലതും ടെൻഡർ ഘട്ടത്തിലാണ്. നിലമ്പൂർ ഗവ. കോളേജിന്റെ സ്ഥലമേറ്റെടുപ്പും കെട്ടിട നിർമാണത്തിനുമായി പത്തു കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ അവസാനഘട്ടത്തിലാണ്. മാസ്റ്റർ പ്ലാൻ തയ്യാറായി.
പൊന്നാനിക്ക് പുതുനിറം നൽകി

പി. ശ്രീരാമകൃഷ്ണൻ
എം.എൽ.എ

പൊന്നാനി നിയോജകമണ്ഡലത്തിൽ കിഫ്ബിവഴി വികസനത്തിൽ വൻ മുന്നേറ്റമാണ് കഴിഞ്ഞ ഈ അഞ്ചുവർഷത്തിനുള്ളിൽ ഉണ്ടായത്. ഇപ്പോൾ നിർമാണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളും എത്രയും വേഗം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇത്രയും വലിയൊരു വികസനമുന്നേറ്റം ഇതിനു മുൻപ് പൊന്നാനിക്ക് ഉണ്ടായിട്ടില്ല. ‌സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യമാവുന്നതോടെ നഗരസഭയിലെയും സമീപത്തെ ഒൻപതു പഞ്ചായത്തുകളിലെയും കുടിവെളള പ്രശ്നത്തിന് ശാശ്വത പരിഹാരമാവും. കർമ റോഡ് നഗരത്തിന്റെ മുഖഛായ മാറ്റും.

തവനൂരിലെ പദ്ധതികൾ ഡിസംബറോടെ തീരും

മന്ത്രി ജലീൽ
തവനൂർ

തവനൂരിൽ വൻ വികസനമാണ് കിഫ്ബി ഫണ്ടുപയോഗിച്ച് വരാനിരിക്കുന്നത്. മിക്ക പദ്ധതികളുടേയും പണി നടന്നുവരികയാണ്. ഡിസംബറോടെ ഇവയുടെ പണി പൂർത്തിയാവും. വൈകാതെ മറ്റു പദ്ധതികളുടെ നിർമാണം തുടങ്ങാനാവും.

താനൂരിൽ യാഥാർഥ്യമാകുന്നത് സമഗ്ര വികസനം

വി. അബ്ദുറഹ്മാൻ
എം.എൽ.എ

താനൂർ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള വികസനമാണ് യാഥാർഥ്യമാകുന്നത്. എല്ലാ മേഖലയിലും വികസനം യാഥാർഥ്യമാക്കാൻ കിഫ്ബി വഴി സാധിക്കുന്നുണ്ട്. കുടിവെള്ളപദ്ധതി, തിരൂർ-കടലുണ്ടി പാത നവീകരണം എന്നിവയുടെ പ്രവൃത്തി പൂർത്തീകരിക്കാനായി. വിദ്യാഭ്യാസമേഖലകളുടെ വികസനത്തിന് ഓരോ സ്കൂളിനും ഫണ്ട് വകയിരുത്തി. ഈ സർക്കാരിന്റെ കാലത്തു തന്നെ എല്ലാ പദ്ധതിയും പൂർത്തീകരിക്കും.

മേൽപ്പാലം മലപ്പുറത്തിന്റെ സ്വപ്നപദ്ധതി

പി. ഉബൈദുള്ള
എം.എൽ.എ

മലപ്പുറം നഗരത്തിൽ മേൽപ്പാലത്തിന് 92 കോടിരൂപ അനുവദിച്ചതാണ് ഏറെ അഭിമാനം. ഭാവിയിലേക്കുള്ള ചുവടുവെപ്പാണ് ഈ പദ്ധതി. മലപ്പുറം പോലീസ് സ്റ്റേഷൻ മുതൽ ചെത്തുപാലം വരെയാണ് പാലം പണിയുക. അതിനിടയിൽ തിരൂർ റോഡിലേക്കും പദ്ധതി നീട്ടി. സർവേ നടപടികൾ പൂർത്തിയായിട്ടുണ്ട്. മറ്റു നടപടികൾ ഉടൻ തുടങ്ങും.

ഏറ്റവുമധികം സ്‌കൂളുകൾക്ക് ഫണ്ട് ലഭിച്ചു

പി.കെ. ബഷീർ
എം.എൽ.എ

കിഫ്ബി പദ്ധതിപ്രകാരം ഏറ്റവുമധികം സ്കൂളുകൾക്ക് ഫണ്ട് ലഭിച്ചത് ഏറനാടിനാണ്. ഓരോ കോടി രൂപവീതം 32 സ്കൂളുകൾക്കാണ് ഫണ്ട് ലഭിച്ചത്. മോലിയപ്പാടം -നായാടംപൊയിൽ റോഡിന്റ പണിയാണ് നീണ്ടുപോകുന്നത്. അതേസമയം എടവണ്ണയിലെ കുടിവെള്ള പദ്ധതി വലിയ പ്രതീക്ഷ നൽകുന്നതാണ്.

മലയോരഹൈവേ വൻവികസനമേകും

എ.പി. അനിൽകുമാർ
എം.എൽ.എ

കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മലയോരഹൈവേ പ്രദേശത്ത് വൻ വികസനത്തിന് സാധ്യതയൊരുക്കും. എട്ടരക്കിലോമീറ്റർ നീളത്തിലാണ് ഇവിടെ പാത കടന്നുപോകുന്നത്. സ്കൂളുകൾക്കായി കിഫ്ബി നൽകിയ നാൽപ്പതുകോടി രൂപയുപയോഗിച്ച് പല പദ്ധതികളും പൂർത്തിയാക്കി. ബാക്കി ഉടൻ ഉദ്ഘാടനം നടക്കും

മണ്ഡലത്തിൽ അടിമുടി മാറ്റംവരും

പി. അബ്ദുൾഹമീദ്
എം.എൽ.എ

കിഫ്ബി പദ്ധതികൾ മണ്ഡലത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്നതിന് പ്രയോജനകരമാവും. കിഫ്ബി പോലുള്ള ഏജൻസികളിൽനിന്ന് കൂടുതൽപദ്ധതികൾക്ക് സഹായം ആവശ്യമാണ്. എന്നാൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാങ്കേതികപ്രശ്നങ്ങൾ തടസ്സമാകുന്നു. ഇത് പരിഹരിക്കണം.‌

മങ്കട ഹൈടെക് സ്‌കൂളുകളുടെ മണ്ഡലമായി

ടി. അഹമ്മദ് കബീർ
എം.എൽ.എ

പൊതുവിദ്യാഭ്യാസയജ്ഞം തുടങ്ങുന്നതിനു മുമ്പുതന്നെ മണ്ഡലത്തിലെ എല്ലാ സൂളുകളിലും സ്മാർട്ട് ക്ലാസ്മുറികളും മറ്റു സൗകര്യങ്ങളുമുണ്ടാക്കിയിരുന്നു. കിഫ്ബിയുടെ ഫണ്ടുകൂടി വന്നതോടെ ഇത് പൂർണമായി. മാർക്കബിൾ മങ്കടയെന്ന വിദ്യാഭ്യാസപദ്ധതിയിലൂടെ വിദ്യാഭ്യാസരംഗത്ത് അടിസ്ഥാനസൗകര്യങ്ങളിൽ സമ്പൂർണത കെവരിച്ചിരിക്കുകയാണ്. മുഴുവൻ പദ്ധതികളും പൂർത്തീകരിച്ചാൽ ചരിത്രനേട്ടമാവും അത്.

സമാനതകളില്ലാത്ത വികസനമുന്നേറ്റം

പി.വി. അൻവർ
എം.എൽ.എ

നിലമ്പൂർ സംസ്ഥാനചരിത്രത്തിലെ സമാനതകളില്ലാത്ത വികസനമുന്നേറ്റമാണ് കിഫ്ബി. മലർപ്പൊടിക്കാരന്റെ സ്വപ്നമാകുമെന്ന് പരിഹസിച്ചവർവരെ ഇന്ന് കിഫ്ബി വഴിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. വൻകിട പദ്ധതികൾക്ക് പണം ഒരു പ്രശ്നമല്ലായെന്ന് കിഫ്ബി കേരളത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. വികസനം ഇപ്പോൾ ജനങ്ങളുടെ കൺമുന്നിൽത്തന്നെയുണ്ട്.

തിരൂരിനെ അവഗണിക്കരുത്

സി.മമ്മൂട്ടി
എം.എൽ.എ

കിഫ്ബിയിൽനിന്ന് തിരൂർ നിയോജകമണ്ഡലത്തിന്റെ വികസനത്തിന് വേണ്ടത്ര ഫണ്ട് അനുവദിച്ചിട്ടില്ല. മണ്ഡലത്തോട് തികഞ്ഞ അവഗണനയാണ് കാട്ടിയത്. ഇടതുസർക്കാരിന്റെ ആദ്യ ബജറ്റിൽ തിരൂർ താഴെപ്പാലം ഫ്ലൈഓവർ നിർമാണത്തിന് 50 കോടി പ്രഖ്യാപിച്ചുവെങ്കിലും തുടർനടപടിയുണ്ടായില്ല. നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. മുത്തൂരിലെ അപ്രോച്ച് റോഡിനും ജില്ലാ ആശുപത്രിയുടെ വികസനത്തിനുമെല്ലാം അപേക്ഷ നൽകിയിരുന്നെങ്കിലും അനുവദിച്ചില്ല.

പെരിന്തൽമണ്ണയ്ക്ക് ഗുണമുണ്ടാകണം

മഞ്ഞളാംകുഴി അലി
എം.എൽ.എ

കിഫ്ബി പദ്ധതികളിലൂടെ പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിന് ഗുണമുണ്ടായില്ല. ഏതാനും സ്കൂളുകളുടെ അടിസ്ഥാനവികസനത്തിനുള്ള കെട്ടിടനിർമാണമേ നടന്നുള്ളൂ. ഏത് സർക്കാർ വന്നാലും ചെയ്യുന്ന കാര്യങ്ങളാണിത്. കിഫ്ബിയിലൂടെ പ്രഖ്യാപനങ്ങളുണ്ടായതല്ലാതെ നടപ്പിലായില്ല. റോഡുകളും പാലങ്ങളും അടക്കമുള്ള പ്രൊപ്പോസലുകളും പരിഗണിക്കപ്പെട്ടില്ല. അലിഗഡ് സർവകലാശാല കാമ്പസിലേക്ക് വെള്ളമെത്തിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപനങ്ങളായൊതുങ്ങി. ഇടതുപക്ഷ മണ്ഡലങ്ങളിൽ അവരുടെ പദ്ധതികൾ നടപ്പാക്കാനായെന്നതു മാത്രമാണ് മെച്ചം.

ലക്ഷ്യം പൂർത്തീകരിക്കണം

ആബിദ് ഹുസൈൻ തങ്ങൾ
എം.എൽ.എ

ഇടതുപക്ഷ സർക്കാരിന്റയും ധനകാര്യമന്ത്രിയുടെയും ഒരു സ്വപ്ന പദ്ധതി മാത്രമായിരുന്നു കിഫ്ബി. കിഫ്ബി ആരംഭിക്കുമ്പോൾ പ്രഖ്യാപിച്ചിരുന്ന ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. പ്രവാസി നിക്ഷേപങ്ങളിലൂടെയും മറ്റും ഫണ്ട് കണ്ടെത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അതൊന്നും പ്രതീക്ഷിച്ച പോലെ നടപ്പിലായില്ല. വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതികൾ കിഫ്ബി വഴി ചെയ്യുക മാത്രമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

കിഫ്ബി പദ്ധതികൾ നടപ്പായാൽ വലിയ നേട്ടം

ടി.വി.ഇബ്രാഹിം
എം.എൽ.എ

കിഫ്ബി വിഭാവനം ചെയ്യുന്നതുപോലെ പദ്ധതികൾ നടപ്പാവുകയാണെങ്കിൽ നല്ലകാര്യമാണ്. പക്ഷേ നാലരവർഷത്തിനിടയിൽ 10 ശതമാനം പോലും പദ്ധതികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇടക്കിടെ മാനദണ്ഡങ്ങൾ മാറ്റുന്നതും നടപടിക്രമങ്ങൾ സങ്കീർണമാകുന്നതും പദ്ധതിയുടെ വേഗം കുറയ്ക്കുന്നു.

ആരോഗ്യമേഖലയ്ക്കും ഫണ്ട് അനുവദിക്കണം

എം. ഉമ്മർ
എം.എൽ.എ

ആരോഗ്യമേഖലയ്ക്കും കായികരംഗത്തും പണം അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. മെഡിക്കൽകോളേജിലെ വികസനപ്രവർത്തനങ്ങൾ കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടില്ല. മഞ്ചേരിയിൽ ജനറൽ ആശുപത്രി നിർമിക്കാനും കിഫ്ബി ഫണ്ട് അനുവദിച്ചിരുന്നെങ്കിൽ ഏറെ ഗുണകരമാകുമായിരുന്നു. നാലുളുകൾക്ക് മൂന്നുകോടി രൂപ വീതം അനുവദിച്ചെങ്കിലും കെട്ടിടം പണി തുടങ്ങാനുള്ള നടപടികൾ വൈകുകയാണ്. പയ്യനാട് സ്റ്റേഡിയം വികസനത്തിന് ഫണ്ട് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പുരോഗതിയുണ്ടായില്ല. നിയമസഭയിൽ വിഷയം ഉന്നയിക്കുകയും ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

സമാന്തര സമ്പദ്‌ വ്യവസ്ഥ സൃഷ്ടിക്കുന്നു

കെ.എൻ.എ. ഖാദർ
എം.എൽ.എ

പ്രധാനപദ്ധതികൾ മുൻഗണനാക്രമമനുസരിച്ച് അതത് സാമാജികർക്ക് എഴുതിക്കൊടുക്കുകയായിരുന്നു പതിവ്. എന്നാൽ സമാന്തര സമ്പദ് വ്യവസ്ഥയായ കിഫ്ബി വന്നതിനുശേഷം ഇവിടെ നാലുശതമാനം പലിശയ്ക്ക് കിട്ടുന്ന പണം വിദേശത്തുനിന്ന് ഒമ്പതേമുക്കാൽ ശതമാനം വരെ പലിശകൊടുത്താണ് ശേഖരിക്കുന്നത്. ബജറ്റ് പദ്ധതികൾ അപ്രധാനമാകുന്നു.

പദ്ധതികൾ കൂടുതൽ വേഗത്തിലാക്കണം

അബ്ദുറബ്ബ്
എം.എൽ.എ

പരപ്പനങ്ങാടി ഹാർബർ മണ്ഡലത്തിന് പ്രധാനമാണ്. വിദ്യാലയങ്ങളുടെ കെട്ടിടനിർമാണങ്ങൾ പലയിടങ്ങളിലും ഇതുവരെ ആരംഭിക്കാനായിട്ടില്ല. കുണ്ടുർ തോട് നവീകരണം ഉടൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. കുടിവെള്ള പദ്ധതികളൊന്നും അനുവദിച്ചിട്ടില്ല. നൂറുകോടി ചെലവിലുള്ള പൂക്കിപ്പറമ്പ് പതിനാറുങ്ങൽ ബൈപ്പാസ് നിർമാണത്തിന്റ സ്ഥലമെടുപ്പ് തടസ്സപ്പെട്ടു. പദ്ധതികൾ സർക്കാർ കൂടുതൽ വേഗത്തിൽ നടപ്പാക്കണം.