കിഫ്ബിയുടെ ചിറകിലേറി

വികസനരംഗത്ത് വൻ കുതിച്ചു ചാട്ടങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതികളാണ് കിഫ്ബിയുടെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. നിരവധി സ്‌കൂളുകൾ മികവിന്റ പാതയിലേയ്ക്ക് നടന്നു കയറുകയാണ്.പുത്തൂർ സുവോളജിക്കൽ, തൃശ്ശൂരിലെ ഐ.എം. വിജയൻ ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്പോർട്സ് കോംപ്ലക്സ്, ചാലക്കുടി ഇൻഡോർ സ്റ്റേഡിയം, കണ്ണാറ ഹണി -ബനാന പാർക്ക് തുടങ്ങി ജില്ലയ്ക്ക് അഭിമാനകരമായി മാറാവുന്ന നിരവധി പദ്ധതികൾ പൂർത്തിയായിവരികയാണ്.

സുവോളജിക്കൽ പാർക്ക് അടക്കം ഒല്ലൂരിന്‌ ബൃഹദ് പദ്ധതികൾ
ഒല്ലൂർ
കിഫ്‌ബി വഴി വിവിധ വികസന, നിർമാണ ജോലികൾക്ക് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ തുക ലഭിച്ച മണ്ഡലമാണ് ഒല്ലൂർ നിയോജകമണ്ഡലം. 560 കോടി രൂപയാണ് ഒല്ലൂരിന് അനുവദിച്ചത്. ഇതിൽ പലതും ബൃഹദ് പദ്ധതികളാണ്. പലതിന്റെയും ടെൻഡർ നടപടികൾ പൂർത്തിയായി. പലതും നിർമാണം അവസാന ഘട്ടത്തിലാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്. കിഫ്ബിയിൽ നിന്ന് കൂടുതൽ പണം ലഭിച്ചതും ഈ പദ്ധതിക്കാണ്. 309 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 279 കോടി രൂപ ലഭിച്ചു. ആദ്യ രണ്ടു ഘട്ടങ്ങൾ പൂർത്തിയാവാറായി. 2020 ഡിസംബറിൽ നഗരത്തിലെ മൃഗശാല ഇവിടേക്ക് മാറ്റാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഏഷ്യയിലെ തന്നെ അതിബൃഹദ് പദ്ധതിയാണ് പുത്തൂരിലെ സുവോളജിക്കൽ പാർക്ക്. വിദ്യാഭ്യാസ - കാർഷിക മേഖലകളിലാണ് വലിയ പുരോഗതി കൈവരിക്കാനായത്. പൊതുമരാമത്ത് വകുപ്പിനു കീഴിലെ റോഡുകളുടെ നിർമാണത്തിന് മാത്രം 290 കോടി രൂപയാണ് ചെലവഴിച്ചത്.

കണ്ണാറയിലെ ഹണി -ബനാന പാർക്കാണ് മറ്റൊരു പ്രധാന പദ്ധതി. ഇതിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. 24 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പത്ത് അഗ്രോപാർക്കുകളിൽ നിർമാണം പൂർത്തിയാക്കിയ ആദ്യത്തെ സംരംഭം കണ്ണാറയിലെ ഹണി -ബനാന പാർക്കാണ്. സെപ്റ്റംബറിൽ തുറക്കും. തേനും വാഴപ്പഴവും സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി അവ വിപണിയിലെത്തിക്കുകയാണ് പാർക്കിന്റെ ലക്‌ഷ്യം.

മറ്റ് പ്രധാന പദ്ധതികൾ

• നെടുപുഴ റെയിൽവ മേൽപ്പാലം -- 36 കോടി
• നടത്തറ പഞ്ചായത്തിലെ ശ്രീധരിപ്പാലം -- 10.5 കോടി
• പീച്ചി-വാഴാനി ഇടനാഴി -- 65 കോടി
• മണ്ണുത്തി - എടക്കുന്നി റോഡ് പുനർനിർമാണം -- 35 കോടി
• വിവിധ ഗവ. സ്‌കൂളുകളുടെ നവീകരണം --49 കോടി
• കണ്ണാറ - മൂർക്കനിക്കര റോഡ് --35 കോടി
• അഭിമാനമായി ഐ.എം.വിജയൻ ഇൻഡോർ സ്റ്റേഡിയം

തൃശ്ശൂർ
കിഫ്‌ബി പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ജില്ലയ്ക് അഭിമാനമായ പദ്ധതിയാണ് ഐ.എം.വിജയൻ ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്പോർട്സ് കോംപ്ലക്സ്. തൃശ്ശൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് 70.56 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന യുവജന കായിക ക്ഷേമ വകുപ്പിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.

തൃശ്ശൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 14 ഏക്കറോളം വരുന്ന സ്ഥലത്താണ് സ്റ്റേഡിയം ഒരുങ്ങുന്നത്. പദ്ധതിയുടെ ആദ്യഘട്ടം 46 കോടി ചെലവിൽ 2019 മാർച്ച് നാലിന് നിർമാണം തുടങ്ങി. രണ്ടു വർഷം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കാനാണ് തീരുമാനം. മണ്ഡലത്തിൽ കിഫ്‌ബി പദ്ധതികൾ 10 എണ്ണമാണുള്ളത്. ഇതിനായി ആകെ തുക 554.22 കോടി അനുവദിച്ചിട്ടുണ്ട്.

കോർപ്പറേഷനും 17 സമീപ പഞ്ചായത്തുകൾക്കും തൃശ്ശൂർ മെഡിക്കൽ കോളേജിനും വേണ്ടി രൂപകല്പന ചെയ്ത ശുദ്ധജല വിതരണ പദ്ധതിയാണ് പ്രധാന പദ്ധതികളിലൊന്ന്. കിഫ്ബിയിൽ ഉൾപ്പെടുത്തി 185 കോടി രൂപയ്ക്ക് ഭരണാനുമതി ലഭച്ചിട്ടുണ്ട്.

മറ്റ് പ്രധാന പദ്ധതികൾ

• ശ്രീ കേരളവർമ കോളേജിന്റെ ഭൗതിക സാഹചര്യ വികസനം, ഡിജിറ്റലൈസേഷൻ, മൂന്നു തലങ്ങളിൽ കോളേജിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിയാണ് മറ്റൊന്ന്. 30 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. ഒന്നാംഘട്ട പദ്ധതി നിർവഹണത്തിനായി 14.5 കോടി രൂപ കിഫ്‌ബി അനുവദിച്ചു.
• കുട്ടനെല്ലൂർ സി. അച്യുതമേനോൻ സ്മാരക ഗവ. കോളേജ് - 10.52 കോടി. ടെൻഡർ നടപടി പൂർത്തിയാക്കുകയും നിർമാണം തുടങ്ങുകയും ചെയ്തു.
• തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനം - 98.37 കോടി
• തൃശ്ശൂർ ശ്രീ രാമവർമ സംഗീത കോളേജ് കെട്ടിട നിർമാണം- 10 കോടി
• ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ- 10 കോടി. തൃശ്ശൂരിൽത്തന്നെ കോളേജ് നിലനിർത്തി കെട്ടിടം നിർമിക്കുന്നതിന് സ്ഥലം കണ്ടെത്താനുള്ള നടപടി പുരോഗമിക്കുന്നു.
• ജി.എച്ച്.എസ് .എസ് . വില്ലടം പണി പൂർത്തിയായി.
• മാനസികാരോഗ്യകേന്ദ്രം, തൃശ്ശൂർ കരുവന്നൂർ കുടിവെള്ള പദ്ധതി, വള്ളത്തോൾ സ്മാരക സാംസ്കാരിക നിലയം എന്നിവയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
• വഞ്ചിക്കുളം- ചേറ്റുപുഴ റോഡ് - 100 കോടി രൂപ

മികവിന്റെ കേന്ദ്രമാകാൻ വടക്കാഞ്ചേരി ഗേൾസ് സ്‌കൂൾ

വടക്കാഞ്ചേരി-- എസ്.എസ്. എൽ. സി. പരീക്ഷയിൽ മികച്ച വിജയം നേടുന്ന വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്‌കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. മൂന്നു കോടി രൂപ ചെലവിലാണ് 14 ക്ലാസ്‌മുറികളുള്ള വിപുലമായ സൗകര്യങ്ങളോടെ കെട്ടിടം ഒരുക്കിയിട്ടുള്ളത്. ഇതിൽ അടുക്കള, ഡൈനിങ് ഹാൾ, മികച്ച ശുചിമുറികൾ, ഓഫീസ് സംവിധാനം എന്നിവയുണ്ട്. സ്ഥലസൗകര്യമില്ലായ്മയാണ് ഗവ. ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥിനികൾ അനുഭവിച്ചിരുന്ന ദുരിതം.

പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി കളിസ്ഥലവും ഒരുക്കും. ഇനിയും കെട്ടിടങ്ങൾ നിർമിക്കാതെ പ്ലസ്‌ടു കോഴ്‌സ് ഇവിടെ ആരംഭിക്കാനാവില്ല. ജീർണാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചു നീക്കി. കിഫ്ബിയിൽ മേഖലയിൽ പൂർത്തിയാക്കാനായ ആദ്യത്തെ സ്‌കൂൾ കെട്ടിടമാണിത്. വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ നിർമിക്കുന്ന അഞ്ച് കോടി രൂപയുടെ കെട്ടിട നിർമാണം പാതിവഴിയിലാണ്.

• വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂൾ - അഞ്ച് കോടി
• വടക്കാഞ്ചേരി ബൈപ്പാസ് - 20 കോടി
• അത്താണി, ഓട്ടുപാറ മാർക്കറ്റുകൾ - 20 കോടി
• നഗരസഭ എങ്കക്കാട് ശ്മശാനം - മൂന്ന് കോടി
• വടക്കാഞ്ചേരി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്- 10 കോടി
• മുണ്ടൂർ രജിസ്ട്രാർ ഓഫീസ് - ഒരു കോടി
• വടക്കാഞ്ചേരി ഗവ. ഗേൾസ് എൽ.പി., ഓട്ടുപാറ ഗവ.എൽ.പി., കുറ്റൂർ ഗവ. ഹൈസ്‌കൂൾ, മച്ചാട് ഗവ. ഹൈസ്‌കൂൾ (ഒരു കോടി വീതം)
• വാഴാനി-പീച്ചി കോറിഡോർ - 63 കോടി

ചെമ്പുച്ചിറയിലും ഹൈടെക് സ്‌കൂൾ

പുതുക്കാട് - പുതുക്കാട് കിഫ്ബിയിൽ ഉൾപ്പെടുത്തി 11 പദ്ധതികൾക്കാണ് തുക വകമാറ്റിയിരുന്നത്. ഇതിൽ ചെമ്പുച്ചിറ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം പൂർത്തിയാക്കി. ചെമ്പുച്ചിറ സ്‌കൂളിന് മൂന്നു കോടി രൂപ അനുവദിച്ചു. പുതിയ കെട്ടിടവും അനുബന്ധ സംവിധാനങ്ങളും പൂർത്തിയായിക്കഴിഞ്ഞു.

നന്തിക്കര വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് കിഫ്ബിയുടെ 50.6 കോടി രൂപ ഫണ്ടിൽ ഹൈടെക് സ്‌കൂൾ പ്രഖ്യാപനം വന്നു. ഇപ്പോൾ സ്‌കൂളിന്റെ പുതിയ കെട്ടിടം പൂർത്തീകരണ ഘട്ടത്തിലാണ്.

• പുതുക്കാട്, നെല്ലായി, നന്തിക്കര, ആലത്തൂർ റെയിൽവേ മേൽപ്പാലങ്ങൾക്ക് കിഫ്ബിയിലൂടെ തുക അനുവദിച്ചത്. പുതുക്കാട് റെയിൽവേ മേൽപ്പാലത്തിന് 37.73 കോടിയും നെല്ലായി മേൽപ്പാലത്തിന് 33.69 കോടിയുമാണ് അനുവദിച്ചത്. നന്തിക്കര റെയിൽവേ മേൽപ്പാലത്തിന് 34.90 കോടിയും ആലത്തൂർ മേൽപ്പാലത്തിന് 21.87 കോടിയും അനുവദിച്ചു.
• ആമ്പല്ലൂർ കെ.എസ് .എഫ്.ഡി.സി. സിനിമാ തിയേറ്റർ : സാംസ്കാരിക വകുപ്പും സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനും അളഗപ്പനഗർ പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ആമ്പല്ലൂർ മൾട്ടിപ്ലക്‌സ് തിയേറ്റർ നിർമാണം പുരോഗമിക്കുകയാണ്. 11.50 കോടി രൂപയുടെ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം.
• കോടാലി - വെള്ളിക്കുളങ്ങര റോഡ് നവീകരണം : 20.78 കോടി രൂപ. നിർമാണം സെപ്റ്റംബറിൽ ആരംഭിക്കും.
• പുതുക്കാട് -മുപ്ലിയം -കോടാലി റോഡിന് 59.26 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.
• പള്ളിക്കുന്ന് -ചിമ്മിനി ഡാം റോഡിന് 39.49 കോടി. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.
• കാനത്തോട് റെഗുലേറ്റർ ബ്രിഡ്‌ജ്‌ - 22 കോടി
• കുറുമാലിപ്പുഴയിലെ കുണ്ടുകടവ് കാനത്തോട് റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ടെൻഡർ നടപടി ഉടൻ ആരംഭിക്കും.

കൊടുങ്ങല്ലൂരിന് അഭിമാനമായി കരൂപ്പടന്ന സ്‌കൂൾ

മാള- നാലുവർഷത്തിനുള്ളിൽ നിയോജകമണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്‌ബി വഴി 111.5 കോടി രൂപയാണ് ലഭിച്ചത്. 13 പദ്ധതികളിലായാണ് തുക അനുവദിച്ചിട്ടുള്ളത്. ഇവയിൽ രണ്ടു പദ്ധതികൾ പൂർത്തിയാക്കുകയും ചെയ്തു. മൂന്നു പദ്ധതികൾ നിർമാണ പുരോഗതിയിലും അവശേഷിക്കുന്നവ പ്രാരംഭ അനുമതി ഘട്ടത്തിലുമാണ്.

കരൂപ്പന്ന ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വികസനമാണ് ഇതിൽ പ്രധാനം. ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങളും ലബോറട്ടറി സൗകര്യങ്ങളും ലഭ്യമായി. കിഫ്ബിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപയാണ് ചെലവഴിച്ചത്. 2020 ഫെബ്രുവരിയിൽ നിർമാണം പൂർത്തീകരിച്ച് ഉദ്‌ഘാടനം ചെയ്‌തു.പുത്തൻചിറ കിഴക്കുമുറി ഗവ. യു.പി. സ്‌കൂൾ കെട്ടിടമാണ് നിർമാണം പൂർത്തീകരിച്ച മറ്റൊന്ന്. ഒരു കോടി രൂപ ചെലവിലായിരുന്നു നിർമാണം.

• പുല്ലൂറ്റ് കെ.കെ.ടി.എം. കോളേജിലെ പുതിയ അക്കാദമിക് ബ്ലോക്ക് 6.224 കോടി
• കൊടുങ്ങല്ലൂർ ലോകമലേശ്വരം ഗവ. ഗേൾസ് ഹൈസ്‌കൂൾ കെട്ടിട നിർമാണം - മൂന്നു കോടി രൂപ
• കൊടുങ്ങല്ലൂർ ഗവ. ഹൈസ്‌കൂൾ (ബോയ്‌സ്) കെട്ടിടം - മൂന്നു കോടി
• കൊടുങ്ങല്ലൂർ -പുല്ലൂറ്റ് സമാന്തര പാലം - 24.49 കോടി
• പറയൻ തോടിന് കുറുകെയുള്ള പാറക്കൂട്ടം പാലം - 35.7 കോടി
• ഗോതുരുത്ത് - കരൂപ്പടന്ന പാലം - 3.139 കോടി
• കുണ്ടൂർ - കുത്തിയതോട് പാലം- 14.774 കോടി
• കോണത്തുകുന്ന് ഗവ. യു.പി സ്‌കൂളിനായുള്ള ഹൈടെക് കെട്ടിടം - 5.228 കോടി
• പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ, മേലഡൂർ ഗവ. സമിതി ഹയർസെക്കൻഡറി സ്‌കൂൾ, പുത്തൻചിറ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ ഒരു കോടി രൂപ വീതം.

മണലൂരിന് മുല്ലശ്ശേരി സ്‌കൂൾ

പാവറട്ടി - പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭാഗമായി മുല്ലശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ് . സർക്കാരിൽ നിന്ന് അഞ്ച് കോടിയും മുരളി പെരുനെല്ലി എം.എൽ.എ.യുടെ ആസ്തി വികസന പദ്ധതിയിൽ നിന്ന് 17 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.

• തൃശ്ശൂർ -കുറ്റിപ്പുറം റോഡിൽ മുഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെ 5.5 കി. മീറ്റർ നാലുവരിപ്പാതയാക്കി വികസിപ്പിക്കൽ - 78 കോടി. റോഡ് നിർമാണത്തിനുള്ള രൂപരേഖ തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
• വാടാനപ്പള്ളി ഗവ.ഫിഷറീസ് യു.പി. സ്‌കൂളിന് ഒരു കോടി. നിർമാണ പ്രവൃത്തികൾ ആരംഭിച്ചു.
• കേച്ചേരി ഗവ. യു.പി. സ്‌ക്കൂളിന് കെട്ടിടം നിർമിക്കാൻ ഒരു കോടി. കെട്ടിട നിർമാണം അവസാനഘട്ടത്തിൽ.
• മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും ആധുനിക ക്ലാസ്സ് മുറികൾ സജ്ജീകരിച്ചു.
• നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന് കിഫ്‌ബി ഫണ്ട് ലഭ്യമാക്കി. മണലൂർ, പാടൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി, തൈക്കാട്, എളവള്ളി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു.
• നാട്ടിക ഫർക്ക ഫെയ്‌സ് ഒന്ന് കുടിവെള്ള പദ്ധതി മണലൂർ മണ്ഡലത്തിനു കൂടിയുള്ളതാണ്. പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 66 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്.
• തൃശ്ശൂർ കോർപ്പറേഷനും സമീപ പഞ്ചായത്തുകൾക്കുമുള്ള മറ്റൊരു കുടിവെള്ള പദ്ധതിയിലും മണലൂർ മണ്ഡലം ഉൾപ്പെടുന്നു. 185 കോടി രൂപയുടെ പദ്ധതിയാണിത്. പദ്ധതിക്ക് കിഫ്‌ബി അംഗീകാരം കിട്ടിയിട്ടുണ്ട്.

ചാലക്കുടിയിൽ 220 കെ.വി. സബ്സ്റ്റേഷൻ
ചാലക്കുടി
ചാലക്കുടിയിലെയും സമീപ പഞ്ചായത്തുകളിലെയും വൈദ്യുതി വിതരണ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കിഫ്ബിയുടെ സഹായത്തോടെ സ്ഥാപിക്കുന്ന 220 കെ.വി. സബ്‌സ്റ്റേഷന്റെ നിർമാണം ദ്രുതഗതിയിലാണ് നടക്കുന്നത്. നിലവിലുണ്ടായിരുന്ന 110 കെ.വി. സബ്‌സ്റ്റേഷനാണ് 220 കെ.വി. യാക്കി ഉയർത്തുന്നത്.

കിഫ്ബിയിൽ നിന്നുള്ള 70 കോടി രൂപ ചെലവിലാണ് നിർമാണം. പവർ സ്റ്റേഷന്റെയും അനുബന്ധ കെട്ടിടത്തിന്റെയും നിർമാണമാണ് പുരോഗമിക്കുന്നത്. നവംബറിൽ കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യം.

കിഫ്ബിയിൽ നിന്നുള്ള 10 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം 80 ശതമാനവും പൂർത്തിയായി. ബാസ്‌കറ്റ് ബോൾ, വോളി, ഷട്ടിൽ എന്നിവയ്ക്കായി മൾട്ടിലെവൽ കോർട്ടുകളാണ് ഒരുങ്ങുന്നത്. ഡ്രസിങ് റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുങ്ങുന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ നഗരസഭ നൽകിയ സ്ഥലത്താണ് നിർമാണം.

ചാലക്കുടി പനമ്പിള്ളി സ്മാരക കോളേജിൽ ഏഴുകോടി രൂപ ചെലവിൽ സയൻസ് ബ്ലോക്കും ഒരുങ്ങുന്നു. പണികൾ 70 ശതമാനത്തിലധികം പൂർത്തിയായി. ചാലക്കുടി സർക്കാർ ബോയ്‌സ് സ്‌കൂളിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളൊരുങ്ങുന്നു. അഞ്ചു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

• മുരിങ്ങൂർ -ഏഴാറ്റുമുഖം റോഡ് - 31.23 കോടി. നിർമാണോദ്‌ഘാടനം നടത്തി.
• മലയോര ഹൈവേ - 80.57 കോടി. ഭൂമിയേറ്റെടുക്കൽ ജോലികൾ നടക്കുന്നു.
• ചാലക്കുടി -ആനമല റോഡ് പുനരുദ്ധാരണം - 27.96 കോടി. നിർമാണം പുരോഗമിക്കുന്നു.
• വേളൂക്കര -മോതിരക്കണ്ണി, കുറ്റിക്കാട് -പൂവത്തിങ്കൽ റൗണ്ട് റോഡ് - 30.56 കോടി. നിർമാണം തുടങ്ങി.
• ചിറങ്ങര റെയിൽവേ മേൽപ്പാലം - 21.08 കോടി. ഭൂമിയേറ്റെടുക്കൽ തുടങ്ങി.
• ആറങ്ങാലി കടവ് പാലം - 35 കോടി. ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങി.
• പാറക്കൂട്ടം പാലം, റോഡ് -35 കോടി, ടെൻഡർ നടപടി തുടങ്ങി.
• കാഞ്ഞിരപ്പിള്ളി - കുന്നപ്പിള്ളി പാലം- 15 കോടി. സാങ്കേതികാനുമതിയായി.
• കോടശ്ശേരി -അതിരപ്പിള്ളി -പരിയാരം കുടിവെള്ള പദ്ധതി - 58.67 കോടി . നിർമാണം ഉടൻ തുടങ്ങും.
• ചായ്പൻകുഴി എച്ച്.എസ് .എസ് . കെട്ടിടം- ഒരു കോടി. ടെൻഡർ നടപടികൾ പൂർത്തിയായി.
• കൊടകര എച്ച്.എസ് .എസ് . കെട്ടിടം- ഒരു കോടി. ടെൻഡർ നടപടികൾ പൂർത്തിയായി.
• കൊരട്ടി എൽ.പി.എസ് . കെട്ടിടം - ഒരു കോടി. 80 ശതമാനം ജോലികളും പൂർത്തിയായി.
• ചിറങ്ങരയിൽ ശബരിമല ഇടത്താവളം - ഒരു കോടി. ടെൻഡറായി.
• ചാലക്കുടി സർക്കാർ ഐ.ടി. ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തൽ - 7.7 കോടി. ടെൻഡറായി.

ഗുരുവായൂരിൽ 15 സ്‌കൂളുകൾ 'സ്മാർട്ടായി'

ഗുരുവായൂർ - നിയോജക മണ്ഡലത്തിൽ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ കിഫ്ബിയുടെ സഹായം വിനിയോഗിച്ചത് കൂടുതലും സ്‌കൂളുകളുടെ വികസനങ്ങൾക്കായിരുന്നു. എട്ടു മുതൽ പ്ലസ്‌ടു വരെയുള്ള ക്ലാസ്സുമുറികൾ സ്മാർട്ടാക്കി .

വടക്കേക്കാട് പഞ്ചായത്തിലെ കൊച്ചന്നൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും പുന്നയൂർക്കുളം പഞ്ചായത്തിലെ ചെറായി ജി.യു.പി.സ്‌കൂളിലുമാണ് കെട്ടിട നിർമാണങ്ങൾ പൂർത്തിയായത്. ചാവക്കാട് നഗരസഭയിലെ മണത്തല ഗവ. സ്‌കൂളിലെ കെട്ടിട നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മണ്ഡലത്തിൽ 15 സ്‌കൂളുകൾ സ്മാർട്ടാക്കി.

കിഫ്‌ബി തുക ഉപയോഗിച്ച് പണിയുന്ന നിയോജക മണ്ഡലത്തിലെ പ്രധാന പദ്ധതിയാണ് ഗുരുവായൂർ മേൽപ്പാലം. കിഴക്കേനടയിലെ റെയിൽവേ ക്രോസിൽ 463 മീറ്റർ നീളവും 8.2 മീറ്റർ വീതിയുമുള്ളതാണ് പാലം. ടെൻഡർ നടപടികളിലാണിപ്പോൾ. വൈകാതെ നിർമാണം തുടങ്ങും. പാലം വരുന്നതോടെ കിഫ്ബിയുടെ ശ്രദ്ധേയ പദ്ധതികളിലൊന്നായി ഗുരുവായൂർ മേൽപ്പാലം സ്ഥാനം പിടിക്കും. തീരദേശമേഖലയ്ക്ക് വികസന പാക്കേജ് കിഫ്‌ബി പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാവക്കാട് താലൂക്കാസ്പത്രിയിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം 95 ശതമാനം പൂർത്തിയായി.

• ഗുരുവായൂർ മേൽപ്പാലം - 25 കോടി
• ചിങ്ങാനത്ത് കടവ് പാലം- 40 കോടി
• ചാവക്കാട് മണത്തല സ്‌കൂൾ - 5 കോടി
• കൊച്ചന്നൂർ ഗവ. എച്ച്. എസ് .എസ് . - 3 കോടി
• ചെറായി ജി.യു.പി. സ്‌കൂൾ - ഒരു കോടി
• മന്ദലാംകുന്ന് ജി.യു.പി സ്‌കൂൾ - 60 ലക്ഷം
• ചമ്മന്നൂർ സ്‌കൂൾ- ഒരു കോടി

ചുവടുറപ്പിച്ച് പഴഞ്ഞി സ്‌കൂൾ

കുന്നംകുളം- പഴഞ്ഞിയിലെ സർക്കാർ സ്‌കൂളിന് കിഫ്ബിയിൽ നിന്ന് അനുവദിച്ച മൂന്ന് കോടി രൂപയിൽ ഹൈസ്‌കൂൾ വിഭാഗത്തിന് മൂന്ന് നിലകളിൽ 14 ക്ലാസ് മുറികളടങ്ങിയ കെട്ടിടത്തിന്റെ നിർമാണമാണ് പൂർത്തിയായത് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് നിർമാണം.

• കുന്നംകുളം, അക്കിക്കാവ് സബ് രജിസ്ട്രാർ ഓഫീസുകൾ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി. ഒരു കോടി രൂപ വീതമാണ് അനുവദിച്ചത് .
• കടവല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് അഞ്ച് കോടി അനുവദിച്ചു. • എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് മൂന്ന് കോടി രൂപ അനുവദിച്ചു.
• കുന്നംകുളം ഗവൺമെന്റ് മോഡൽ ബോയ്‌സ് എച്ച്.എസ് .എസ് ., കുന്നംകുളം ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ് .എസ്., വേലൂർ ആർ.എസ്. ആർ.വി. എച്ച്. എസ് . എന്നിവയ്ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു.
• അക്കിക്കാവ് -കടങ്ങോട് -എരുമപ്പെട്ടി റോഡ് നിർമാണം - 12.05 കോടി.
• കേച്ചേരി -അക്കിക്കാവ് ബൈപ്പാസ് റോഡ് പുനർനിർമാണത്തിന് 32.66 കോടി രൂപയുടെ ഡി.പി.ആർ. തയ്യാറാക്കി.
• കുന്നംകുളം നഗരവികസനത്തിന് നൂറ് കോടി രൂപയുടെ ഡി.പി.ആർ. സമർപ്പിച്ചു.
• കുന്നംകുളം നഗരത്തിലെ റിങ് റോഡുകളുടെ വികസനത്തിന് 82 കോടി രൂപയുടെ ഡി.പി.ആർ. സമർപ്പിച്ചു.
• കുന്നംകുളം താലൂക്ക് ആശുപത്രിക്ക് 97.11 കോടി രൂപയുടെ പദ്ധതി ആരോഗ്യവിഭാഗത്തിന്റെ സാങ്കേതികാനുമതിക്ക് നൽകി.
• വടക്കാഞ്ചേരിപ്പുഴയുടെ സംരക്ഷണത്തിന് കാഞ്ഞിരക്കോട് മുതൽ പാത്രമംഗലം, മുട്ടിക്കൽ, കീഴ്തണ്ടിലം വരെയുള്ള നിർമാണപ്രവർത്തനത്തിന് 26.5 കോടി രൂപയുടെ ഡി.പി.ആർ. തയ്യാറാക്കി.

ചേലക്കരയിൽ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ചേലക്കര
സംസ്ഥാനത്തു തന്നെ മുഴുവൻ ഹയർസെക്കൻഡറി സ്‌കൂളുകളും ഹൈടെക് പട്ടികയിൽ ഇടം നേടിയ ഏക മണ്ഡലമാണ് ചേലക്കര. 175 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെ മണ്ഡലത്തിൽ നടപ്പാക്കുന്നത്. ഇതിൽ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എന്ന ലക്ഷ്യവുമായി ഹൈടെക് ക്ലാസ് മുറികളുടെ പ്രവൃത്തികൾക്കാണ് മുഖ്യ പരിഗണന.

പട്ടികജാതിസംവരണ മണ്ഡലമായ ചേലക്കര നിയോജക മണ്ഡലത്തിലെ വരുംതലമുറയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതാണ് പദ്ധതി. എട്ട് സ്‌കൂളുകളാണ് ഹൈടെക് ആക്കുന്നത് . നിയോജക മണ്ഡലത്തിലെ മുഴുവൻ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളും ചെറുതുരുത്തി ഗവ. എൽ. പി. സ്‌കൂളുകളുമാണ് ഹൈടെക് ആക്കുന്നത്. ഇതിനായി കിഫ്ബിയിൽ നിന്ന് 25 കോടിയോളം രൂപ ലഭ്യമാക്കിയിട്ടുണ്ട്. ചെറുതുരുത്തി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പണി പൂർത്തിയായി. മറ്റു സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ചെറുതുരുത്തി ഗവ. എൽ.പി.സ്‌കൂൾ. ഒരു കോടി, ചെറുതുരുത്തി ഗവ. എച്ച്.എസ് .എസ് . - അഞ്ച് കോടി, ചേലക്കര എസ് .എം.ടി .ഗവ. എച്ച്.എസ് .എസ് . - മൂന്നു കോടി, പാഞ്ഞാൾ ഗവ. എച്ച്.എസ് .എസ് . - മൂന്നു കോടി, വരവൂർ ഗവ. എച്ച്.എസ് .എസ് . മൂന്നു കോടി, പഴയന്നൂർ ഗവ. എച്ച്.എസ് .എസ് . - മൂന്നു കോടി, ദേശമംഗലം ഗവ. എച്ച്.എസ് .എസ് . - മൂന്നു കോടി, തിരുവില്വാമല ഗവ. എച്ച്.എസ് .എസ് . - മൂന്നു കോടി. എന്നിങ്ങനെയാണ് സ്‌കൂളുകൾക്ക് ഫണ്ട് അനുവദിച്ചത്.

മണ്ഡലത്തിലെ മറ്റ് പദ്ധതികൾ

• പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലത്തുള്ള ചേലക്കര ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, ചേലക്കര ഗവ. പോളിടെക്നിക്ക് കോളേജ് - അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി 11.73 കോടി. രണ്ടിടങ്ങളിലും പുതിയ അക്കാദമിക് ബ്ലോക്ക് കെട്ടിട നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു.
• വേനലിലെ കൊടുംവരൾച്ചയിൽ ആശ്വാസമാണ് ചെറുതുരുത്തി തടയണ. തൃശ്ശൂർ -പാലക്കാട് ജില്ലകളിലെ ഭാരതപ്പുഴതീരത്തെ ജനങ്ങൾക്ക് ഗുണപ്രദമാകുന്ന വലിയൊരു ആശ്വാസപദ്ധതിയാണ് ചെറുതുരുത്തി തടയണ. 360 മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലുമായി ഭാരതപ്പുഴയ്ക്ക് കുറുകെയാണ് തടയണ സ്ഥാപിച്ചിട്ടുള്ളത് . ഇതിനായി കിഫ്ബിയിൽ നിന്ന് 14.63 കോടി രൂപ ചെലവഴിച്ചു.
• കൊണ്ടാഴി - കുത്താമ്പുള്ളി പാലം, ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂർ പാലം എന്നീ പദ്ധതികൾക്ക് ടെൻഡർ നടപടികളായി. കൊണ്ടാഴി -കുത്താമ്പുള്ളി പാലം -19 കോടി, കൊണ്ടയൂർ പാലം -50 കോടി.
• ചേലക്കര ബൈപ്പാസ്. വാഴക്കോട് -പ്ലാഴി സംസ്ഥാനപാതയിൽ ചേലക്കര പഞ്ചായത്തിലാണ് നിർദിഷ്ട ബൈപ്പാസ്. സ്ഥല പരിശോധന പൂർത്തിയായി - 54 കോടി.
• പഴയന്നൂർ സബ് രജിസ്ട്രാർ ഓഫീസ്. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റി. കിഫ്ബിയിൽ നിന്ന് 64 ലക്ഷം രൂപയാണ് ലഭ്യമാക്കിയത്. ഒരു വർഷത്തിനുള്ളിൽ തന്നെ പണി പൂർത്തിയാക്കുകയും ചെയ്തു.

നാട്ടികയ്ക്ക് നൽകും ശുദ്ധജലം

തൃപ്രയാർ
ഒമ്പത് പദ്ധതികളിലായി 145.82 കോടി രൂപയാണ് കിഫ്‌ബി പദ്ധതിയിൽ നിന്ന് നാട്ടിക നിയോജക മണ്ഡലത്തിന് ലഭിച്ചത്. കിഫ്‌ബി പദ്ധതിയിൽ നിന്ന് നാട്ടികയ്ക് പ്രധാനമായും ലഭിക്കുക ശുദ്ധജലമാണ് കിഫ്ബിയിൽ നിന്നനുവദിച്ച 68 കോടി രൂപ നാട്ടികക്കാർക്ക് തടസ്സമില്ലാതെ ശുദ്ധജലം ഉറപ്പാക്കും. ടെൻഡർ നടപടികൾ പൂർത്തിയായ പദ്ധതി സെപ്റ്റംബറിൽ നിർമാണം തുടങ്ങും. പുതിയ കിണറുകൾ, സംസ്കരണ ശാല, ജനറേറ്ററുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി വരും. തീരദേശത്തെ പത്ത് പഞ്ചായത്തുകളിലെ കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കും. നാട്ടികയ്ക്ക് പുറമേ, കയ്പമംഗലം, മണലൂർ, ഗുരുവായൂർ മണ്ഡലങ്ങൾക്ക് കൂടി പദ്ധതി പ്രയോജനപ്പെടും. 34 കോടി രൂപയുടെ മറ്റൊരു പദ്ധതിയും നാട്ടികയ്ക്ക് കിഫ്‌ബി നൽകുന്നുണ്ട്. ചാഴൂർ, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിനാണ് പദ്ധതി പരിഹാരം കാണുക.

• തൃപ്രയാറിൽ പുതിയ പാലം നിർമിക്കാൻ 28.64 കോടി. പാലം നിർമാണത്തിന്റെ പ്രാരംഭ നടപടികൾ തുടങ്ങി. ഭൂമി ഏറ്റെടുക്കൽ ഏറെക്കുറെ പൂർത്തിയായി. ഡിസൈൻ അംഗീകരിച്ചു. നിലവിലെ പാലത്തിന്റെ വടക്ക് ഭാഗത്താണ് പുതിയ പാലം നിർമിക്കുക.
• തൃപ്രയാർ സബ് രജിസ്ട്രാർ ഓഫീസ് 1.18 കോടി. നൂറ്റാണ്ടിലേറെ പഴക്കമുള്ള സബ് രജിസ്ട്രാർ ഓഫീസ് പൊളിച്ച് പുതിയ കെട്ടിടം പണിയുന്ന പ്രവൃത്തിക്ക് തുടക്കമായി.
• നാട്ടിക ഗവ. ഫിഷറീസ് സ്‌കൂളിന് മൂന്ന് കോടി. രണ്ടു നിലകളിലുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ചേർപ്പ് ഗവ. സ്‌കൂളിന് അഞ്ച് കോടി. നിർമാണ പ്രവൃത്തി വരികയാണ്.
• പെരിങ്ങോട്ടുകര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ - രണ്ടു കോടി വിനിയോഗിച്ചുള്ള കെട്ടിട നിർമാണം പൂർത്തിയാകാറായി.
• കിഴുപ്പിള്ളിക്കര ഗവ. നളന്ദ ഹയർസെക്കൻഡറി സ്‌കൂൾ- ഒരു കോടി.
• വലപ്പാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ- മൂന്ന് കോടി.
നടവരമ്പ് സ്‌കൂൾ ഉയരങ്ങളിലേയ്ക്ക്

ഇരിങ്ങാലക്കുട- നിയോജക മണ്ഡലത്തിൽ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തിരഞ്ഞെടുക്കപ്പെട്ട നടവരമ്പ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടനിർമാണം പുരോഗമിക്കുന്നു. കിഫ്ബിയില് നിന്നുള്ള അഞ്ച് കോടിയും 41 ലക്ഷം എം.എൽ.എ. ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.

ആദ്യ ഘട്ടത്തിൽ താഴത്തെ നിളയുടെ പ്രവൃത്തികൾ മാത്രമാണ് നടത്തുന്നത്. 15,000 ചതുരശ്ര അടിയിലാണ് താഴത്തെ നില ഒരുക്കുന്നത്. ഇതിന്റെ നിർമാണ പ്രവൃത്തികൾ നവംബറോടെ പൂർത്തിയാക്കി ഡിസംബറോടെ കൈമാറ്റം ചെയ്യാനാകും. ഇതിനു പുറമെ ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ്, മോഡൽ ബോയ്‌സ് സ്‌കൂളുകളുടെ വികസനം, രണ്ടു റോഡുകളുടെ നവീകരണം , പറയൻകടവ് പാലം നിർമാണം എന്നിവയടക്കം 85.94 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്‌ബി വഴി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്നത് . ഇതിൽ റോഡുകളുടെ നവീകരണ പ്രവൃത്തികൾ തുടങ്ങുന്നതിന് മുമ്പായി സ്ഥലം ഏറ്റെടുക്കുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു. മറ്റുള്ളവയുടെ ടെൻഡർ നടപടികൾ നടന്നു വരികയാണ്.

• ചാത്തൻ മാസ്റ്റർ റോഡ് നവീകരണം - 10 കോടി
• പറയൻ കടവ് പാലം നിർമാണം - 25.26 കോടി
• കരുവന്നൂർ -കാട്ടൂർ റോഡ് നവീകരണം - 43.68 കോടി
• ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ- ഒരു കോടി
• ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ- ഒരു കോടി

തീരദേശം അതിവേഗം മുന്നോട്ട്

കൊടുങ്ങല്ലൂർ - കയ്പമംഗലം നിയോജകമണ്ഡലത്തിൽ തീരദേശ ഹൈവേയുടെ ഭാഗമായി എറണാകുളം, തൃശ്ശൂർ ജില്ലയുടെ തീരപ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കോട് -മുനമ്പം പാലം പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. 154.626 കോടി രൂപയുടെ ഭരണാനുമതിയാണ് കിഫ്‌ബി നൽകിയിട്ടുള്ളത്. പാലത്തിനാവശ്യമാ സ്ഥലം ഏറ്റെടുക്കുന്നതിന് 24.616 കോടി രൂപയാണ് നീക്കി വച്ചു. പാലം നിർമാണത്തിനാവശ്യമായ നാഷണൽ വാട്ടർ വേസ് ഓഫ് ഇന്ത്യയുടെ കേന്ദ്ര തുറമുഖ വകുപ്പിന്റേയും അംഗീകാരം, സാമൂഹിക പ്രത്യാഘാത പഠനം, പരിസ്ഥിതി പ്രത്യാഘാത പഠനം എന്നിവ പൂർത്തിയാക്കി മണ്ണ് പരിശോധനയ്ക്കുള്ള ടെൻഡർ നോട്ടീസ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുഴയിലൂടെ കപ്പലുകൾക്ക് പോകാൻ സാധിക്കുന്ന വിധത്തിലാണ് നിർമാണം.

കിഫ്‌ബി അനുവദിച്ച 3.13 കോടി രൂപ കൊണ്ട് പുനർജനി പദ്ധതിയിലൂടെ മണ്ഡലത്തിലെ 63 വിദ്യാലങ്ങളിൽ ഐ.സി.ടി. പഠനോപകരണങ്ങൾ നൽകി. കിഫ്‌ബി ഫണ്ടിൽ നിന്നുള്ള അഞ്ച് കോടി രൂപയും എം.എൽ.എ. ഫണ്ടിൽ നിന്ന് 1.52 കോടി രൂപയും പൂർവ വിദ്യാർഥിയായ അമീർ അഹമ്മദ് നൽകിയ ഒരു കോടി രൂപയുമടക്കം 7.52 കോടി രൂപ ചെലവഴിച്ച് എറിയാട് ഗവ. കേരള വർമ ഹയർസെക്കൻഡറി സ്‌കൂളിൽ നിർമിക്കുന്ന കെട്ടിടം പൂർത്തിയായി വരികയാണ്. സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭാഗമായാണ് കെട്ടിട നിർമാണം.

• ചാമക്കാല ഗവ. മാപ്പിള ഹയർസെക്കൻഡറി സ്‌കൂൾ- ഒരു കോടി രൂപ
• എടവിലങ്ങ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ- ഒരു കോടി രൂപ
• പെരിഞ്ഞനം ഗവ. യു.പി. സ്‌കൂൾ - ഒരു കോടി
• ശാന്തിപുരം മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ - ഒരു കോടി
• കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ - ഒരു കോടി
• നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതി - 14.5 കോടി രൂപ

സംസ്ഥാനത്തു തന്നെ മുഴുവൻ ഹയർസെക്കൻഡറി സ്‌കൂളുകളും ഹൈടെക് പട്ടികയിൽ ഇടം നേടിയ ഏക മണ്ഡലമാണ് ചേലക്കര. അഞ്ചു കോടി അനുവദിച്ച ചെറുതുരുത്തി ഗവ.എച്ച്.എസ്.എസ്., മൂന്നു കോടി അനുവദിച്ച വരവൂർ ഗവ.എച്ച്. എസ്. എസ്. എന്നിവയുൾപ്പെടെ എട്ടു സ്ക്കൂളുകൾക്കായി 25 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്.

70.56 കോടി രൂപയുടെ കിഫ്‌ബി ഫണ്ട് അനുവദിച്ച ഐ.എം. വിജയൻ ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്പോർട്സ് കോംപ്ലക്സ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായി. സംസ്ഥാന യുവജന കായിക ക്ഷേമ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന പദ്ധതി തൃശ്ശൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 14 ഏക്കർ സ്ഥലത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്.

എറികാട് ഗവ. കേരളവർമ ഹയർസെക്കൻഡറി സ്‌കൂളിൽ കിഫ്‌ബി ഫണ്ടിന്റെ കൂടി സഹായത്താൽ നിർമിക്കുന്ന കെട്ടിടം പൂർത്തിയായി വരികയാണ്. ഇതിനായി അഞ്ച് കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചത്.



അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കിയുള്ള നിർമാണം ഗുണകരം

എ.സി. മൊയ്തീൻ
എം.എൽ.എ

സാധാരണ രീതിയിലുള്ള നിർമാണ പ്രവർത്തനമല്ല കിഫ്ബിയുടേത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പദ്ധതിയുടെ തുടക്കം മുതൽ തയ്യാറാക്കുന്നത്. ഭാവിയുടെ വികസനം കൂടി ഇവർ തയ്യാറാക്കുന്ന സമഗ്രപദ്ധതിയിൽ ഉൾപ്പെട്ടിരിക്കും. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും വിദഗ്ധ സമിതിയിലുള്ള അംഗങ്ങളും എന്ജിനീയർമാരും പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. ആശുപത്രി, സ്കൂൾ, റോഡുകൾ എന്നിവ നിർമിക്കുമ്പോൾ അതിന് അനുബന്ധമായി ഉണ്ടായിരിക്കേണ്ട സൗകര്യങ്ങൾ കൂടി ഉൾപ്പെട്ടിട്ടുണ്ടാകും. സമഗ്ര വികസന പദ്ധതി അനുസരിച്ച് നിർമാണം തുടങ്ങുമ്പോൾ ഇടയ്ക്കിടെയുള്ള മാറ്റങ്ങൾ വേണ്ടി വരുന്നില്ല. പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചാൽ സമയബന്ധിതമായി പൂർത്തിയാക്കാനാകും. തുടർച്ചയായി പരിശോധനകൾ നടക്കുന്നതിനാൽ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചകളുണ്ടാകില്ല.

യാഥാർത്ഥ്യമാകുന്നത് എൽ.ഡി.എഫിന്റെ ബദൽ സാമ്പത്തിക നയം

മന്ത്രി സി. രവീന്ദ്രനാഥ്
പുതുക്കാട്

കിഫ്ബിയിലൂടെ വികസന രംഗത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ ബദൽ സാമ്പത്തിക നയമാണ് യാഥാർത്ഥ്യമാകുന്നത്. പുതുക്കാട് മണ്ഡലത്തിൽ കിഫ്ബിയിലൂടെ 290 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കി വരുന്നത്. സംസ്ഥാന ബജറ്റിലൂടെ ഒരു മണ്ഡലത്തിൽ നടത്താൻ കഴിയുന്ന വികസന പദ്ധതികളുടെ നിരവധി മടങ്ങ് വികസന പ്രവർത്തനവും മൂലധന നിക്ഷേപവും കിഫ്ബിയിലൂടെ നടത്താനായി.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിയും

മന്ത്രി വി.എസ്. സുനിൽകുമാർ
എം.എൽ.എ തൃശൂർ

കിഫ്ബിയുടെ സഹായത്തോടെയുള്ള പദ്ധതികൾ ഈ സർക്കാറിന്റെ കാലത്ത് തന്നെ പൂർത്തിയാക്കനാകുമെന്നതിനാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയും. ആരോഗ്യം, വിദ്യാഭ്യാസം, സ്പോർട്സ്, അടിസ്ഥാന സൗകര്യം തുടങ്ങിയവയ്ക്ക് ഊന്നൽ നൽകിയുള്ള വികസനമാണ് നടത്തിയത്. സ്കൂളുകളുടെ വിസകനത്തിൽ എല്ലാ സ്കൂളുകൾക്കും തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്. നഗരം തൊടാതെ പ്രധാന റോഡുകളിൽ എത്താനാവുന്ന പദ്ധതിയാണ് അടുത്ത ഘട്ടത്തിൽ.

മാനദണ്ഡങ്ങൾ പ്രായോഗികമാക്കണം

അനിൽ അക്കര
എം.എൽ.എ

മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ യൂണിറ്റിന് 128 കോടി രൂപ കിഫ്ബിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബിയിലെ പ്രധാന ന്യൂനത പ്രായോഗികമല്ലാത്ത മാനദണ്ഡങ്ങളാണ്. ഒരു യൂണിറ്റിൽ പത്ത് കോടി രൂപയുടെ പദ്ധതി എന്നത് സാങ്കേതികമായി തടസ്സങ്ങളുണ്ടാക്കുന്നു. അടങ്കൽ അനിവാര്യമായ സാഹചര്യങ്ങളിൽ പുതുക്കുന്നതിന് അനുവാദമില്ലാത്തത് ന്യൂനതയാണ്.

വലിയ സാധ്യതകളുള്ള പദ്ധതി

യു.ആർ. പ്രദീപ് എം.എൽ.എ
ചേലക്കര നിയോജകമണ്ഡലം

ചേലക്കര നിയോജകമണ്ഡലത്തിൽ കിഫ്ബി മുഖേന 175 കോടി രൂപയുടെ പദ്ധതിയുണ്ട്. ബജറ്റ് വിഹിതത്തിനു പുറമേയാണിത്. ബജറ്റ് വിഹിതമായി ഇത്രയും തുക കണ്ടെത്തണമെങ്കിൽ പത്ത് മുപ്പത് വർഷങ്ങൾ വേണ്ടിവരും. ഇത്രയും വികസനം ഇപ്പോൾ തന്നെ കിഫ്ബി പദ്ധതികളിലൂടെ നടക്കുന്നു എന്നതാണ് കിഫ്ബിയുടെ സാധ്യതകളായി നാം കാണേണ്ടത്.

വികസനത്തിന് ഉപകാരപ്രദമായ സാമ്പത്തിക ഉറവിടം

കെ. രാജൻ
എം.എൽ.എ

കേരളത്തിന്റെ വികസനത്തിന് വളരെ ഉപകാരപ്രദമായ സാമ്പത്തിക ഉറവിടമാണ് കിഫ്ബി. പണമില്ലാത്തതിന്റെ പേരിൽ രണ്ടു പതിറ്റാണ്ടുകളായി മാറ്റിവയ്ക്കപ്പെട്ട പല പ്രവൃത്തികളും അതുവഴി നടപ്പിലാക്കാനായി. തുടക്കത്തിൽ ആശങ്കയോടെ വിലയിരുത്തിയ ഉദ്യമം പിന്നീട് അടിയന്തര സഹായ സ്രോതസ്സായി മാറിയതാണ് നാം കണ്ടത്. ഒല്ലൂർ മണ്ഡലത്തിൽ ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാട്ടാവൻ സുവോളജിക്കൽ പാർക്ക് മാത്രം മതി. കാൻ നൂറ്റാണ്ടായി ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് ജീവൻ വെച്ചത് കിഫ്ബിയുടെ സഹായം കൊണ്ടാണ്. 350 കോടി രൂപ ചെലവു വരുന്ന പദ്ധതിക്ക് 20 കോടി രൂപ മാത്രമാണ് പതിന‍ഞ്ചു വർഷം കൊണ്ട ലഭിച്ചിട്ടുള്ളത്. ബാക്കിയെല്ലാം കിഫ്ബിയാണ് നൽകിയത്. മണ്ഡലത്തിലെ ഒട്ടേറെ വികസനങ്ങൾക്കും കിഫ്ബി വഴി പണം ലഭിച്ചിട്ടുണ്ട്.

നാടിന്റെ വികസനം ദ്രുതഗതിയിലാക്കി

ബി.ഡി. ദേവസി എം.എൽ.എ.
ചാലക്കുടി

427.57 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിൽ ചാലക്കുടി നിയോജകമണ്ഡലത്തിൽ അനുവദിച്ചിട്ടുള്ളത്. പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞ് നടപ്പാക്കാൻ കഴിയുന്ന പദ്ധതികളാണ് കിഫ്ബി വഴി ഇപ്പോൾ നടത്താൻ കഴിയുന്നത്. ഇത് നാടിന്റെ വികസനം ദ്രുതഗതിയിലാക്കും. കെ.എസ്.ഇ.ബി. സബ്സ്റ്റേഷൻ, ഇൻഡോർ സ്റ്റേഡിയം, ചാലക്കുടി സർക്കാർ സ്കൂൾ കെട്ടിടം എന്നിവ ഉടൻ പൂർത്തിയാക്കും. മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിന്റെ നിർമാണവും പെട്ടെന്ന് പൂർത്തീകരിക്കും.

വികസനം അതിവേഗം

വി.ആർ. സുനിൽകുമാർ എം.എൽ.എ.
കൊടുങ്ങല്ലൂർ

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികൾ നടപ്പാക്കാനായി ധനവകുപ്പിന് കീഴിൽ രൂപവത്കരിച്ച കിഫ്ബി സർക്കാർ വിഭാവനം ചെയ്ത രീതിയിൽ തന്നെ ഉയർന്നു. വികസനം അതിവേഗം നടക്കുന്നതിന് വളരെ സഹായകരമായതിൽ സന്തോഷമുണ്ട്. എന്റെ നിയോജക മണ്ഡലത്തിൽ 111.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ പ്രളയവും മറ്റു ദുരന്തങ്ങളും ഇപ്പോൾ മഹാമാരിയും മൂലം കോരളം സാമ്പത്തിക ഞെരുക്കം നേരിടുന്ന ഈ സമയത്ത് കേരളത്തിന്റെ അതിജീവനവും വികസന മുന്നേറ്റത്തിനും ഈ പദ്ധതി വളരെ ഉപകാരപ്രദമായിട്ടുണ്ട്.

പ്രാദേശിക വികസനം സമയബന്ധിതമായി പൂര്‍ത്തിയാകുന്നു

കെ.യു. അരുണൻ എം.എൽ.എ.
ഇരിങ്ങാലക്കുട

ബജറ്റിന് പുറത്ത് വികസന പ്രവൃത്തികൾ നടത്താൻ കിഫ്ബി ഗുണപ്രദമാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി സമസ്ത മേഖലയിലും കിഫ്ബി ഫണ്ടുകൾ ഉപയോഗിച്ച് വികസന പ്രവൃത്തികൾ നടത്താന്‍ കഴിയും. നികുതി ഇതര ഫണ്ടുകളാണ് കിഫ്ബിയിലൂടെ ചെലവഴിക്കുന്നത്. ഇതുമൂലം പ്രാദേശികമായി നടപ്പിലാക്കേണ്ട വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുന്നു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ 85.94 കോടിയുടെ വികസന പ്രവൃത്തികളാണ് കിഫ്ബിയിലൂടെ നടപ്പിലാക്കുന്നത്. ഇതിൽ നടവരമ്പ് ഗവ.മോഡൽ സ്കൂൾ കെട്ടിടത്തിന്റെ ആദ്യഘട്ട പ്രവൃത്തികൾ ഡിസംബറോടെ കമ്മിഷൻ ചെയ്യാനാകുമെന്നാണ് കരുതുന്നത്.

ഭാവനാ സമ്പന്നമായ പദ്ധതി

ഇ.ടി. ടൈസൺ എം.എൽ.എ.
കയ്പമംഗലം നിയോജകമണ്ഡലം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതോടൊപ്പം വികസന പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കുന്നതിനുവേണ്ടി ആവിഷ്‌കരിച്ച ഭാവനാ സമ്പന്നമായ പദ്ധതിയാണ് കിഫ്ബി. 177.265 കോടി രൂപയുടെ പദ്ധതികളാണ് കയ്പമംഗലം നിയോജക മണ്ഡലത്തിൽ മാത്രം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അടുത്ത പത്ത് വർഷത്തിന് ശേഷം മാത്രം ആലോചിക്കാൻ സാധിക്കുന്ന ഈ പദ്ധതികൾ ഇപ്പൊഴേ നടപ്പിലാക്കുന്നതിലൂടെ വലിയ നേട്ടങ്ങളാണ് മണ്ഡലത്തിൽ കൈവരുന്നത്. ആ അർത്ഥത്തിൽ കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലുകളിലൊന്നായി മാറുകയാണ് കിഫ്ബി.

ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റി

ഗീതാ ഗോപി എം.എൽ.എ.
നാട്ടിക

വലിയ പദ്ധതികൾ കൊണ്ടുവരാൻ കിഫ്ബി ആത്മവിശ്വാസം നല്കി. ഗ്രാമീണ മേഖലയിൽ വലിയ പദ്ധതികൾ നടപ്പാക്കാൻ സാധിക്കുന്നത് കിഫ്ബി മൂലമാണ്. ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റാൻ കിഫ്ബി സഹായിക്കുന്നു. വലിയൊരു പദ്ധതി ആവിഷ്കരിച്ചാൽ അത് നടപ്പാകുമെന്ന ആത്മവിശ്വാസം കിഫ്ബി നല്കുന്നുണ്ട്.

ബജറ്റിന് പുറത്ത് പണം

മുരളി പെരുനെല്ലി എം.എൽ.എ.
മണലൂർ നിയോജകമണ്ഡലം

നേരത്തെ ബജറ്റിലൂടെ പണം കണ്ടെത്തി, ബജറ്റ് വഴിയാണ് വികസന പദ്ധതികൾ നടപ്പിലാക്കിയിരുന്നത്. എന്നാൽ കിഫ്ബി വഴി ബജറ്റിന് പുറത്ത് പണം കണ്ടെത്താനായി. ഇതു വഴി വികസന പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കാനും കഴിയുന്നുണ്ട്.

വർത്തമാന കേരളത്തിന്റെ വികസന പ്രതീക്ഷ

കെ.വി. അബ്ദുൾഖാദർ എം.എൽ.എ.
ഗുരുവായൂർ നിയോജകമണ്ഡലം

സംസ്ഥാനത്തിന്റെ വികസനത്തിന് കിഫ്ബി വലിയ സംഭാവനയാണ് നടത്തുന്നത്. കേരളത്തിന്റെ സാമ്പ്രദായികമായ വികസനതലത്തിൽ നിന്ന് വ്യത്യസ്തമായി നാടിന്റെ വികസനത്തിനാവശ്യമായ വലിയ സംഖ്യകൾ ലഭിച്ചുതുടങ്ങിയത് കിഫ്ബി വന്നതിനു ശേഷമാണ്. വരുമാനത്തേക്കാൾ ചെലവു കൂടിയ സംസ്ഥാനമാണ് കേരളം. നികുതി വരുമാനത്തിന്റെ കാര്യത്തിൽ ഇടിവ് സംഭവിച്ചു– പ്രത്യേകിച്ച് ജിഎസ്ടി വന്നതിനുശേഷം. അത്തരമൊരു സാഹചര്യത്തിൽ കിഫ്ബി വഴിയുള്ള സഹായങ്ങൾ അനുഗ്രഹമാണ്. ചുരുക്കിപ്പറഞ്ഞാൽ വർത്തമാമ കേരളത്തിന്റെ വികസന പ്രതീക്ഷയാണ് കിഫ്ബി.