അമ്പലപ്പുഴ – തിരുവല്ല റോഡിന്റെ പൊടിയാടി – തിരുവല്ല ഭാഗത്തിന്റെ നിർമാണത്തിന് 70 കോടി രൂപ അനുവദിച്ചതിലൂടെ റോഡിന്റെ ഉന്നത നിലവാരത്തിലുള്ള പൂർത്തീകരണം സാധ്യമാകും. നേരത്തേ തുക അനുവദിച്ച പള്ളാത്തുരുത്തി – കൈനകരി പാലത്തിന്റെ സ്ഥലമെടുപ്പ് അവസാന ഘട്ടത്തിലാണ്. 50 കോടിയുടെ പദ്ധതിയാണിത്. നാലുചിറ പാലത്തിന് 50 കോടിയും പടഹാരം പാലത്തിന് 60 കോടിയും അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രധാന പാലങ്ങളുടെ നിർമാണമാണ് ഉറപ്പാക്കുന്നത്.
ഇൻഫോപാർക്ക് പാലത്തിനും വയലാർ കവല – നാഗൻകുളങ്ങര റോഡിനും ടൗൺ റോഡുകൾക്കും അനുമതിയായതോടെ ചേർത്തല നഗരത്തിന്റെ വികസനത്തിനു വേഗമേറും. 94.18 കോടിയുടെ പദ്ധതിക്കു സ്ഥലമെടുപ്പു പുരോഗമിക്കുന്നു. ഇരുമ്പുപാലം പൊളിച്ചു പണിതാണു ടൗൺ റോഡുകൾ വികസിപ്പിക്കുന്നത്. 22 കോടിയുടെ പദ്ധതിയാണിത്. മരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കുന്നു. സ്കൂളുകളുടെ വികസനത്തിനും മറ്റുമുള്ള ഒട്ടേറെ പദ്ധതികളും നടപടികളുടെ വിവിധ ഘട്ടങ്ങളിലാണ്.
വലിയഴീക്കൽ – പല്ലന കടൽഭിത്തി നിർമാണത്തിന് 84 കോടി രൂപ അനുവദിച്ചു. 3 വർഷം മുൻപു പ്രഖ്യാപിച്ചതാണ്. ടെൻഡർ നടപടിയായി. ഹരിപ്പാട് ഗേൾസ് ഹൈസ്കൂൾ വികസനത്തിന് 5.2 കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ 20 ലക്ഷം എംഎൽഎ ഫണ്ടിൽനിന്നാണ്. പള്ളിപ്പാട് പഞ്ചായത്തിലെ കൊടുന്താർ പാലത്തിനു തുക ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിട്ടില്ല. ഏറെ പ്രാധാന്യമുള്ള പദ്ധതിയാണിത്. 33 കോടിയാണു ചെലവു കണക്കാക്കുന്നത്.
കായംകുളം താലൂക്ക് ആശുപത്രി വികസനത്തിനുള്ള 58.36 കോടിയുടെ പ്ലാനും എസ്റ്റിമേറ്റും സമർപ്പിച്ചു. മാമ്പ്രക്കന്നേൽ റെയിൽവേ മേൽപാലം (31.211 കോടി) പദ്ധതിയുടെ അതിർത്തികൾ സ്ഥാപിച്ചു, പഠനം പൂർത്തിയാക്കി. സ്ഥലമെടുപ്പു നടപടി പുരോഗമിക്കുന്നു. ഭഗവതിപ്പടി–മല്ലികാട്ട് കടവ് റോഡ്: 23 കോടിയുടെ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. മൾട്ടിപ്ലക്സ് തിയറ്റർ (15.03 കോടി) നിർമാണം തുടങ്ങി. കായംകുളം ബോയ്സ് എച്ച്എസ്എസ് (5.25 കോടി) വികസനം അവസാന ഘട്ടത്തിലാണ്.
നെടുമ്പ്രക്കാട് പാലം (19.91 കോടി) 21% പൂർത്തിയായി. ധീരജവാൻ ജോമോൻ സ്റ്റേഡിയം, പള്ളിപ്പുറം ഐഎച്ച്ആർഡി കോളജ് (8.25 കോടി) വികസനത്തിന്റെ പ്രാരംഭ നടപടികൾ തുടങ്ങി. പെരുമ്പളം പാലം (95.86 കോടി) ആദ്യം ടെൻഡർ ചെയ്ത കമ്പനിയെ ഒഴിവാക്കി, വീണ്ടും ടെൻഡർ നടപടികൾ തുടങ്ങി. തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ (34.83 കോടി) പൈലിങ് തുടങ്ങി. വയലാർ–ഇൻഫോപാർക്ക് പാലം (94.18 കോടി) നിർമാണം വിജ്ഞാപന നടപടികൾ തുടങ്ങി. 32.44 കോടിയുടെ എഴുപുന്ന റെയിൽവേ മേൽപാലം പദ്ധതി നിർദേശം കിഫ്ബിയുടെ അംഗീകാരത്തിനു സമർപ്പിച്ചു. 6 സ്കൂളുകളുടെ വികസന പദ്ധതികൾ വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു.
കിഫ്ബി വഴിയുള്ള പദ്ധതികളിൽ പള്ളിപ്പാട് – ചെന്നിത്തല – ഇലഞ്ഞിമേൽ റോഡ്, കൊല്ലമല– വെണ്മണി– കുളനട റോഡ് എന്നിവ പൂർത്തിയായിക്കഴിഞ്ഞു. ചെങ്ങന്നൂർ സ്റ്റേഡിയത്തിന്റെ (50 കോടി രൂപ) നിർമാണം 40% പൂർത്തിയായി. ചെങ്ങന്നൂർ മണ്ഡലത്തിലെ പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടുന്ന 200 കോടി രൂപയുടെ ചെങ്ങന്നൂർ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞു. ഉടൻ നിർമാണം ആരംഭിക്കും. ചെങ്ങന്നൂർ ജില്ലാ ആശുപത്രി നവീകരണവും (100 കോടി) ചെങ്ങന്നൂർ ഐടിഐയിൽ പുതിയ കെട്ടിടം നിർമാണവും (20 കോടി) നിർമാണഘട്ടത്തിലേക്കു കടക്കുകയാണ്. 200 കോടിയുടെ ചെങ്ങന്നൂർ ബൈപാസ് അംഗീകാരത്തിനു സമർപ്പിച്ചിട്ടുണ്ട്. ഉടൻ പ്രവർത്തനങ്ങൾ തുടങ്ങും.
കിഫ്ബി വഴി ആലപ്പുഴ മണ്ഡലത്തിൽ കോടിക്കണക്കിനു രൂപയുടെ പദ്ധതികൾ പൂർത്തിയായി. പല പദ്ധതികളും നടക്കുന്നു. ചില പദ്ധതികൾ ഉടൻ ആരംഭിക്കാവുന്ന ഘട്ടത്തിലാണ്. സ്ഥലമേറ്റെടുപ്പു പൂർത്തിയായ ചെട്ടികാട് ആശുപത്രിയുടെ നവീകരണവും (100 കോടി രൂപ) ഭരണാനുമതിയായ ചെത്തി ഹാർബർ (100 കോടി) നിർമാണവും സെപ്റ്റംബറിൽ ടെൻഡർ ചെയ്യും. 40 കോടി രൂപ ചെലവിൽ കാവുങ്കൽ – വളവനാട് – വാറാൻകവല റോഡ്, മാരാരിക്കുളം – കളിത്തട്ട്– മാരാരിക്കുളം ബീച്ച് റോഡ്, കണിച്ചുകുളങ്ങര ദേശീയപാത– കണിച്ചുകുളങ്ങര ബീച്ച് റോഡ്, കലവൂർ – കാട്ടൂർ റോഡ്, ബർണാർഡ് ജംക്‌ഷൻ റോഡ്, ഉദയ സ്റ്റുഡിയോ – ബീച്ച ്റോഡ് എന്നിവ പൂർത്തിയാക്കി. ഭരണാനുമതിയായ ആലപ്പുഴ ജില്ലാ കോടതി പാലം (100 കോടി) നിർമാണത്തിന് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി ടെൻഡർ നടപടിയിലേക്ക് ഉടൻ നീങ്ങും. ഭരണാനുമതിയായ ആലപ്പുഴ മൊബിലിറ്റി ഹബ് (400 കോടി), ആലപ്പുഴ ബസ് സ്റ്റാൻഡ് വളവനാടേക്കു മാറ്റിയാലുടൻ ടെൻഡറിലേക്കു കടക്കും. നെഹ്റു ട്രോഫി പാലം (40 കോടി രൂപ) സ്ഥലമേറ്റെടുക്കൽ പൂർത്തിയായി. ചെത്തി ടൂറിസം പ്രോജക്ട് (40 കോടി) ഉടൻ ടെൻഡർ ചെയ്യും. ആലപ്പുഴ പൈതൃക പദ്ധതിയിൽ (100 കോടി) 5 മ്യൂസിയങ്ങളുടെ നിർമാണം അവസാന ഘട്ടത്തിൽ. കടൽപാലം പുനർനിർമാണത്തിന് കിഫ്ബി അനുമതി നൽകിയിട്ടുണ്ട്. ആലപ്പുഴ കനാൽ നവീകരണ പദ്ധതിയിൽ (140 കോടി) 40 കോടിയുടെ ഒന്നാം ഘട്ട പ്രവർത്തനം അവസാന ഘട്ടത്തിലാണ്.
132 കോടി രൂപ ചെലവിൽ മാവേലിക്കര ജില്ലാ ആശുപത്രി നവീകരിക്കുന്ന പദ്ധതിയിൽ 102 കോടിയുടെ ഭരണാനുമതിയായി. ബാക്കി തുക ഉപകരണങ്ങൾ വാങ്ങാാനാണ്. ടെൻഡർ നടപടികൾ പുരോഗതിയിൽ. പുതിയകാവ് – ബുദ്ധ ജംക്‌ഷൻ– കല്ലുമല– കറ്റാനം റോഡ് (18.15 കോടി) നിർമാണം പുരോഗതിയിൽ. താമരക്കുളം – വെറ്റമുക്ക് റോഡിൽ (68 കോടി) മാവേലിക്കര മണ്ഡലത്തിലുൾപ്പെടുന്ന കാമ്പിശ്ശേരി -ചൂനാട്- താമരക്കുളം (20 കോടി) നിർമാണം പുരോഗമിക്കുന്നു. കല്ലുമല റെയിൽവേ മേൽപാലം (38.22 കോടി) കിഫ്ബി അംഗീകരിച്ചു. മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസ് രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ കിഫ്ബിയിൽനിന്ന് 5 കോടിയും എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 1.04 കോടിയും ഉപയോഗിച്ചുള്ള നിർമാണം 3 മാസത്തിനുള്ളിൽ പൂർത്തിയാകും. ചുനക്കര ജിഎച്ച്എസ്എസ്, കാമ്പിശേരി കെകെകെഎം എച്ച്എസ്എസ് (3 കോടി വീതം) എന്നീ സ്കൂളുകൾ സ്മാർട് ആക്കുന്ന ജോലി പൂർത്തിയാകുന്നു. ഡയാലിസിസ് സെന്ററും (ഒരു കോടി) കിഫ്ബിയിൽ അനുവദിച്ചിട്ടുണ്ട്.