കേരളത്തിൽ കിഫ് ബി ഒരുക്കുന്നു വികസന പൂക്കളം
KIIFB
∙ 57,000 കോടി രൂപയുടെ 730 പദ്ധതികൾക്ക് അനുമതി
∙ വിവിധ പദ്ധതികളിൽ വിനിയോഗിച്ചത് 5957.96 കോടി
∙ വരുന്ന 100 ദിവസത്തിനുള്ളിൽ 41 പദ്ധതികളുടെ ഉദ്ഘാടനം

വികസനവഴിയിൽ കേരളം
കിഫ്‌ബി നടത്തിപ്പ് രാജ്യത്തിനു മാതൃക

മുഖ്യമന്തി പിണറായി വിജയൻ

നാം ഒരു പുതിയ കേരളം നിർമിക്കുകയാണ്. ദശാബ്ദങ്ങളായി പറഞ്ഞു കേൾക്കുകയും കടലാസുകളിൽ ഉറങ്ങുകയും ചെയ്തിരുന്ന വികസന പദ്ധതികളാണ് ഇപ്പോൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നത്. അടുത്ത പത്തോ പതിനഞ്ചോ വർഷം കൊണ്ട് പോലും യാഥാർഥ്യമാകാൻ സാധ്യത കുറവായിരുന്നത്ര പദ്ധതികളാണു കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലുമായി പുരോഗമിക്കുന്നത്. രാജ്യത്തിനു പുതിയ വികസന മാതൃക കാഴ്ചവയ്ക്കുകയാണ് കേരളം.
സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതികൾക്കു പണം കണ്ടെത്താൻ നടത്തിയ പ്രവർത്തനങ്ങളും രാജ്യത്തിനു മാതൃകയാണ്. മസാല ബോണ്ട് വിൽപനയിലൂടെ രാജ്യാന്തര ധനകാര്യ വിപണിയിലേക്ക്‌ കാലെടുത്തുവച്ച ആദ്യത്തെ സംസ്ഥാന സർക്കാർ ഏജൻസിയായി കിഫ്‌ബി മാറി. വികസനത്തിന്റെ മുൻഗണനകളെ അഭിമുഖീകരിക്കുന്നതിൽ സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഇതിലൂടെ പ്രതിഫലിച്ചത്. കിഫ്‌ബിയുടെ പ്രവർത്തനത്തിലും സംവിധാനത്തിലും നിക്ഷേപകർക്കുള്ള വിശ്വാസമാണ് സംസ്ഥാനതല ഏജൻസിയായിട്ടു പോലും മികച്ച നിരക്കിൽ പണം ലഭ്യമാക്കാൻ സാധിച്ചത്. പല ധനകാര്യസ്ഥാപനങ്ങളും നമ്മുടെ സുതാര്യവും കാര്യക്ഷമവുമായ പ്രവർത്തനമികവിൽ ആകൃഷ്ടരായി പണം തരാൻ മുന്നോട്ടു വരുന്നുണ്ട് എന്നതു ശുഭസൂചനയാണ്. വൻ പദ്ധതികൾക്കൊപ്പം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളും വികസിക്കേണ്ടതുണ്ട്. അതിനു തെളിവാണു സംസ്ഥാനത്തെ സ്കൂളുകളിൽ ഒരുങ്ങുന്ന 45,000 ഹൈടെക് ക്ലാസ്സ്മുറികളും പതിനായിരത്തോളം സ്‌കൂളുകളിൽ തയാറാകുന്ന ഹൈടെക് ലാബുകളും. 141 സ്‌കൂളുകളാണ് മികവിന്റെ കേന്ദ്രങ്ങളായി മാറുന്നത്. ഇതിനു പുറമേ , 405 സ്‌കൂളുകൾ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ മുടക്കി നവീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ആരോഗ്യ മേഖലയിൽ 50 ഡയാലിസിസ് യൂണിറ്റുകളും 10 കാത്ത് ലാബുകളും വരാൻ പോകുന്നു. ഇരുപത്തി മൂന്നോളം ആശുപത്രികളുടെ നിർമാണവും നവീകരണവും കിഫ്‌ബി ധനലഭ്യത ഉറപ്പു വരുത്തി പൂർത്തീകരിക്കുകയാണ്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും വികസനപ്രവർത്തനങ്ങൾക്ക് കിഫ്‌ബി സഹായം ഉറപ്പു വരുത്തുന്നുണ്ട്. പദ്ധതികൾക്കു ഫണ്ട് അനുവദിച്ച് കയ്യും കെട്ടി നോക്കി നിൽക്കുകയല്ല സർക്കാർ ചെയ്യുന്നത്. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള കർശന നടപടികളും ഒപ്പം ഉണ്ടാകുന്നുണ്ട്. ഗുണനിലവാരമില്ലാത്ത പ്രവൃത്തികൾ കണ്ടെത്തിയാലുടൻ അവ നിർത്തി വയ്പിക്കുകയും പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യും. നടപടികളിൽ ഒരു വിട്ടു വീഴ്ചയും കാണിക്കാതെ പിന്നീട് അവയെ നേരായ വഴിയിലേക്ക് എത്തിക്കും.
മഹാപ്രളയത്തിന്റെയും മഹാമാരിയുടെയും ദുരിതങ്ങൾ അനുഭവിച്ചവരാണു നമ്മൾ. എന്നാൽ, എല്ലാ പ്രതിസന്ധികളെയും മറികടന്നു കേരളം വികസനത്തിന്റെ ശരിയായ ദിശയിൽതന്നെ മുന്നേറുന്നു എന്നതു സന്തോഷവും അഭിമാനവും നൽകുന്നു. ആ സന്തോഷവും അഭിമാനവും നിങ്ങളോടും ഞാൻ പങ്കുവയ്ക്കുന്നു.

കിഫ്‌ബി കേരളത്തിന്റെ ഊർജം

ധനമന്ത്രി ഡോ . തോമസ് ഐസക്

ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത വികസനമുന്നേറ്റതിനു കേരളം സാക്ഷ്യം വഹിക്കുമ്പോൾ അതിന് ഊർജം പകരുന്ന പ്രധാന ഘടകമാണു കിഫ്‌ബി. നിയമസഭ ഏകകണ്ഠമായാണു കിഫ്‌ബി ഭേദഗതി നിയമം പാസാക്കിയത്. സംസ്ഥാന സർക്കാർ അഞ്ചാം വർഷത്തിലേക്കു കടക്കുമ്പോൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കിഫ്ബിക്കു കഴിഞ്ഞിട്ടുണ്ട് . ദീർഘവീക്ഷണവും പ്രായോഗികതയും സമന്വയിക്കുന്ന ആശയങ്ങളാണു കിഫ്ബിയുടെ കാതൽ.
ഇന്ത്യൻ സംസ്ഥാനങ്ങൾ ധനകാര്യരംഗത്തു നടത്തുന്ന ഇടപെടലുകളിൽ ഏറ്റവും നൂതനമായതാണു കിഫ്‌ബി വഴിയുള്ള വിഭവ സമാഹരണം. രാജ്യാന്തര കമ്പോളത്തിൽ നിന്നു മസാല ബോണ്ട് വഴി പണം സമാഹരിക്കുന്ന ആദ്യ സംസ്ഥാന ധനകാര്യ സ്ഥാപനമാണിത്. നേരിട്ട് ആദായം തരാത്ത പദ്ധതികൾ ഏറ്റെടുക്കാൻ ആരു വായ്പ തരുമെന്നു സംശയിച്ചവർക്കുള്ള മറുപടിയായിരുന്നു മസാല ബോണ്ട്. കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ അതിശയോക്തി എന്നാരോപിച്ചിരുന്നവർ പോലും പദ്ധതികൾ ട്രാക്കിലായതോടെ നിശ്ശബ്ദരായിട്ടുണ്ട്.
ദശാബ്ദങ്ങൾക്കു ശേഷം മാത്രം സാധ്യമായേക്കാവുന്ന വികസിത കേരളം ഇന്ന് തന്നെ സൃഷ്ടിക്കാനുള്ള സർക്കാരിന്റെ ഇച്ഛാശക്തിയുടെ നേർസാക്ഷ്യമാണു കിഫ്‌ബി ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ. കിഫ്‌ബി എടുക്കുന്ന വായ്പകൾ പ്രസക്തമാകുന്നതും ഇവിടെയാണ്. 2 പതിറ്റാണ്ടുകൾക്കു ശേഷമായിരുന്നു ഈ പദ്ധതികളെങ്കിൽ ചെലവ് എത്രയോ മടങ്ങ് ഉയരുമായിരുന്നു. അതിനെക്കാൾ എത്രയോ കുറവാണു പലിശച്ചെലവ് എന്നതു വിമർശകർ കണ്ടില്ലെന്നു നടിക്കുകയാണ്. ഇപ്പോൾ പൂർത്തിയായാൽ ഇന്നുള്ളവർക്ക് കൂടി ഈ പദ്ധതികൾ കൊണ്ടുള്ള പ്രയോജനം ലഭിക്കുകയും ചെയ്യും.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുടെ സാമൂഹിക വികസന സൂചികകളിൽ രാജ്യത്തു മുൻപന്തിയിലാണു കേരളം. എന്നാൽ, അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ നേട്ടം അവകാശപ്പെടാനാവില്ല. ഈ വിടവ് നികത്തുകയാണു കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതികളുടെ ഗുണനിലവാരം, പ്രവൃത്തികളിലെ കാര്യക്ഷമത എന്നിവയ്‌ക്കൊപ്പം തന്നെ കൃത്യതയുള്ള ആസ്തി ബാധ്യതാ നിർവഹണ (അസറ്റ് ലയബിലിറ്റി) രീതിക്കും കിഫ്‌ബി ഊന്നൽ കൊടുക്കുന്നു. സുതാര്യമായ ഇത്തരം സംവിധാനങ്ങൾ കിഫ്ബിയുടെ പ്രവർത്തനം ശരിയായ ദിശയിലാണെന്നു നിരന്തരം ഉറപ്പു വരുത്തുന്നു.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും സാമൂഹിക വികസനത്തിലും ഒരു കുതിച്ചു ചാട്ടം സാധ്യമാക്കുക എന്ന കേരള സർക്കാരിന്റെ ലക്ഷ്യത്തിനു ചാലകശക്തിയായതു കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്മെന്റ് ഫണ്ട് ബോർഡ് എന്ന കിഫ്‌ബി ആണ്. 2016 ലെ കിഫ്‌ബി ഭേദഗതി നിയമത്തിലൂടെ ശാക്തീകരിക്കപ്പെട്ട കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോർഡ് (കിഫ്‌ബി ) ഇന്ന് രാജ്യം ഉറ്റു നോക്കുന്ന ഒരു വികസന മാതൃകയാണ്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കിഫ്‌ബി പദ്ധതികൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണു കിഫ്ബിയിലൂടെ സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്നത്. വിവിധ വകുപ്പുകൾക്ക് കീഴിലായി 57,000 കോടി രൂപയുടെ 730 പദ്ധതികൾക്കാണു കിഫ്‌ബി അനുമതി നൽകിക്കഴിഞ്ഞത്. 5957.96 കോടി രൂപ വിവിധ പദ്ധതികളിൽ വിനിയോഗിച്ചു കഴിഞ്ഞു. വിവിധ മേഖലകളിലെ കിഫ്‌ബി വികസനം ഇങ്ങനെ :

ഗതാഗതം
ഗതാഗത മേഖലയിൽ സംസ്ഥാനത്തിന്റെ പരാധീനതകൾ മറികടക്കാൻ നിർണായകമായ ചില പദ്ധതികൾ ഇതിൽ ഉൾപ്പെടും. ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാതാ വികസനത്തിന് വേണ്ടി വരുന്ന തുകയിലെ സംസ്ഥാന വിഹിതമായ 5374 കോടി രൂപ സർക്കാർ കണ്ടെത്തിയതു കിഫ്‌ബി വഴിയാണ്. 8765 കോടി രൂപയുടെ 193 റോഡ് നവീകരണ പദ്ധതികൾ, 825 കോടി രൂപയുടെ 9 ബൈപാസുകൾ, 1976 കോടി രൂപയുടെ 75 പാലങ്ങൾ, 961 കോടിയുടെ 13 മേൽപാലങ്ങൾ, 1645 കോടിയുടെ 49 റെയിൽ മേൽപാലങ്ങൾ, മലയോര ഹൈവേ , തീരദേശ ഹൈവേ....ഇങ്ങനെ നീളുകയാണു കിഫ്‌ബി വഴി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പട്ടിക. ഇതിൽ 3500 കോടി രൂപ ചെലവഴിച്ച് 20 സ്‌ട്രെച്ചുകളിലായി 1200 കിലോമീറ്റർ നീളത്തിലാണു മലയോര ഹൈവേയുടെ നിർമാണം. 6500 കോടി രൂപ ചെലവിൽ 2 സ്‌ട്രെച്ചുകളിലായി 650 കിലോമീറ്റർ നീളത്തിലാണു തീരദേശഹൈവെയുടെ നിർമാണം മുന്നോട്ടു നീങ്ങുന്നത്. കുണ്ടന്നൂർ, വൈറ്റില, എടപ്പാൾ, മേൽപാല പദ്ധതികൾ ഈ വർഷം തന്നെ പൂർത്തിയാകും. കെഎസ്ആർടിസിക്ക് ഇ - ബസുകൾ വാങ്ങുന്നതിനു കിഫ്‌ബി ധനലഭ്യത ഉറപ്പു വരുത്തും.

വ്യവസായം
പെട്രോ കെമിക്കൽ പാർക്കിനായുള്ള ഭൂമി 977 കോടി രൂപ കിഫ്‌ബി ധനസഹായത്തോടെ ഏറ്റെടുത്തു കഴിഞ്ഞു. കണ്ണൂരിന്റെ വ്യവസായ വികസനത്തിനു കുതിപ്പേകുന്ന വ്യവസായ പാർക്കുകൾക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് തുടക്കം കുറിക്കാൻ കഴിഞ്ഞു. 'വികസിത കേരളം' എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കു സംസ്ഥാന സർക്കാരിന്റെ നിർണായക ചുവടു വയ്‌പായി വ്യവസായ ക്ലസ്റ്ററുകൾ മാറി. സർക്കാരിന്റെ വ്യവസായ, വാണിജ്യ നയത്തിന്റെ ചുവടു പിടിച്ച് സംസ്ഥാനത്തിന്റെ വികസന ചിത്രം മാറ്റി വരയ്ക്കാൻ കെല്പുള്ള പദ്ധതിയാണു കണ്ണൂരിലെയും പാലക്കാട്ടെയും നിർദ്ദിഷ്ട ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ. കേരളം ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് (കിൻഫ്ര )പദ്ധതി നടപ്പാക്കാൻ നിയുക്തമായ സ്പെഷൽ പർപസ് വെഹിക്കിൾ . കിഫ്‌ബി ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക. പദ്ധതിക്കായി കിഫ്‌ബി 12,710 കോടി രൂപ കിൻഫ്രയ്ക്കു വായ്പ നൽകും. ഇന്റർനെറ്റ് ലഭ്യതയുടെ നട്ടെല്ലായി മാറാവുന്ന സംസ്ഥാനസർക്കാരിന്റെ ഫൈബർ ശൃംഖല കെ -ഫോൺ പദ്ധതി പുരോഗതിയുടെ പാതയിലാണ്. കൊച്ചിയിൽ വരുന്ന ഐ ടി ഇന്നവേഷൻ സോൺ ഒന്നാം ഘട്ടത്തിന്റെയും തിരുവനന്തപുരം ടെക്‌നോസിറ്റിയിലെ ആദ്യ കെട്ടിടത്തിന്റെയും നിർമാണം 2020 - 21 ൽ പൂർത്തീകരിക്കുന്നതോടെ ഒട്ടേറെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.

ശുദ്ധജലം
കുടിവെള്ളം ലഭ്യമല്ലാത്ത ജനവിഭാഗങ്ങൾക്കായി 4461 കോടി രൂപ ചെലവിൽ 71 ശുദ്ധജല പദ്ധതികൾക്കു തുടക്കം കുറിച്ചു. കാസർകോട്, കൊയിലാണ്ടി, താനൂർ, പൊന്നാനി എന്നീ നഗരസഭാ പ്രദേശങ്ങളിലേക്കു കുടിവെള്ളം എത്തിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ 2020 -21 ൽ തന്നെ പൂർത്തിയാകും.

വൈദ്യുതി
പ്രസരണ പരിമിതികൾ പരിഹരിക്കുന്നതിനും പ്രത്യേകിച്ചു വടക്കൻ കേരളത്തിൽ ഇടതടവില്ലാതെ ഗുണനിലവാരമുള്ള വൈദ്യുതി ഉറപ്പു വരുത്തുന്നതുമായ ട്രാൻസ്‍ഗ്രിഡ് 2 .0 പദ്ധതി 5200 കോടി രൂപ കിഫ്‌ബി ധനസഹായത്തോടെ നടപ്പാക്കി വരുന്നു. മൂന്ന് 400 കെ വി സബ്‌സ്റ്റേഷനുകളും 4390 കിലോമീറ്റർ പ്രസരണ ലൈനുകളുടെയും സബ്‌സ്റ്റേഷനുകളുടെയും ശേഷി, പദ്ധതിയുടെ ഭാഗമായി ഉയർത്തപ്പെടും. ഒപ്പം, ചില പുതിയ സബ്‌സ്റ്റേഷനുകളും ലൈനുകളും സ്ഥാപിക്കപ്പെടും. മഞ്ചേരി, കോതമംഗലം, ചാലക്കുടി, ആലുവ, കലൂർ, കുന്നമംഗലം എന്നീ സബ്‌സ്റ്റേഷനുകളും കൊച്ചി ലൈൻസ്, കോലത്തുനാട്‌ ലൈൻസ്, നോർത്ത് മലബാർ ലൈൻസ്, കോട്ടയം ലൈൻസ്, തൃശിവപേരൂർ ലൈൻസ് എന്നീ പ്രസരണ ലൈനുകളും ഉൾപ്പെടുന്ന ഏതാണ്ട് 1500 കോടി രൂപയുടെ പ്രവർത്തനങ്ങൾ 2020 -21 സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും.

ആരോഗ്യം
കോവിഡ് മഹാമാരിയെ സംസ്ഥാനത്തിനു ശക്തമായി ചെറുത്ത് നിൽക്കാൻ സാധിച്ചത് ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്‌ബി പദ്ധതികൾ വഴിയുണ്ടായ മുന്നേറ്റം കൊണ്ട് കൂടിയാണ്.

2150 കോടി രൂപ മുടക്കി നടത്തുന്ന 26 സർക്കാർ ആശുപത്രികളുടെ നവീകരണം പുരോഗമിക്കുകയാണ്.

10 ആശുപത്രികളിൽ കാത്ത് ലാബ്, 44 ഇടങ്ങളിൽ ഡയാലിസിസ് യൂണിറ്റ് എന്നിവ സജ്ജീകരിക്കുന്നുണ്ട്. 149 കോടി രൂപ മുതൽ മുടക്കുന്ന ഈ പദ്ധതിയും പൂർത്തിയായി വരുന്നു. പുനലൂർ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി ഒന്നാം ഘട്ടം, കൊച്ചി കാൻസർ സെന്റർ ഒന്നാം ഘട്ടം എന്നിവ ഉൾപ്പെടുന്ന പദ്ധതികൾ 2020 -21 ൽ പൂർത്തീകരിക്കും.

കിഫ്‌ബി: പണം വരുന്ന വഴി


സുരക്ഷിതവും കാര്യക്ഷമവുമായ ഇ-ഗവേണൻസ് സംവിധാനത്തിലൂടെ ഈ ലോക്‌ഡൗൺ കാലത്ത് വർക് ഫ്രം ഹോം വിജയകരമായി നടപ്പാക്കാൻ കിഫ്ബിക്കു കഴിഞ്ഞു. കരാറുകാർക്കുള്ള ഒരൊറ്റ ബിൽ പേയ്മെന്റ് പോലും ലോക്‌‍ഡൗണിൽ കിഫ്ബിയിൽ മുടങ്ങിയില്ല എന്നത് എടുത്തു പറയേണ്ടതാണ്. കരാറുകാർക്കു ബിൽ പേയ്മെന്റിന്റെ സ്റ്റെയ്റ്റസ് ഓൺലൈൻ വഴി അറിയാനും ഇ-ഗവേണൻസ് വഴി സാധിക്കുന്നുണ്ട്.

∙ കടലാസ് രഹിത ഓഫിസ്
കിഫ്ബിയുടെ എല്ലാ ഇടപാടുകളും പൂർണമായും വിവര സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാണ്. പ്രോജക്ടുകളുടെ വിലയിരുത്തൽ, നിർവഹണ ഏജൻസികളിൽനിന്നുള്ള വിവരം ശേഖരിക്കൽ, വിശദമായ വിലയിരുത്തൽ റിപ്പോർട്ട് തയാറാക്കൽ, കിഫ്ബി ബോർഡിന്റെ അംഗീകാരവും ഉത്തരവുകളും, നിർവഹണ ഏജൻസിക്കു നൽകുന്ന സാങ്കേതിക അനുമതി, ടെൻഡർ, കരാർ എന്നിവ കിഫ്ബിയെ അറിയിക്കൽ, അവയുടെ പരിശോധന, പദ്ധതി നടപ്പാക്കുന്നതിന് ഓരോ കാലയളവിലും വേണ്ട പണത്തിന്റെ ആവശ്യകത, പ്രവൃത്തി തുടങ്ങുന്നത് അറിയിക്കൽ, പദ്ധതിയിലുണ്ടായ മാറ്റങ്ങളും വ്യതിയാനങ്ങളും, പദ്ധതി പുന:ക്രമീകരണം തുടങ്ങി ഒരു പദ്ധതി നടപ്പാക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതു പ്രോജക്ട് ഫിനാൻസ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പിഎഫ്എംഎസ് ആണ്.

∙ ഓൺലൈൻ പണം കൈമാറ്റം
നിർവഹണ ഏജൻസികൾക്കും കരാറുകാർക്കും ഓൺലൈൻ വഴിയായി പണം കൈമാറുന്നതു ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന എഫ്എംഎസ് വഴിയാണ്. കരാറുകാർ നിർവഹണ ഏജൻസിയിൽ ബിൽ സമർപ്പിച്ചതു മുതൽ കിഫ്ബിയിൽനിന്നു പണം ലഭ്യമാക്കുന്നതുവരെ അവരുടെ ഫയൽനീക്കം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ബിൽ ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതികളുടെ പുരോഗതി അടയാളപ്പെടുത്തി വിലയിരുത്തുന്നതിനുള്ള പ്രോജക്ട് മോണിറ്ററിങ് ആൻഡ് അലർട്ട് സിസ്റ്റം (പിഎംഎഎസ്) നിലവിലുണ്ട്. ഈ ആപ്ലിക്കേഷനുകളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഡേറ്റാ അനലിറ്റിക്‌സിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി പണലഭ്യതയും കൊടുത്തുതീർക്കേണ്ട ബാധ്യതയും അറിയുന്നതിനുള്ള അസറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് (എഎൽഎം) സംവിധാനം ആവിഷ്‌കരിച്ചു വരുന്നു. കൂടാതെ, കിഫ്ബിയുടെ പ്രവർത്തനങ്ങൾ ഡിഡിഎഫ്എസ് എന്ന കടലാസ് രഹിത ഓഫിസ് സംവിധാനം പ്രയോജനപ്പെടുത്തിയാണ് നടന്നുവരുന്നത്.

ഭരണ പരിശോധനാ വിഭാഗം
കിഫ്ബി നിഷ്കർഷിച്ചിട്ടുള്ള ഭരണപരമായ ചട്ടങ്ങൾ നിർവഹണ ഏജൻസികൾ പാലിക്കുന്നു എന്ന് കിഫ്ബിയിലെ ഭരണ പരിശോധനാ വിഭാഗം (അഡ്മിനിസ്ട്രേറ്റീവ് ഇൻസ്പെക്‌ഷൻ വിങ്) ഉറപ്പു വരുത്തുന്നു. ഇതിനായി നിർവഹണ ഏജൻസിയിലും ഫീൽഡിലും സന്ദർശനം നടത്തുകയും ടെൻഡ , കരാർ, ബിൽ തയാറാക്കൽ, സ്റ്റാറ്റ്യൂട്ടറി പേയ്മെന്റ്സ് എന്നിവ പരിശോധിക്കുന്നു.

കേരളം വളരുന്നു, കിഫ്ബിയിലൂടെ
വിവിധ ഭരണവകുപ്പുകൾക്കു കീഴിലായി 57,000 കോടി രൂപയുടെ 730 പദ്ധതികൾക്കാണു കിഫ്ബി അനുമതി നൽകിക്കഴിഞ്ഞത്. 5865.79 കോടി രൂപ വിവിധ പദ്ധതികളിൽ വിനിയോഗിച്ചും കഴിഞ്ഞു. സംസ്ഥാനത്തു കിഫ്‌ബി നടപ്പിലാക്കുന്ന 15 പ്രധാന പദ്ധതികൾ ഇവയാണ്:

1. ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാതാ വികസനത്തിനു വേണ്ടി 5374 കോടി രൂപ.

2. പൊതുമരാമത്തു വകുപ്പിനു കീഴിൽ 14,500 കോടി രൂപയുടെ വിവിധ പദ്ധതികൾ. ഇതിൽ 8765 കോടി രൂപയുടെ 193 റോഡ് നവീകരണ പദ്ധതികൾ, 825 കോടി രൂപയുടെ 9 ബൈപാസുകൾ, 1976 കോടി രൂപയുടെ 75 പാലങ്ങൾ, 961 കോടിയുടെ 13 മേൽപാലങ്ങൾ, 1645 കോടിയുടെ 49 റെയിൽവേ മേൽപാലങ്ങൾ, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ ഉൾപ്പെടും. കുണ്ടന്നൂർ, വൈറ്റില, എടപ്പാൾ മേൽപാല പദ്ധതികൾ ഈ വർഷം തന്നെ പൂർത്തിയാകും.

3. 26 സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി 2150 കോടി രൂപ. പുനലൂർ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി ഒന്നാം ഘട്ടം, കൊച്ചി കാൻസർ സെന്റർ ഒന്നാം ഘട്ടം എന്നിവ ഉൾപ്പെടുന്ന പദ്ധതികൾ 2020-21ൽ പൂർത്തീകരിക്കും.

4. 141 പൊതു വിദ്യാലയങ്ങളിൽ 5 കോടി രൂപ വീതം ചെലവഴിച്ച് 705 കോടി രൂപയ്ക്കു നടപ്പാക്കുന്ന മികവിന്റെ കേന്ദ്രം പദ്ധതി 2020-21 സാമ്പത്തിക വർഷം പൂർത്തിയാകും.

5. 785 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സ്മാർട് ക്ലാസ്, സ്മാർട്ട് ലാബ് പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു. 45,000 ക്ലാസ് മുറികളാണു ഹൈടെക് ആയി മാറ്റപ്പെട്ടത്. 11,000 എൽപി–യുപി സ്കൂളുകളിൽ കംപ്യൂട്ടർ ലാബുകൾ സ്ഥാപിച്ചു.

6. 5200 കോടി രൂപയുടെ ട്രാൻസ് ഗ്രിഡ് 2.0 പദ്ധതി വൈദ്യുതി മേഖലയിൽ നിലവിലുള്ള പ്രസരണ പരിമിതികൾ പരിഹരിക്കുന്നതാണ്; പ്രത്യേകിച്ചു വടക്കൻ കേരളത്തിൽ. മൂന്നു 400 കെവി സബ് സ്റ്റേഷനുകളും 22 220 കെവി സബ് സ്റ്റേഷനുകളും 4390 കിലോമീറ്റർ പ്രസരണ ലൈനുകളും അടങ്ങുന്നതാണു പദ്ധതി.

7. 4461 കോടി രൂപ ചെലവിൽ 71 കുടിവെള്ള പദ്ധതികൾ. കാസർകോട്, കൊയിലാണ്ടി, താനൂർ, പൊന്നാനി എന്നീ നഗരസഭാ പ്രദേശങ്ങളിലേക്കു കുടിവെള്ളം എത്തിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ 2020-21 സാമ്പത്തിക വർഷം തന്നെ പൂർത്തിയാകും.

8. പെട്രോ കെമിക്കൽ പാർക്കിനായുള്ള ഭൂമി 977 കോടി രൂപ കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്തു കഴിഞ്ഞു.

9. കണ്ണൂരിലും പാലക്കാടും വ്യവസായങ്ങൾക്കു ഭൂമി ഏറ്റെടുക്കാനായി 12,710 കോടി രൂപ.

10. 1060 കോടി ധനസഹായത്തിൽ സംസ്ഥാനത്തിന്റെ ഇന്റർനെറ്റ് ശൃംഖല: കെ-ഫോൺ.

11. 250 കോടി ചെലവിൽ കൊച്ചി ഐടി ഇന്നവേഷൻ സോൺ. 100 കോടി ചെലവിൽ ടെക്നോസിറ്റിയിലെ ആദ്യ ഐടി കെട്ടിടം.

12. 240 കോടി രൂപ ചെലവിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയെ മികവിന്റെ കേന്ദ്രമാക്കുന്നു.

13. 1500 കോടി ചെലവിൽ കൊച്ചിയിലെ കനാലുകളുടെ നവീകരണവും ജലഗതാഗതത്തിന്റെ വികസനവും.

14. 270 കോടി ചെലവിൽ തൃശൂർ മൃഗശാലയും 72 കോടി ചെലവിൽ കോട്ടൂർ ആന പരിപാലന കേന്ദ്രവും വികസിപ്പിക്കുന്നു.

15. 112 കോടി രൂപ ചെലവിൽ പരപ്പനങ്ങാടിയിലും 97.43 കോടി ചെലവിൽ ആലപ്പുഴ ചെത്തിയിലും മത്സ്യബന്ധന തുറമുഖങ്ങൾ.

കിഫ്ബി പദ്ധതി പരിശോധനയ്ക്ക് നൂതന മാർഗങ്ങൾ

ലാബ് മുതൽ ഡ്രോൺവരെ
കിഫ്ബി പദ്ധതികളുടെ ആസൂത്രണത്തിനും രൂപകൽപനയ്ക്കും നിർവഹണത്തിനുമായി ആധുനിക രീതികളാണു പിന്തുടരുന്നത്. ഉയർന്ന ഗുണമേൻമ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണു കിഫ്ബിയുടെ ഇൻസ്‌പെക്‌ഷൻ അതോറിറ്റി പ്രവർത്തിക്കുന്നത്. പൂർത്തീകരിച്ച പ്രവൃത്തികളുടെ പരിശോധനകൾ സൈറ്റുകൾ സന്ദർശിച്ച് ഇൻസ്‌പെക്‌ഷൻ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ നിരന്തരം ചെയ്യുന്നുണ്ട്. ഈ പരിശോധനകൾക്കായി 4 ആധുനിക സംവിധാനങ്ങളാണ് കിഫ്ബി വികസിപ്പിച്ചിട്ടുള്ളത്.

മൊബൈൽ ലാബ്
മെറ്റീരിയൽ ടെസ്റ്റിങ്ങിനും സൈറ്റുതല പരിശോധനകൾക്കുമായാണു ചലിക്കുന്ന ലാബിനു രൂപം കൊടുത്തിട്ടുള്ളത്. ഇൻസ്‌പെക്‌ഷൻ ടീമിനു സൈറ്റുകളിൽനിന്നു സൈറ്റുകളിലേക്കു പെട്ടെന്നു നീങ്ങാനും കാര്യക്ഷമവും ഫലപ്രദവുമായി പരിശോധനാ ജോലികൾ പൂർത്തിയാക്കാനും ഏറെ സഹായകരമാണ് ഈ  ലാബ്. സർവേ-വിഷ്വൽ ഡേറ്റ ശേഖരണ പ്രക്രിയയുടെ ഒരു ബേസ് സ്റ്റേഷനായി ഈ ലാബ് പ്രവർത്തിക്കും. പ്രധാന പരിശോധനകൾ പ്രവൃത്തി സൈറ്റുകളിൽതന്നെ നിർവഹിക്കുകയും പിഴവുകളുണ്ടെങ്കിൽ പരിഹാര നടപടികൾ നിർവഹണ ഏജൻസിയെ അറിയിക്കുകയും ചെയ്യും.

ഡ്രോൺ പരിശോധന
നിർമാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ പരിശോധന, നിർമാണ പ്രക്രിയയുടെ ഗുണമേൻമ പരിശോധന എന്നിവയാണു കിഫ്ബിയുടെ ഗുണനിലവാര മാനേജ്‌മെന്റ് സംവിധാനത്തിന്റെ അടിസ്ഥാനം. ഭൂമിശാസ്ത്രപരമായി വ്യാപ്തിയുള്ളതും സങ്കീർണവുമായ വികസന പദ്ധതികളിൽ ഗുണനിലവാര പരിശോധനയ്ക്കുള്ള പരമ്പരാഗത രീതികൾക്കു പരിമിതികളുണ്ട്. അതുകൊണ്ടാണു ഡ്രോൺപോലെയുള്ള ആധുനിക രീതികൾ പരിശോധന സംവിധാനങ്ങളിലേക്കു കിഫ്ബി തിരിഞ്ഞത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഡ്രോൺ ഉപയോഗം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എന്നാൽ, രാജ്യാന്തരതലത്തിൽ ഇതിന് ഒട്ടേറെ മാതൃകകളുണ്ട്. അതിന്റെ ചുവടു പിടിച്ച് പദ്ധതി രൂപകൽപനയിലും ഗുണമേൻമ, പുരോഗതി പരിശോധനയിലും ഡ്രോണുകളുടെ ഉപയോഗം കിഫ്ബി വ്യാപമാക്കിയിട്ടുണ്ട്.

കേന്ദ്ര ലാബ്
നിർമാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ ഗുണമേൻമ തിരിച്ചറിയുന്നതിനായി സൈറ്റുകളിൽനിന്നു ശേഖരിക്കുന്ന സാംപിളുകൾ പരിശോധിക്കാൻ കിഫ്ബി ആസ്ഥാനത്ത് ഒരു കേന്ദ്ര ലാബ് ഒരുക്കിയിട്ടുണ്ട്. ക്വാളിറ്റി കൺട്രോൾ എൻജിനീയർമാരാണ് ഈ പരിശോധനകൾ നടത്തുന്നത്. സീവ് അനാലിസിസ്, സിൽറ്റ് കണ്ടന്റ്, ബിറ്റുമിൻ കണ്ടന്റ്, ഇംപാക്ട് ടെസ്റ്റ്, സിബിആർ തുടങ്ങിയ പരിശോധനകളാണ് ഇവിടെ നടത്തുന്നത്. ഉയർന്ന നിലവാരത്തിലുള്ള പരിശോധനകൾക്കായി സ്‌പെഷലൈസ്ഡ് ലാബുകളുടെ നെറ്റ്‌വർക്കും നിലവിലുണ്ട്.

മോണിറ്ററിങ് സ്റ്റുഡിയോ
പദ്ധതി മേഖലകളിൽനിന്നുള്ള റിയൽടൈം ദൃശ്യങ്ങൾ പരിശോധിച്ച് നിർമാണം വിലയിരുത്താനുള്ള ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോ കിഫ്ബി ആസ്ഥാനത്ത് പ്രവർത്തിക്കുന്നു. ഈ സ്റ്റുഡിയോയിൽ ഇരുന്ന് കിഫ്ബിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കു നിർമാണ പുരോഗതി വിലയിരുത്താൻ കഴിയും. മൊബൈൽ ലാബിൽ സജ്ജീകരിച്ചിരിക്കുന്ന വിഡിയോ ക്യാമറ വഴി ഫീൽഡിൽ നടക്കുന്ന പരീക്ഷണങ്ങളും പരിശോധനകളും വിലയിരുത്താൻ കഴിയും .ഫീൽഡ് ഇൻസ്‌പെക്‌ഷൻ ടീം ഈ പക്രിയ മുഴുവൻ വിഡിയോയിൽ ചിത്രീകരിച്ചു സ്റ്റുഡിയോയിലേക്കു കൈമാറും.ഇടുക്കിയെ മിടുക്കിയാക്കി കിഫ്ബി

കിഫ്‌ബി ഓഡിറ്റ് 4 തലങ്ങളിൽ
കിഫ്‌ബി പ്രവർത്തിക്കുന്നത് കർശന ഓഡിറ്റ് സംവിധാനത്തിൽ


പലതലങ്ങളിലുള്ള കർശനമായ ഓഡിറ്റ് സംവിധാനമാണ് കിഫ്ബിയ്ക്കുള്ളത്. ചിലർ പ്രചരിപ്പിക്കുന്നത് പോലെ ഓഡിറ്റ് ഇല്ലാത്ത ഏജൻസിയല്ല കിഫ്‌ബി.

1. സ്റ്റാറ്റ്യൂയിട്ടറി ഓഡിറ്റ്
ഇതാണ് കിഫ്ബിയുടെ അടിസ്ഥാന ഓഡിറ്റ്. സർക്കാരിന്റെ അംഗീകാരത്തോടെ കിഫ്‌ബി ബോർഡ് നിയോഗിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ആണ് ഈ ഓഡിറ്റ് എല്ലാ സാമ്പത്തിക വർഷവും നടത്തുന്നത്. വാർഷിക റിപ്പോർട്ടിനൊപ്പം ഈ ഓഡിറ്റ് റിപ്പോർട്ടും പ്രസിദ്ധീകരിക്കുന്നുണ്ട്. കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത വാർഷിക കണക്ക് ഓരോ വർഷവും നിയമസഭയിൽ വയ്ക്കുന്നുമുണ്ട്.

2. പിയർ റിവ്യൂ ഓഡിറ്റ്
കിഫബിക്കു ഫണ്ട് നൽകുന്ന ബാഹ്യ ഏജൻസികളുടെ താൽപര്യപ്രകാരമുള്ള ഓഡിറ്റാണിത്. അവരുടെ നിർദേശം കൂടി പരിഗണിച്ചാണു പിയർ റിവ്യൂ ഓഡിറ്ററെ നിയമിക്കുന്നത്. വിദേശരാജ്യങ്ങളിലെ ഏജൻസികളിൽനിന്നു കിഫ്‌ബി ഫണ്ട് സ്വീകരിക്കുന്നുണ്ട് എന്നതിനാൽ അവിടത്തെ രീതിയിൽ ഓഡിറ്റ് വിവരങ്ങളെ മാറ്റിയെടുത്തു കൊടുക്കുക എന്നതാണ് ഈ ഓഡിറ്ററുടെ പ്രധാന ചുമതല.

3. ഇന്റേണൽ ഓഡിറ്റ്
കിഫ്ബിയുടെ സാമ്പത്തിക പ്രവർത്തനങ്ങളിലെ ദൈനംദിന നിരീക്ഷണ സംവിധാനമാണ് ഇന്റേണൽ ഓഡിറ്റ്. കിഫ്‌ബി ബോർഡിനാണ് ഇന്റേണൽ ഓഡിറ്റർ റിപ്പോർട്ട് നൽകേണ്ടത്.

4. സിഎജി ഓഡിറ്റ്
കിഫ്ബിയുടെ വരവ് ചെലവുകൾ ആക്ട് അനുശാസിക്കുന്ന തരത്തിലാണോ എന്നാണു സിഎജി ഓഡിറ്റ് പ്രധാനമായും പരിശോധിക്കുന്നത്. 2020 വരെയുള്ള കാലയളവിലെ സിഎജി ഓഡിറ്റ് കിഫ്ബിയിൽ വിജയകരമായി പൂർത്തിയാക്കിട്ടുണ്ട്. കോവിഡ് മൂലം ഓഡിറ്റിനു തടസ്സം വരാതിരിക്കാൻ കിഫ്‌ബി ഫയലുകൾ സിഎജിക്ക്‌ ഓൺലൈനിൽ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു.