മലയോര നാടിനെ വികസനത്തിന്റെ പറുദീസയാക്കി മാറ്റുകയാണു കിഫ്ബി

മലയോര നാടിനെ വികസനത്തിന്റെ പറുദീസയാക്കി മാറ്റുകയാണ് കിഫ്ബി. പൂര്‍ത്തിയായതും നടന്നുകൊണ്ടിരിക്കുന്നതും അംഗീകാരം ലഭിച്ചതുമായ പദ്ധതികളിലൂടെ ഇടുക്കി ജില്ലയുടെ മുഖഛായ മാറ്റി വരയ്ക്കുകയാണ് കിഫ്ബി. വിദ്യാഭ്യാസം, ആരോഗ്യം, പട്ടികവർഗ വികസനം തുടങ്ങിയ വിവിധ മേഖലകളിലായി ഒട്ടേറെ കിഫ്ബി പദ്ധതികളാണ് ജില്ലയ്ക്കു ലഭിച്ചത്. ഇടുക്കിയുടെ വികസന സങ്കൽപങ്ങളെ മാറ്റിമറിക്കുന്നതാണ് ഈ കിഫ്ബി പദ്ധതികളെല്ലാംതന്നെ.

പൂർത്തിയായതും നടന്നുകൊണ്ടിരിക്കുന്നതും അംഗീകാരം ലഭിച്ചതുമായ പദ്ധതികളിലൂടെ ഇടുക്കി ജില്ലയുടെ മുഖഛായ മാറ്റിവരയ്ക്കുകയാണു കിഫ്ബി. വിദ്യാഭ്യാസം, ആരോഗ്യം, പട്ടികവർഗ വികസനം തുടങ്ങിയ വിവിധ മേഖലകളിലായി ഒട്ടേറെ കിഫ്ബി പദ്ധതികളാണു ജില്ലയ്ക്കു ലഭിച്ചത്. ഇടുക്കിയുടെ വികസന സങ്കൽപങ്ങളെ മാറ്റിക്കുറിക്കുന്നതാണ് ഈ കിഫ്ബി പദ്ധതികളെല്ലാംതന്നെ.

പാഠം ഒന്ന്: വികസനം
പൊതുവിദ്യാലയങ്ങൾ നവീകരിക്കാൻ  കോടിക്കണക്കിനു രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണു കിഫ്ബിയിലൂടെ നടപ്പാക്കുന്നത്. അടിമാലി ജിഎച്ച്എസ്, കുമളി ഗവ. വിഎച്ച്എസ്എസ് എന്നിവയ്ക്കു 3 കോടി രൂപ വീതവും പൂമല ജിടിഎച്ച്എസിന് 3.22 കോടിയും പണിക്കൻകുടി ജിഎച്ച്എസ്എസിന് 3.65 കോടിയും രാജാക്കാട് ജിഎച്ച്എസ്എസിന് 3 കോടിയും ഏലപ്പാറ പഞ്ചായത്ത് എച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് ദേവിയാർ കോളനി, പഴയരിക്കണ്ടം ജിഎച്ച്എസ്, ജിടിഎച്ച്എസ് കട്ടപ്പന എന്നിവയ്ക്ക് ഓരോ കോടി വീതവും അനുവദിച്ചു. തൊടുപുഴ ഗവ. എച്ച്എസ്എസ്, വണ്ടിപ്പെരിയാർ ഗവ. എച്ച്എസ്എസ്, മുരിക്കാട്ടുകുടി ഗവ. എച്ച്എസ്എസ് എന്നിവയെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 5 കോടി രൂപ വീതം കിഫ്ബി അനുവദിച്ചു. കുഞ്ചിത്തണ്ണി ജിഎച്ച്എസ്എസിനും 5 കോടി.

ആരോഗ്യരക്ഷ
ചിത്തിരപുരം സർക്കാർ ആശുപത്രി വികസനത്തിന് 65.26 കോടി. നെടുങ്കണ്ടം താലൂക്ക് ആശുപത്രി വികസനത്തിന് 70.03 കോടി.

ഉന്നതവിദ്യാഭ്യാസം
വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക് നവീകരണത്തിന് 10.42 കോടി രൂപ കിഫ്ബി വഴി. മൂന്നാർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് അടിസ്ഥാന സൗകര്യ വികസനത്തിനു വൻ തുക. കട്ടപ്പന ഗവ. കോളജ് വികസനത്തിന് 6.34 കോടി രൂപയും ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് നവീകരണത്തിന് 14.35 കോടി രൂപയും. കട്ടപ്പന ഗവ. ഐടിഐ നവീകരണത്തിന് 5.58 കോടി രൂപ കിഫ്ബിയിലൂടെ.

കുതിച്ചുപായാം
രാമക്കൽമേട് – വണ്ണപ്പുറം റോഡ് നവീകരണത്തിന് 73.21 കോടി. ഉടുമ്പൻചോല – ചിത്തിരപുരം റോഡ് വികസനത്തിന് 145.67 കോടി. തൊടുപുഴ കരിക്കോട് – ആനക്കയം റോഡ് നവീകരണത്തിന് 44.75 കോടി. തൂക്കുപാലം – കട്ടപ്പന റോഡ് നവീകരണത്തിന് 173 കോടി. മൂന്നാർ ഫ്ലൈഓവർ ബൈപാസ് റോഡിന് 58.01 കോടി. പീരുമേട് – ദേവികുളം റോഡ്, തൊടുപുഴ – പുളിയാൻമല റോഡ് നവീകരണത്തിന് 84.53 കോടി. കുട്ടിക്കാനം – ചപ്പാത്ത് ഹിൽ ഹൈവേ നവീകരണത്തിന് 73.91 കോടി.

പിന്നാക്കക്കാർക്കായി
കോടാലിപ്പാറയിൽ പോസ്റ്റ് മട്രിക് ഹോസ്റ്റലിന് 3.91 കോടി. ഉടുമ്പൻചോലയിൽ പ്രീമട്രിക് ഹോസ്റ്റലിന് 3.63 കോടി. നാടുകാണി വിടിസിയിൽ ഹോസ്റ്റൽ കെട്ടിടം നിർമിക്കാൻ 3.42 കോടി.

കായികക്കുതിപ്പ്
നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം നിർമാണത്തിന് 9.40 കോടി രൂപ. നെടുങ്കണ്ടത്ത് കെ.പി.തോമസ് മൾട്ടി പർപ്പസ് സ്റ്റേഡിയത്തിന് 33.78 കോടി.

മന്ത്രി എം.എം.മണി
ഉടുമ്പൻചോല

ഉടുമ്പൻചോല മണ്ഡലത്തിന്റെ വികസനത്തിനു കിഫ്ബിയിലൂടെ ഒട്ടേറെ പദ്ധതികളാണു നടപ്പിലാക്കിയത്. ആയിരത്തിലധികം കോടി രൂപയുടെ വികസന പദ്ധതികൾ പല ഘട്ടങ്ങളിലായി നടന്നുവരികയാണ്. റോഡുകളും പാലങ്ങളും വന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും വൻ വികസനമാണു വരുന്നത്. പദ്ധതികൾ മുഴുവൻ പൂർത്തീകരിച്ചു വരുമ്പോൾ ജില്ലയുടെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമാകും. ഹൈറേഞ്ചിന്റെ മുഖം മാറ്റുന്ന റോഡാണ് ഉടുമ്പൻചോല - ചിത്തിരപുരം റോഡ്. ലോറേഞ്ചിനെയും ഹൈറേഞ്ചിനെയും മൂന്നാറുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് 6 പഞ്ചായത്തുകളിലൂടെയാണു കടന്നുപോകുന്നത്. 46 കിലോമീറ്റർ ദൂരമുള്ള റോഡിൽ 5 പാലങ്ങൾ നിർമിക്കും. 154.22 കോടി രൂപയാണു റോഡിനായി അനുവദിച്ചിരിക്കുന്നത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തിയിരിക്കുകയാണ്. കിഫ്ബിയുടെ 147 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. നെടുങ്കണ്ടം പഞ്ചായത്തിൽ 2 സ്റ്റേഡിയങ്ങൾക്കായി 50 കോടി രൂപയുടെ ഫണ്ടാണ് കിഫ്ബി വഴി ലഭ്യമാക്കിയിരിക്കുന്നത്.

റോഷി അഗസ്റ്റിൻ എംഎൽഎ
ഇടുക്കി

കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഉതകുംവിധം ദീർഘവീക്ഷണത്തോടെ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണു കിഫ്ബി. വലിയ മുതൽമുടക്കു വേണ്ടിവരുന്ന റോഡുകളുടെയും പാലങ്ങളുടെയും സ്കൂൾ കെട്ടിടങ്ങളുടെയും നിർമാണം സുഗമമാക്കാൻ പദ്ധതിക്കു കഴിയുന്നുണ്ട്. കിഫ്ബി ആദ്യഘട്ടത്തിൽതന്നെ മണ്ഡലത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചിരുന്നു. ഇതോടെ ഒട്ടേറെ റോഡുകളുടെ നിർമാണം ആരംഭിക്കുന്നതിനു കഴിഞ്ഞു. രാജ്യാന്തര ഗുണനിലവാരത്തിൽ കൂടുതൽ കാലം നിലനിൽക്കുന്ന റോഡുകൾ പദ്ധതിയിലൂടെ ഇടുക്കിയിൽ സാധ്യമാകുന്നു. മുൻകാലങ്ങളിൽ പൊതുമരാമത്തു മുഖേന ഘട്ടംഘട്ടമായാണു പ്രവൃത്തികൾ ഏറ്റെടുത്തു നടത്തിയിരുന്നത്. എന്നാൽ, കിഫ്ബിയുടെ ഭാഗമായി ഒരു റോഡ് പൂർണമായി ഏറ്റെടുക്കുകയും നിർമാണത്തിന് ആവശ്യമായ തുക ഒന്നിച്ചു വകയിരുത്തുകയും ചെയ്യുന്നതിലൂടെ സമയബന്ധിതമായി റോഡുകളുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുന്നു എന്ന മെച്ചവും ഉണ്ട്.

പി.ജെ.ജോസഫ് എംഎൽഎ
തൊടുപുഴ

കുറെ പദ്ധതികൾ നടപ്പിലാക്കാൻ കിഫ്ബിക്കു കഴിഞ്ഞു. തൊടുപുഴ മണ്ഡലത്തിൽ പദ്ധതികൾ നടപ്പിലാക്കിയിട്ടില്ലെങ്കിലും പലതും അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പല പദ്ധതികളും വളരെ കാലതാമസം ഉണ്ടാക്കുന്നവയാണ്. ഇതു പരിഹരിക്കണം.

എസ്.രാജേന്ദ്രൻ എംഎൽഎ
ദേവികുളം

ദേവികുളം നിയോജക മണ്ഡലത്തിൽ കിഫ്ബി മുഖേന നടപ്പാക്കിയത് 620 കോടിയുടെ പദ്ധതികൾ. ഇതിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 222 കോടിയും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 66 കോടിയും വിദ്യാഭ്യാസ മേഖലയിൽ 39.25 കോടിയുമാണു ചെലവിട്ടത്. പഴയ മൂന്നാർ ഗവ. ഹൈസ്കൂളിന് അനുവദിച്ച ഒരു കോടിയുടെ പദ്ധതി ഒഴിച്ച് മറ്റുള്ളവയിൽ പലതും പൂർത്തീകരിച്ചു. ബാക്കിയുള്ളവയുടെ പണികൾ നടന്നുവരുന്നു.

ഇ.എസ്.ബിജിമോൾ എംഎൽഎ
പീരുമേട്

പീരുമേട് മണ്ഡലം രൂപീകൃതമായിട്ട് ഇതുവരെ നടന്നതിനെക്കാൾ കൂടുതൽ വികസനപ്രവൃത്തികൾക്ക് അടിത്തറ പാകാൻ കഴിഞ്ഞ 4 വർഷംകൊണ്ടു കഴിഞ്ഞു. മലയോര ഹൈവേ, വിവിധ കുടിവെള്ള പദ്ധതികൾ, വിവിധ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകൾ, സ്കൂളുകൾ, കോടതി കോംപ്ലക്സ്, ട്രഷറി സമുച്ചയം, റവന്യു ടവർ, ആശുപത്രികൾ എന്നിവയുൾപ്പെടെ ഒട്ടേറെ മേഖലകളിൽ കിഫ്ബി വഴി വൻ നിക്ഷേപമാണു ലഭിച്ചിട്ടുള്ളത്. സ്വപ്ന സമാനമായ ഈ നേട്ടം കൈവരിക്കാൻ സാധിച്ചതു കിഫ്ബി പദ്ധതി നൽകിയ ആത്മവിശ്വാസവും സാമ്പത്തിക പിന്തുണയുംകൊണ്ടാണ്.