കൊല്ലം പറയും : കിഫ്‌ബി കൊള്ളാം..

കൊല്ലം ജില്ലയെ കേരളത്തിന്റെ വികസന ഭൂപടത്തിൽ അടയാളപ്പെടുത്തുകയാണ് കിഫ്ബി. പൂര്‍ത്തിയായതും നടന്നുകൊണ്ടിരിക്കുന്നതും അംഗീകാരം ലഭിച്ചതുമായ പദ്ധതികളിലൂടെ കൊല്ലത്തിന്റെ മുഖഛായ മാറ്റി വരയ്ക്കുകയാണ് കിഫ്ബി. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, മത്സ്യബന്ധനം തുടങ്ങിയ വിവിധ മേഖലകളിലായി ഒട്ടേറെ കിഫ്ബി പദ്ധതികളാണ് ജില്ലയ്ക്കു ലഭിച്ചത്. കൊല്ലത്തിന്റെ വികസനക്കുതിപ്പിൽ നിര്‍ണായകമാണ് ഈ കിഫ്ബി പദ്ധതികളെല്ലാം.

എം.മുകേഷ് എംഎൽഎ
കൊല്ലം

കൊല്ലം മണ്ഡലത്തിൽ 850 കോടി രൂപയുടെ വികസനം കിഫ്ബിയിൽ ഉൾപ്പെടുത്തി നടക്കുകയാണ്. 12 വലിയ പദ്ധതികളാണു കിഫ്ബിയിലുള്ളത്. 42 കോടി രൂപ അടങ്കൽ തുകയിൽ പെരുമൺ പാലത്തിന്റെ നിർമാണം നാടിനു വലിയ നേട്ടമാണ്. ആശ്രാമം ലിങ്ക് റോഡ് 4–ാം ഘട്ട വികസനം കൊല്ലത്തിന്റെ മുഖഛായ മാറ്റും. പദ്ധതിക്കു 150 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. ജില്ലാ ആശുപത്രിക്കും ഗവ. വിക്ടോറിയ ആശുപത്രിക്കും മാസ്റ്റർ പ്ലാൻ തയാറാക്കി. ജില്ലാ ആശുപത്രിയിൽ 189 കോടി രൂപയുടെയും ഗവ. വിക്ടോറിയ ആശുപത്രിയിൽ 109 കോടി രൂപയുടെയും പദ്ധതിയാണു നടപ്പാക്കുന്നത്. ആശ്രാമം ചിൽഡ്രൻസ് പാർക്കിനു സമീപം 45 കോടി രൂപ ചെലവിൽ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണം തുടങ്ങി. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ഞാങ്കടവ് പദ്ധതിക്കു 235 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇരവിപുരം, കൊല്ലം മണ്ഡലങ്ങളിലാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇതു കൂടാതെ കുടിവെള്ള ശൃംഖല ശക്തിപ്പെടുത്തുന്നതിനു 37 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കുന്നുണ്ട്.

മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ
കുണ്ടറ

കുണ്ടറ മണ്ഡലത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി സമഗ്ര വികസനമാണു നടക്കുന്നത്. 25 വർഷം മുന്നിൽക്കണ്ടുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. കുണ്ടറ താലൂക്ക് ആശുപത്രിയിൽ 70 കോടിയുടെ വികസനം നടക്കുന്നു. 1987ൽ കമ്മിഷൻ ചെയ്ത കുണ്ടറ കുടിവെള്ള പദ്ധതിയിലെ പുനലൂരിൽനിന്നുള്ള പഴയ പൈപ് 19 കോടി രൂപ ചെലവഴിച്ചു മാറ്റി സ്ഥാപിക്കുന്നു. കുണ്ടറ പള്ളിമുക്കിൽ റെയിൽവേ മേൽപാലം, കരിക്കോട് ജംക്‌ഷൻ വികസനം, കല്ലുതാഴം – കരിക്കോട് റോഡ് വികസനം തുടങ്ങിയവയ്ക്ക് 467 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. മണ്ഡലത്തിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയി. ഇത്തിക്കരയാറിനു കുറുകെ നെടുമ്പന ഇളവൂരിൽ പാലം നിർമാണത്തിനു സ്ഥലമേറ്റെടുപ്പു നടപടികൾ പുരോഗമിക്കുന്ന ഗ്രാമീണ റോഡുകൾ ഹൈടെക് ആയി മാറി. 40 കോടി രൂപ ചെലവിൽ 37 കിലോമീറ്റർ നീളമുള്ള റോഡ് നിർമാണം ഡിസംബറിൽ പൂർത്തിയാകും. കുണ്ടറ – ചിറ്റുമല – ഇടയക്കടവ് – കാരൂത്രക്കടവ്– മൺറോതുരുത്ത് റെയിൽവേ സ്റ്റേഷൻ റോഡ് ( 25.80 കോടി) നവീകരണം പുരോഗമിക്കുന്നു. കണ്ണനല്ലൂർ ജംക്‌ഷൻ വികസനത്തിന് 28.70 കോടി രൂപ അനുവദിച്ചു.

എം.നൗഷാദ് എംഎൽഎ
ഇരവിപുരം

വൻ പദ്ധതികളാണു കിഫ്ബി വഴി നടപ്പാക്കുന്നത്. 5 മേൽപാലങ്ങൾക്ക് അനുമതിയായി. ഇരവിപുരം റെയിൽവേ മേൽപാലം (40.49 കോടി), മയ്യനാട് മേൽപാലം ( 50 കോടി), കോളജ് ജംക്‌ഷൻ മേൽപാലം (44.66 കോടി), അയത്തിൽ ഫ്ലൈ ഓവർ (20 കോടി) , കല്ലുംതാഴം ഫ്ലൈ ഓവർ ( 50 കോടി ) എന്നിവയാണവ. ഇരവിപുരം, മയ്യനാട് മേൽപാലങ്ങളുടെ നിർമാണത്തിനുള്ള നടപടികൾ തുടങ്ങി. അന്തരിച്ച ഒളിംപ്യൻ സുരേഷ് ബാബുവിന്റെ സ്മാരകമായി ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിന് 42.23 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതിയായി. താന്നി മുതൽ കൊല്ലം ബീച്ച് വരെ ആവശ്യമായ ഇടങ്ങളിൽ പുതിയ പുലിമുട്ടുകൾ നിർമിക്കാൻ 23.46 കോടി രൂപ അനുവദിച്ചു. നിർമാണം ആരംഭിച്ചു. മൂന്നാംകുറ്റിയിൽ പുതിയ മാർക്കറ്റ് കോംപ്ലക്സിനു 2.14 കോടി രൂപ അനുവദിച്ചു. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ കോയിക്കൽ ജംക്‌ഷൻ മുതൽ കരിക്കോട് ജംക്‌ഷൻ വരെയുള്ള 3 കിലോമീറ്റർ ദേശീയപാത 4 വരിയാക്കാനും മൂന്നാംകുറ്റി, കരിക്കോട് എന്നിവിടങ്ങളിലെ റെയിൽവേ മേൽപാലങ്ങൾ പുനർനിർമിക്കാനും 280.15 കോടി രൂപ അനുവദിച്ചു.

ആർ.രാമചന്ദ്രൻ എംഎൽഎ
കരുനാഗപ്പള്ളി

കരുനാഗപ്പള്ളി മണ്ഡലത്തിൽ 282.2 കോടി രൂപയുടെ വിവിധ കിഫ്ബി പദ്ധതികളാണു നടപ്പാക്കുന്നത്. താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കുകളുടെ നിർമാണ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 90 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി ലഭിച്ചു. പ്രത്യേകം ഓപ്പറേഷൻ തിയറ്ററുകൾ, ലാബുകൾ, ഡയാലിസിസിനു പ്രത്യേക ബ്ലോക്ക് ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങും. കാട്ടിൽകടവ് പാലത്തിനായി 30.89 കോടി രൂപ അനുവദിച്ചു. സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു. മണ്ഡലത്തിലെ ഒരു സ്കൂൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് 5 കോടി രൂപ അനുവദിച്ചു. കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ ലെവൽക്രോസിൽ മേൽപാലം നിർമിക്കാൻ 35 കോടി രൂപയും പുതിയകാവ്-ചക്കുവള്ളി റോഡിൽ ചിറ്റുമൂല ലെവൽക്രോസിൽ മേൽപാലം നർമിക്കാൻ 30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു.

അയിഷാ പോറ്റി എംഎൽഎ
കൊട്ടാരക്കര

കൊട്ടാരക്കര മണ്ഡലത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 187.52 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരമായി. കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 5 കോടിയുടെ കെട്ടിട നിർമാണം പൂർത്തീകരിച്ചു. ശാസ്താംകോട്ട –പുത്തൂർ -കൊട്ടാരക്കര- നീലേശ്വരം - കോടതി സമുച്ചയം റോഡിന് 20.80 കോടി രൂപ അനുവദിച്ചു. രണ്ടാം ഘട്ട ടാറിങ് ഒഴികെ പൂർത്തിയായി. വെളിയം - കരീപ്ര അറക്കടവ് പാലം (10. 28 കോടി), ദേശീയപാതയ്ക്കു സമാന്തരമായി കൊട്ടാരക്കര റിങ് റോഡ് (17.83 കോടി), ചെട്ടിയാരഴികത്ത് കടവ് പാലം (10.61 കോടി) എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. മൈലം കുടിവെള്ള പദ്ധതിയിൽ ജലവിതരണ പൈപ് സ്ഥാപിക്കാൻ 18 കോടി അനുവദിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കു പുതിയ കെട്ടി നിർമാണം, ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്ക് 90 കോടി രൂപ അനുവദിച്ചു. നിർമാണം ആരംഭിച്ചു. വിവിധ സ്കൂളുകൾക്കു പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ 3 കോടി രൂപയുടെ വീതം ഭരണാനുമതി ലഭിച്ചു. മിക്ക പദ്ധതികളും വൈകാതെ പൂർത്തിയാക്കാനാകും.

ജി.എസ്.ജയലാൽ എംഎൽഎ
ചാത്തന്നൂർ

ചാത്തന്നൂർ മണ്ഡലത്തിന്റെ സമഗ്രവികസനത്തിനു കിഫ്ബിയിൽനിന്നും 263 കോടി രൂപയുടെ പദ്ധതികൾ ലഭിച്ചു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ 18 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിൽ സമ്പൂർണ ശുദ്ധജല വിതരണം സാധ്യമാക്കുന്നതിനുള്ള ദാഹനീർ ചാത്തന്നൂർ പദ്ധതിക്കു 96 കോടി രൂപയാണ് അനുവദിച്ചത്. ചാത്തന്നൂർ, കല്ലുവാതുക്കൽ കുടിവെള്ള പദ്ധതികൾ ഉൾപ്പെടുത്തിയാണു ദാഹനീർ പദ്ധതി നടപ്പാക്കുന്നത്. ചാത്തന്നൂർ പദ്ധതിക്ക് 68 കോടിയും കല്ലുവാതുക്കൽ പദ്ധതിക്ക് 28 കോടിയുമാണ് അനുവദിച്ചത്. പരവൂർ-പാരിപ്പള്ളി റോഡിൽ ഒല്ലാൽ റെയിൽവേ മേൽപാലത്തിന് 36.75 കോടി രൂപ അനുവദിച്ചു. ചാത്തന്നൂർ-കൊട്ടാരക്കര റോഡിലെ കുമ്മല്ലൂർ പാലം പുനർനിർമിക്കാൻ 13 കോടിയും മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കാൻ 100 കോടിയും അനുവദിച്ചിട്ടുണ്ട്.

കോവൂർ കുഞ്ഞുമോൻ എംഎൽഎ
കുന്നത്തൂർ

മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും പദ്ധതികൾ ഒരുമിച്ചെത്തിയത്. കിഫ്ബി വഴി റോഡുകളും പാലങ്ങളും ആശുപത്രികളും ഉൾപ്പെടെ സമഗ്ര വികസനമാണ് എത്തുന്നത്. ചിറ്റുമല– മാലുമേൽ റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള കടപുഴ– കാരാളിമുക്ക്, കടപുഴ–വളഞ്ഞവരമ്പ്– കാരാളിമുക്ക് ബണ്ട് റോഡ്, ഭരണിക്കാവ്– നാലുമുക്ക് റോഡ്, മൂന്നുമുക്ക് – നെടിയവിള– ഏഴാമൈൽ–ഇടയ്ക്കാട്– തെങ്ങമം റോഡ്, കല്ലുകുഴി–മലനട–ചക്കുവള്ളി–പതാരം–മാലുമേൽ റോഡ്, കാരാളിമുക്ക്– ആഞ്ഞിലിമൂട്–പതാരം റോഡ് എന്നിവയ്ക്കായി 73.88 കോടി അനുവദിച്ചു. ഭരണിക്കാവ്– ശാസ്താംകോട്ട റോഡ് (3.35 കോടി), തൊടിയൂർ – പതാരം റോഡ് (ഒരു കോടി, കുന്നത്തൂർ നെടിയവിള – വേമ്പനാട്ടഴികത്ത് റോഡ് (3 കോടി), കുണ്ടറ– മൺറോതുരുത്ത് റോഡ് (25 കോടി), ഓണമ്പലം– ഫിഷ് ലാൻഡ് സെന്റർ മുട്ടം ഇടിയകടവ് മൺറോതുരുത്ത് റോഡ് – 11 കോടി, കൊട്ടാരക്കര– ഭരണിക്കാവ് റോഡ് (10 കോടി), നെടുമ്പറം– കാട്ടൂർ– കൊട്ടാരക്കര റോഡ് (10 കോടി) എന്നിവയും പദ്ധതിയിലുണ്ട്. കൊന്നയിൽക്കടവ് പാലത്തിന് 26.22 കോടിയും അരിനല്ലൂർ -പെരുങ്ങാലം പാലത്തിന് 20 കോടിയും കണ്ണങ്കാട്ട് കടവ് പാലത്തിന് 50 കോടിയും മൈനാഗപ്പള്ളി റെയിൽവേ മേൽപാലത്തിന് 57 കോടിയും അനുവദിച്ചു.

മന്ത്രി കെ.രാജു
പുനലൂർ

പുനലൂർ അഗസ്ത്യക്കോട്, കുളത്തൂപ്പുഴ, അരിപ്പവഴി കടന്നു പോകുന്ന മലയോര ഹൈവേയ്ക്കു കിഫ്ബിയിൽനിന്ന് അനുവദിച്ച 205 കോടി രൂപ വിനിയോഗിച്ച് നിർമാണം അന്തിമഘട്ടത്തിലാണ്. കുളത്തൂപ്പുഴ, ഏരൂർ, അഞ്ചൽ, കരവാളൂർ പഞ്ചായത്തുകളുടെയും പുനലൂർ നഗരസഭാ പ്രദേശങ്ങളുടെയും വികസനത്തിനു ഹൈവേ വഴി തെളിക്കും. 83 കോടി മുടക്കി ആയൂർ– അഞ്ചൽ– അഗസ്ത്യക്കോട് അമ്പലം ജംക്‌ഷൻ ഹൈവേ പണികൾ ഉടൻ തുടങ്ങും. ഇതിൽ അഞ്ചൽ ബൈപാസ് കൂടി ഉൾപ്പെടുത്തിയതിനാൽ മതിയായ ഫണ്ട് ബൈപാസിന് ലഭിച്ചു. എംസി റോഡിലെ പൊലിക്കോട് മുതൽ തടിക്കാട്, കോക്കാട് വഴി മെതുകുംമേലിൽ അവസാനിക്കുന്ന റോഡിന് 40 കോടി അനുവദിച്ചു. നിർമാണം പുരോഗമിക്കുന്നു. തടിക്കാട് വെഞ്ചേമ്പ് വഴി അടുക്കളമൂല വരെയുള്ള റോ‍ഡ് 19 കോടിക്കു നവീകരിച്ചു. പുനലൂർ പട്ടണത്തിനു സമീപമുള്ള പൊതുമരാമത്തിന്റെ 5 റിങ് റോഡുകളും പുനർനിർമിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിലെ 98% പണികളും പൂർത്തീകരിച്ചു.

കെ.ബി.ഗണേഷ്കുമാർ എംഎൽഎ
പത്തനാപുരം

മണ്ഡലത്തിൽ കിഫ്ബി വഴി 191.13 കോടി രൂപയുടെ നിർമാണങ്ങൾക്കു തുടക്കമായി. ഏനാത്ത്‌ -പത്തനാപുരം റോഡിന് 66.50 കോടി രൂപയും മെതുകുംമേൽ – പട്ടാഴി – തലവൂർ – കുന്നിക്കോട് – പൊലിക്കോട് റോഡിന് 42.5 കോടിയും കലഞ്ഞൂർ പാടം റോഡിന് 22 കോടിയും അനുവദിച്ചിട്ടുണ്ട്. പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂർ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 60.13 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മെതുകുംമേൽ–പൊലിക്കോട് റോഡ് നിർമാണം അവസാന ഘട്ടത്തിലാണ്. പത്തനംതിട്ട - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന കലഞ്ഞൂർ പാടം റോഡിന് 22 കോടി രൂപയുണ്ട്. നിർമാണം ഒന്നാം ഘട്ടം പൂർത്തിയായി. 66.50 കോടി രൂപ അനുവദിച്ച ഏനാത്ത് പത്തനാപുരം റോഡും പ്രാരംഭഘട്ടത്തിലേക്കു കടന്നു.

മുല്ലക്കര രത്നാകരൻ എംഎൽഎ
ചടയമംഗലം

മണ്ഡലത്തിലെ സ്കൂളുകളിൽ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനു കിഫ്ബിയിൽ 11 കോടി കോടി രൂപ ചെലവഴിക്കും. നിർമാണത്തിനു നടപടി തുടങ്ങി. ചടയമംഗലം എംജി എച്ച്എസ്എസിന് കെട്ടിടം ഉൾപ്പെടെ നിർമിക്കുന്നതിന് 6 കോടി, ചടയമംഗലം ഗവ. യുപിഎസിന് 2 കോടി, കടയ്ക്കൽ ഗവ.എച്ച്എസ്എസിന് 3 കോടി ഉൾപ്പെടെ 11 കോടി രൂപ എന്നിങ്ങനെ അനുവദിച്ചു. മറ്റു സ്കൂളുകളിൽ കെട്ടിടം നിർമാണത്തിനു ശ്രമം തുടങ്ങി. മണ്ഡലത്തിലെ പ്രധാന റോഡായ ചടയമംഗലം – ചിങ്ങേലി – മുക്കുന്നം – പാങ്ങോട് റോഡ് നിർമാണം തുടങ്ങിയെങ്കിലും പണി പൂർത്തിയായില്ല. സമയബന്ധിതമായി പണി തീർക്കാത്തതിനാൽ കിഫ്ബിയുമായി കരാർ റദ്ദാക്കി. പിഡബ്ല്യുഡി ഏറ്റെടുത്തു പണി നടത്താൻ തീരുമാനിച്ചു.