കിഫ്‌ബി 'നെല്ലറ'യിൽ കുതിപ്പിന്റെ വഴി

12 നിയമസഭാമണ്ഡലങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാട്ടുള്ളത്. കൃഷിക്കും കാർഷികാനുബന്ധ പ്രവൃത്തികൾക്കുമെന്നപോലെ വ്യവസായത്തിനും പ്രാമുഖ്യമുള്ള മേഖല. കേരളത്തിന്റെ രണ്ടാമത്തെ വലിയ വ്യവസായമേഖലയായ കഞ്ചിക്കോട് ഉൾക്കൊള്ളുന്ന സ്ഥലം.

ഭാരതപ്പുഴയും കൈവഴികളും ഒഴുകുന്നുണ്ടെങ്കിലും വേനലിന്റെ തുടക്കത്തിലേ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഗ്രാമങ്ങളുണ്ടിവിടെ. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി) ഫണ്ടിലുൾപ്പെടുത്തി വികസനപദ്ധതികൾ ആരംഭിച്ചതോടെ ഗ്രാമങ്ങളുടെ പതിറ്റാണ്ടുകളായുള്ള വികസന ആവശ്യങ്ങളാണ് പരിഗണിക്കപ്പെട്ടത്.

എം.എൽ.എ. മാരുടെ ആസ്തിവികസന ഫണ്ടും സർക്കാർ ഫണ്ടുകളുമായി വികസനം ഇഴഞ്ഞു നീങ്ങിയ സ്ഥലങ്ങളിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കപ്പെടുന്നെന്ന മാറ്റം കൂടി കിഫ്‌ബിയുടെ പദ്ധതികൾ കേരളത്തിൽ കൊണ്ട് വന്നു.

കുടിവെള്ള പദ്ധതികൾ, സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ, സമഗ്ര റോഡു വികസന പദ്ധതികൾ, കായിക കേരളത്തിൽ പാലക്കാടിന്റെ കൊടിപാറിച്ച പറളിയിലുള്ള സിന്തറ്റിക്ക് ട്രാക്ക്, നീന്തൽക്കുളം, സ്മാരകമന്ദിരങ്ങൾ, ക്രാഫ്റ്റ് വില്ലേജ്... തുടങ്ങി നഗരങ്ങൾക്കു മാത്രം പ്രാപ്യമായിരുന്ന ഹൈടെക് സൗകര്യങ്ങളോടെയാണ് ഗ്രാമപ്രദേശങ്ങളിലും വികസനമെത്തുന്നത്. ഇത്തരം പദ്ധതികളുടെ തുടർച്ചയാണ് നാളെയുടെ ആവശ്യം.



പ്രതീക്ഷയോടെ പാലക്കാട്


പാലക്കാട് സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് 68.36 കോടി ചെലവിൽ വി.ടി. ഭട്ടതിരിപ്പാട് സ്മാരക സാംസ്‌കാരിക സമുച്ചയം നിർമിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ ഉടമസ്ഥതയിൽ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിന് സമീപം അഞ്ചേക്കറിലാണ് സമുച്ചയം യാഥാർഥ്യമാക്കുന്നത്. സംസ്ഥാനത്ത് നിർമിക്കുന്ന സാംസ്‌കാരിക സമുച്ചയങ്ങളിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന പദ്ധതി കൂടിയാണിത്. നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

പൊതുമരാമത്ത് വകുപ്പിനു കീഴിൽ 11.73 കോടി രൂപ ചെലവിൽ കണ്ണനൂർ -ചുങ്കമന്ദം റോഡ് നവീകരണത്തിനുള്ള സ്ഥലമേറ്റെടുപ്പ് 60 ശതമാനം പൂർത്തീകരിച്ചു. 53 കോടി ചെലവഴിച്ച് നിർമിക്കുന്ന മംഗളം ടവർ -മാർക്കറ്റ് റോഡാണ് മണ്ഡലത്തിലെ മറ്റൊരു പ്രധാന പദ്ധതി. ഇതിന് സ്വകാര്യവ്യക്തികളിൽ നിന്ന് സ്ഥലമേറ്റെടുക്കേണ്ടതുണ്ട്. ഫണ്ടിന്റെ കുറവും തർക്കവും കാരണം പദ്ധതിയുടെ മറ്റുനടപടിക്രമങ്ങൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ബിഗ്ബസാർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ അഞ്ചു കോടിയുടെ കെട്ടിടനിർമാണം 70 ശതമാനം പൂർത്തീകരിച്ചു. ഡി.പി.ആറിൽ ചില മാറ്റങ്ങൾ വന്നതിനാൽ കിഫ്ബിയുടെ അംഗീകാരത്തിനായി കൈറ്റ് മുഖാന്തരം അപേക്ഷ നൽകിയിട്ടുണ്ട്.

മറ്റ് പ്രധാന പ്രവൃത്തികൾ

∙ ഐ.എം.എ. ജങ്ഷൻ -മലമ്പുഴ കനാൽ ആൻഡ് സിവിൽ സ്റ്റേഷൻ റോഡിന് 22 കോടി. ജലസേചന വകുപ്പിൽ നിന്ന് അനുമതി ലഭിച്ചു.

വിദ്യാഭ്യാസമേഖലയിൽ

∙ ഗവ. മോയൻ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിന് മൂന്ന് കോടി. സ്ഥലം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
∙ ഗവ. പി.എം.ജി. ഹയർസെക്കൻഡറി സ്‌കൂളിന് മൂന്നു കോടി. മണ്ണ് പരിശോധന പൂർത്തീകരിച്ച് മറ്റ് സാങ്കേതിക തടസ്സങ്ങൾ നീക്കി. പുതിയ അടങ്കലും ഡിസൈനും സമർപ്പിച്ചിട്ടുണ്ട്.
∙ മേപ്പറമ്പ് ജി.യു .പി.എസിന് ഒരു കോടി. സ്ഥലലഭ്യതക്കുറവ് കാരണം അടങ്കൽ തയ്യാറാക്കിയിട്ടില്ല. പ്രത്യേകാനുമതി ലഭിക്കുന്നമുറയ്ക്ക് കിഫ്ബിയിൽ അടങ്കൽ സമർപ്പിക്കും.
∙ പുത്തൂർ ജി.യു .പി.എസ്,എച്ച് .എസ് . കുമാരപുരം ഒരു കോടി വീതം. അടങ്കൽ സമർപ്പിച്ചു.


ആവേശത്തോടെ കോങ്ങാട്‌

പാലക്കാട് - മണ്ണൂർ, മങ്കര, കേരളശ്ശേരി പഞ്ചായത്തുകളുടെ ദാഹമകറ്റാനുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവൃത്തി അവസാനഘട്ടത്തിലാണ്. 30 കോടിയുടേതാണ് പദ്ധതി. ഇതിനുപുറമേ 27 കോടി ചെലവിൽ നടപ്പാക്കുന്ന കരിമ്പ കുടിവെള്ളപദ്ധതിയുടെ നിർമാണോദ്‌ഘാടനം 20 -ന് നടന്നു. കാഞ്ഞിരപ്പുഴ അണക്കെട്ടിനെ സ്രോതസ്സാക്കി കരിമ്പ പഞ്ചായത്തിന് മുഴുവനായും രണ്ടാം ഘട്ടത്തിൽ കോങ്ങാട് പഞ്ചായത്തിനും വെള്ളമെത്തിക്കാനാവുന്നതാണ് പദ്ധതി. പറളി ഹൈസ്‌കൂളിൽ 200 മീറ്ററിന്റെ സിന്തറ്റിക് ട്രാക്കും നീന്തൽക്കുളത്തിൽ 25 മീറ്ററിന്റെ നീന്തൽ ട്രാക്കുമുൾപ്പെടെ പണികഴിക്കുന്നുണ്ട്. സ്‌കൂളുകൾ, പാലങ്ങൾ, പ്രധാന റോഡുകൾ, എന്നിവയ്ക്കും തുകയനുവദിച്ചിട്ടുണ്ട്. പത്തിരിപ്പാല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിനും എട്ട് സ്‌കൂളുകൾക്കുമായി 32 കോടിയുടെ പദ്ധതികൾക്കാണ് അനുമതി. ഇവ ടെൻഡർ നടപടികളുടെ ഘട്ടത്തിലാണ്. ∙ പത്തിരിപ്പാല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കെട്ടിടം (10 കോടി).
∙ പത്തിരിപ്പാല ഗവ. ഹൈസ്‌കൂൾ (5 കോടി- കെട്ടിടം പാതിയിലേറെ പണി പൂർത്തിയായി).
∙ കോങ്ങാട് ജി.യു .പി.(3 കോടി ).
∙ കരിമ്പ ജി.യു .പി.എസ്. (1 കോടി ).
∙ കരാകുറിശ്ശി, പൊറ്റശ്ശേരി, കരിമ്പ, മങ്കര ഹൈസ്‌കൂളുകൾ (മൂന്നു കോടി വീതം ).
∙ എടത്തറ ജി.യു .പി (1 കോടി ) പാലങ്ങൾ.
∙ കുളപ്പുള്ളി പാത പറളിയിൽ ഭാരതപ്പുഴയിലെ പാലത്തിന് സമാന്തരമായി പുതിയപാലത്തിന് 10 കോടി അനുവദിച്ചിട്ടുണ്ട്.
∙ പറളി- ഓടനൂർ പാലം (10 കോടി ), കാരാകുറിശ്ശി എഴുത്തുംപാറ പാലം (എട്ടുകോടി ) എന്നിങ്ങനെയും അനുമതിയായിട്ടുണ്ട്.
∙ പറളി- ഓടനൂർ പാലം (10 കോടി ), കാരാകുറിശ്ശി എഴുത്തുംപാറ പാലം (എട്ടുകോടി ) എന്നിങ്ങനെയും അനുമതിയായിട്ടുണ്ട്.

റോഡുകൾ

∙ 32 കോടി ചെലവിൽ വീതി കൂട്ടി വികസിപ്പിക്കുന്ന കാഞ്ഞിരപ്പുഴ-ചിറയ്ക്കൽപ്പടി റോഡിന്റെ പണി അവസാന ഘട്ടത്തിലാണ്. 12 കോടിയുടെ പൊന്നങ്കോട് -കൂട്ടിലക്കടവ് കേണൽ നിരഞ്ജൻ റോഡിന്റെ പണിയും നടക്കുന്നു. ∙ 56 കോടിയുടെ കോങ്ങാട്-മണ്ണാർക്കാട് ടിപ്പു സുൽത്താൻ റോഡ് വികസനം ടെൻഡർ നടപടികളിലെത്തി.
∙ 15 കോടി ചെലവിൽ കാഞ്ഞിരപ്പുഴ ഡാം പുനരുദ്ധാരണം പൂർത്തിയായി. രണ്ടു കോടി ചെലവിട്ട് ഉദ്യാനം സൗന്ദര്യവത്ക്കരണവും പൂർത്തിയായി.

മലമ്പുഴയിൽ മേല്പാലമേറി വികസനം

മലമ്പുഴ- മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്നതിന് 125 കോടി രൂപയുടെ അഞ്ച് പ്രധാന പദ്ധതികളടക്കമുള്ളവയാണ് നടപ്പാക്കുന്നത്. അകത്തേത്തറ മേൽപ്പാലം, മലമ്പുഴ റിങ് റോഡ് പാലം, മലമ്പുഴ സമഗ്ര കുടിവെള്ള പദ്ധതി. എന്നിവയാണ് കിഫ്‌ബി വഴി ഏറ്റെടുത്തിട്ടുള്ള പ്രധാന വികസന പ്രവർത്തനങ്ങൾ. അകത്തേത്തറ നടക്കാവ് മേൽപ്പാലത്തിനായി 36 കോടിയാണ് കിഫ്ബിയിൽ നിന്നും നീക്കിവെച്ചിട്ടുള്ളത്.

മലമ്പുഴ അണക്കെട്ടിന് ചുറ്റുമുള്ള റിങ് റോഡ് യാഥാർഥ്യമാക്കാനാണ് പാലം നിർമാണത്തിന് 20 കോടി രൂപയുടെ കിഫ്‌ബി ഫണ്ട് ഉപയോഗപ്പെടുത്തുന്നത്. മലമ്പുഴ സമഗ്ര കുടിവെള്ള പദ്ധതിക്കായി 64 കോടിയാണ് ചെലവഴിക്കുക. മരുത റോഡ്, അകത്തേത്തറ, പറളിക്കാട് എന്നിവിടങ്ങളിൽ ജലസംഭരണികളടക്കമുള്ള പദ്ധതിക്ക് 2017 - ലാണ് ഭരണാനുമതി ലഭിച്ചത്. ദർഘാസ് നടപടി പൂർത്തിയായി.

മറ്റ് കിഫ്‌ബി പദ്ധതികൾ

∙ മലമ്പുഴ ഐ.ടി.ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന് 12 കോടി. നിർമാണോദ്‌ഘാടനം നടന്നു.
∙ മലമ്പുഴ ഹൈസ്‌കൂൾ കെട്ടിടത്തിന് അഞ്ചു കോടി. പണി തുടങ്ങി.
∙ അകത്തേത്തറ ജി.യു.പി. സ്‌കൂൾ കെട്ടിടത്തിന് രണ്ടു കോടി. നിർമാണപ്രവർത്തനങ്ങൾ നടന്നു വരുന്നു.
∙ കൊടുമ്പ് നടപ്പാലം നിർമാണത്തിന് അഞ്ചു കോടി. ഭരണാനുമതിയായി.
∙ പ്രളയത്തിൽ തകർന്ന മായപ്പാറ ബ്രിഡ്ജ് റോഡ് നിർമാണത്തിന് 80 ലക്ഷം.
∙ കോരയാർ പുഴയ്ക്ക് കുറുകെ പാറ -മണ്ണുക്കാട് പനമ്പിള്ളി റോഡ് പാലത്തിന് 7.8 കോടി. ദർഘാസ് നടപടികൾ പുരോഗമിക്കുന്നു.

റോഡ് നിർമാണം

∙ കഞ്ചിക്കോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് നവീകരണത്തിന് 20.27 കോടി. സാങ്കേതികാനുമതി പരിഗണനയിൽ.
∙ റെയിൽവേ കോളനി-ധോണി-മുട്ടിക്കുളങ്ങര റോഡ് നവീകരണത്തിന് 12.6 കോടി. സാങ്കേതികാനുമതി പരിഗണനയിൽ.

മികവിലേക്ക് മണ്ണാർക്കാട്

മണ്ണാർക്കാട്- വിദ്യാഭ്യാസ മേഖലയിലും ഗതാഗതരംഗത്തുമുൾപ്പെടെ 150 കോടിയുടെ കിഫ്‌ബി പദ്ധതികളാണ് ആദിവാസിമേഖലയടങ്ങുന്ന മണ്ണാർക്കാട് മണ്ഡലത്തിലുള്ളത്. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രകാരം സ്‌കൂൾകെട്ടിട നിർമാണത്തിനും ഭൗതിക സാഹചര്യങ്ങൾക്കുമാണ് ഈ മേഖലയിൽ തുകയനുവദിച്ചിട്ടുള്ളത്. അലനല്ലൂർ ജി.വി.എച്ച്.എസ്. എസിൽ . അഞ്ചു കോടി രൂപയുടെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്

എടത്തനാട്ടുകര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, അഗളി ജി.വി.എച്ച്.എസ്.എസ്., ഷോളയൂർ ജി.ടി.എച്ച്.എസ്.എസ്, തെങ്കര ജി.എച്ച്.എസ്.എസ്., ഭീമനാട് ജി.യു.പി.സ്‌കൂൾ എന്നിവയ്ക്ക് മൂന്നു കോടി വീതമാണ് അനുവദിച്ചിട്ടുള്ളത്. മണ്ണാർക്കാട് ജി.എം.യു.പി.സ്‌കൂൾ , നെച്ചുള്ളി ജി.എച്ച്. എസ്., ചളവ ജി.യു.പി.സ്‌കൂൾ, മണ്ണാർക്കാട് ജി.എം.യു.പി. സ്‌കൂൾ, അഗളി ജി.എൽ.പി. സ്‌കൂൾ എന്നിവയ്ക്ക് ഒരു കോടി വീതവും അനുവദിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം നിർമാണം പുരോഗമിച്ചു വരികയാണ്.

ആനക്കട്ടി റോഡ് നിർമാണം

അട്ടപ്പാടി മേഖലയിലേക്കുള്ള സംസ്ഥാനത്തെ ഏക ഗതാഗതമാർഗമായ നെല്ലിപ്പുഴ മുതൽ ആനക്കട്ടി വരെയുള്ള റോഡ് നവീകരണത്തിന് കിഫ്ബിയിലുൾപ്പെടുത്തി 93 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ആനമൂളി മുതൽ മുക്കാലി വരെയുള്ള ചുരംറോഡുൾപ്പെടെ നവീകരിക്കുന്ന പദ്ധതിയാണിത്.

മൂന്ന് ഭാഗങ്ങളായാണ് നിർമാണം. നെല്ലിപ്പുഴ മുതൽ ആനമൂളി വരെ ഒന്നാംഭാഗവും ആനമൂളി മുതൽ കൽക്കണ്ടി വരെ രണ്ടാം ഭാഗവും. തമിഴ്നാട് അതിർത്തി വരെയുള്ള റോഡ് നവീകരണം മൂന്നാം ഭാഗവുമായാണ് നടക്കുക. ഒന്നാം ഭാഗത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും.

2018 ഡിസംബർ 27 - ന് നിർമാണോദ്‌ഘാടനം നിർവഹിച്ച മണ്ണാർക്കാട് എം.ഇ.എസ് . കോളേജ് -പയ്യനെടം റോഡ് കിഫ്‌ബി പദ്ധതിയിലുൾപ്പെടുന്നതാണ്. 17 കോടിയാണ് ഇതിന്റെ അടങ്കൽ. നിർമാണത്തിനിടെയുണ്ടായ അപകടത്തെത്തുടർന്ന് കിഫ്‌ബി ഇതിന്റെ പണിക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ചർച്ച നടത്തി പ്രവൃത്തി പുനരാരംഭിക്കാനിരിക്കയാണ്.

വികസനത്തിന്റെ അടയാളം

കെ. ശാന്തകുമാരി
ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

ജില്ലയുടെ പശ്ചാത്തല വികസന രംഗത്ത് കിഫ്‌ബി വഴിയുള്ള പദ്ധതികൾ വഴി വലിയ മാറ്റമാണ് ഉണ്ടാകുന്നത്. വരും നാളുകളിലെ ജില്ലയുടെ വികസനക്കുതിപ്പിൽ ഇത് ഏറെ നിർണായകമാകും. ജില്ലാ ആശുപത്രി ആധുനീകരണത്തിന് 127 കോടിയുടെ പദ്ധതിക്കാണ് കിഫ്‌ബി ഫണ്ടിലൂടെ രൂപം നൽകിയിട്ടുള്ളത്. ആറ് നിലകളിലായി നിർമിക്കുന്ന ആശുപത്രിക്കെട്ടിടത്തിൽ 500 പേർക്ക് ഒരേ സമയം ചികിത്സ നല്കാൻ കഴിയും.

വികസനച്ചിറകിൽ


ചിറ്റൂരിൽ പദ്ധതികളേറെ

ചിറ്റൂർ- മേഖലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനാണ് മുൻഗണന. 748.51 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിലുൾപ്പെടുത്തിയിട്ടുള്ളത്.

∙ വടകരപ്പതി -കൊഴിഞ്ഞാമ്പാറ - എരുത്തേമ്പതി സമഗ്ര കുടിവെള്ള പദ്ധതി (രണ്ടാം ഘട്ടം )- 26 കോടി. 60 ശതമാനം പൂർത്തിയായി.
∙ പെരുമാട്ടി -പട്ടഞ്ചേരി -നല്ലേപ്പിള്ളി സമഗ്ര കുടിവെള്ള പദ്ധതി വിതരണ ശൃംഖല - 98.5 കോടി.
∙ മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ -262 കോടി. ടെൻഡർ പൂർത്തിയായി.
∙ അഞ്ച് റോഡുകൾ (1. കരമൺ - കുലുക്കപ്പാറ-ഒഴലപ്പതി, 2. മുത്തുസ്വാമി പുതൂർ - കുന്നങ്കാട്ടുപതി - അഞ്ചാംമൈൽ, 3. ചിറ്റൂർ- വണ്ടിത്താവളം, 4. കമ്പിളിച്ചുങ്കം- അത്തിക്കോട്-പെരുവെമ്പ്, 5. പെരുവെമ്പ് -കിണാശ്ശേരി ) - 200 കോടി -ഭൂമിയേറ്റെടുക്കൽ നടന്നു വരുന്നു.
∙ ചിറ്റൂർപ്പുഴയ്ക്ക് കുറുകെ വടകരപ്പള്ളിയിൽ റെഗുലേറ്റർ- 29.5 കോടി -ആരംഭിച്ചിട്ടില്ല.
∙ ചിറ്റൂർ താലൂക്കാശുപത്രി നവീകരണം - 70.51 കോടി - പ്രവൃത്തികൾ തുടങ്ങി.
∙ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തൽ - അഞ്ചുകോടി - 99 ശതമാനം പൂർത്തിയായി.
∙ ഒമ്പത് സ്‌കൂൾ കെട്ടിടം (ജി.എച്ച്.എസ് .എസ് , കോഴിപ്പാറ, ജി.എസ്.എം. എച്ച്.എസ്. തത്തമംഗലം, ജി.എച്ച്.എസ്. പട്ടഞ്ചേരി, ജി.യു.പി.എസ് നല്ലേപ്പിള്ളി, ജി.ബി.യു.പി.എസ്. തത്തമംഗലം, യു.പി.എസ് . തത്തമംഗലം, ജി.എച്ച്.എസ്. നന്ദിയോട്, ബി.ജി. എച്ച്.എസ് , വണ്ണാമട, ജി.പി.യു.എസ്., കൊഴിഞ്ഞാമ്പാറ) -13 കോടി.
പൂർത്തിയായത്

∙ ചിറ്റൂർ- തത്തമംഗലം നഗരസഭയിൽ പുതിയ ജലശുദ്ധീകരണശാല - 15 കോടി.
∙ വിക്ടോറിയ ഗേൾസ് സ്‌കൂൾ പുതിയ കെട്ടിടം - മൂന്ന് കോടി.

ഷൊർണൂരിന്റെ ദാഹമകറ്റും

ഷൊർണൂർ- നഗരസഭാപ്രദേശത്ത് കിഫ്ബിയിലുൾപ്പെടുത്തി നടപ്പാക്കുന്ന ബൃഹത് ശുദ്ധജലവിതരണ പദ്ധതി വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഭാരതപ്പുഴയിൽ തടയണ, ജലശുദ്ധീകരണശാല തുടങ്ങി ഇതിന്റെ ആദ്യഘട്ടം പൂർത്തിയായിക്കഴിഞ്ഞു. 35 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വിനിയോഗിച്ചത്. രണ്ടാംഘട്ടത്തിൽ കുടിവെള്ള വിതരണ ശൃംഖലയ്ക്കായുള്ള പൈപ്പ് ലൈനിന് 19.76 കോടി രൂപയുടെ പദ്ധതി അവസാനഘട്ടത്തിലുമെത്തി. വാണിയംകുളം പഞ്ചായത്തിലേക്കും വെള്ളമെത്തിക്കാനാവും.

മികവിന്റെ കേന്ദ്രമായി വിദ്യാലയങ്ങൾ

ചെർപ്പുളശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിനായി അഞ്ചു കോടി രൂപയാണ് അനുവദിച്ചിരുന്നത്. പുതിയ കെട്ടിടങ്ങളുടെ പണി പൂർത്തിയായ നിലയിലാണ്. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ റോഡിനഭിമുഖമായി പണിതീർത്ത ചെർപ്പുളശ്ശേരിയിലെ 'സമാധാനത്തിന്റെ മതിൽ' ഏറെ ശ്രദ്ധേയമായി . ചെർപ്പുളശ്ശേരിയിലെ കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം കൂടി ഇതിലുണ്ട്.

മറ്റ് പദ്ധതികൾ'

∙ ശ്രീകൃഷ്ണപുരം-മുറിയങ്കണ്ണി -ചെത്തല്ലൂർ റോഡ് നവീകരണത്തിന് 45.33 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ കരാർ നടപടി പൂർത്തിയായി.
∙ വെള്ളിനേഴി പഞ്ചായത്തിലെ അടയ്ക്കാപ്പുത്തൂർ -കല്ലുവഴി റോഡിന് 16.20 കോടി. 80 ശതമാനം പണി പൂർത്തിയായി.
∙ വാണിയംകുളം - കോതകുറിശ്ശി റോഡിന് 20.56 കോടി രൂപ. കൈയേറ്റമൊഴിപ്പിക്കൽ നടപടിയും ചെറിയ പാലങ്ങളുടെ നിർമാണവും പൂർത്തിയായി.
∙ ഒറ്റപ്പാലം -ചെർപ്പുളശ്ശേരി നഗരത്തിന്റെ നവീകരണത്തിനും ബൈപ്പാസ് നിർമിക്കുന്നതിനുമായി 43 കോടി രൂപ. പദ്ധതി അനുമതി കാക്കുകയാണ്.


തരൂർ പ്രൗഢിയിലേക്ക്

വടക്കഞ്ചേരി - പെരിങ്ങോട്ടുകുറിശ്ശി മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ വികസനം പൂർത്തിയാകുന്നതോടെ ഈ ഉൾനാടൻ ഗ്രാമപ്രദേശത്ത് വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലെ പഠനസൗകര്യങ്ങളാവും ലഭ്യമാവുക. മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായി സ്‌കൂളിനെ ഉയർത്തുകയാണ് ലക്ഷ്യം. അഞ്ചു കോടി ചെലവിട്ട് നടക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. വിശാലമായ ഓഡിറ്റോറിയത്തിന്റെ ജോലിയും നടക്കുന്നുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഹൈടെക് സംവിധാനമൊരുക്കും. ഭാവിയിൽ സ്‌കൂളിനെ കോളേജാക്കി ഉയർത്താനും പദ്ധതിയുണ്ട്.

മൂന്നുകോടി രൂപ ചെലവിൽ കോട്ടായി ജി.എച്ച്.എസ് . തോലനൂർ, ജി.എച്ച്.എസ്. പെരിങ്ങോട്ടുകുറിശ്ശി തുടങ്ങിയവയുടെ വികസനത്തിന് പദ്ധതി റിപ്പോർട്ട് തയ്യാറാക്കി കിഫ്‌ബിയുടെ അംഗീകാരത്തിന് അയച്ചിട്ടുണ്ട്. മൂന്നു കോടി രൂപയാണ് ഓരോ സ്‌കൂളിനും വകയിരുത്തിയിട്ടുള്ളത്. ഒരു കോടി രൂപ വീതം വകയിരുത്തിയിട്ടുള്ള ജി.എച്ച്.എസ്. കല്ലിങ്കൽപ്പാടം, ജി. എച്ച്. എസ് .ബമ്മണൂർ തുടങ്ങിയവയുടെ കരാർ നടപടികൾ പുരോഗമിക്കുന്നുണ്ട്. റോഡ്, പാലം, ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയവയ്‌ക്കായി 101.89 കോടി രൂപയാണ് കിഫ്ബിയിൽ വകയിരുത്തിയിട്ടുള്ളത്. 10 കോടി രൂപ വീതം അനുവദിച്ചിട്ടുള്ള തെന്നാലിപുരം, അരങ്ങാട്ടു കടവ് പാലങ്ങളുടെ കരാർ പൂർത്തിയായി. അടുത്ത മാർച്ചിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴനി - പഴമ്പാലക്കോട് റോഡിന് 32.89 കോടി, പഴമ്പാലക്കോട് -പാണ്ടിക്കടവ് -കോടത്തൂർ പാലത്തിന് 16 കോടി, കണ്ണമ്പ്ര ക്രാഫ്റ്റ് വില്ലേജിന് 33 കോടി തുടങ്ങിയവയാണ് മറ്റ് പദ്ധതികൾ. ആലത്തൂരിന് ആശ്വാസം

ആലത്തൂർ- ആലത്തൂർ സാമൂഹികാരോഗ്യകേന്ദ്രം സാധാരണക്കാരുടെ ആശ്രയമാണ്. സാധാരണക്കാർക്ക് മികച്ച സൗകര്യങ്ങളോടെ ചികിത്സ ലഭ്യമാക്കാൻ 14.40 കോടിയുടെ പദ്ധതിയാണ്. കിഫ്‌ബി വഴി സമർപ്പിച്ചിട്ടുള്ളത്.

ആലത്തൂർ പറക്കുന്നം പാലവും അനുബന്ധ റോഡും നിർമിക്കാൻ 15 കോടിയുടെ രൂപരേഖ സമർപ്പിച്ചിട്ടുണ്ട്. ഇവ രണ്ടും ആലത്തൂരിന്റെ മുഖച്ഛായ മാറ്റാൻ പര്യാപ്തമാണ്.

ജലക്ഷാമത്തിന് പരിഹാരം

ഗായത്രിപ്പുഴയുടെയും കൈവഴികളുടെയും തീരത്താണെങ്കിലും ആലത്തൂരിന് വേനലിന്റെ തുടക്കത്തിൽത്തന്നെ കുടിവെള്ളപ്രശ്നവും അനുഭവപ്പെടാറുണ്ട്.

കാർഷിക മേഖലയായ തേങ്കുറിശ്ശി, കുഴൽമന്ദം, കണ്ണാടി ഗ്രാമപഞ്ചായത്തുകളിൽ ശുദ്ധജലമെത്തിക്കുന്ന കണ്ണാടി സമഗ്ര കുടിവെള്ള പദ്ധതി കിഫ്ബിയിൽ പൂർത്തിയാക്കിയതാണ്. ചെലവ് 22 കോടി രൂപ ചെലവിട്ട ഈ പദ്ധതിവഴി ഗ്രാമങ്ങളിൽ കുടിവെള്ളമെത്തിത്തുടങ്ങി.

∙ തരൂർ, ആലത്തൂർ നിയോജകമണ്ഡലങ്ങളിലെ നാല് ഗ്രാമപ്പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ വിഭാവനം ചെയ്യുന്ന മംഗലം ഡാം കുടിവെള്ളപദ്ധതി നിർമാണമാരംഭിച്ചു. 70 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി വരുന്നതോടെ ഈ മേഖലയിലെ പതിവ് കുടിവെള്ള പ്രശ്‍നം പരിഹൃതമാകും.
∙ പന്നിക്കോട് -തേങ്കുറിശ്ശി -കണ്ണാടി റോഡ് നിർമാണത്തിന് 25 കോടി രൂപയാണ്. അടങ്കൽ.
∙ എരിമയൂർ ഗ്രാമപ്പഞ്ചായത്തിലെ ചുള്ളിമടയിൽ ഗായത്രിപ്പുഴയ്ക്ക് കുറുകെ പാലം നിർമാണം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്‌ഘാടനം ചെയ്തു. 10 കോടി രൂപയാണ് ചെലവ്. ഇതും പ്രാദേശികമായി ഏറെ പ്രാധാന്യമുള്ളതാണ്.

കുതിപ്പിനൊരുങ്ങി ഒറ്റപ്പാലം

ഒറ്റപ്പാലം- സാധാരണ ദിവസങ്ങളിൽ പോലും ഗതാഗതത്തിരക്കിൽ വീർപ്പുമുട്ടുന്ന ഒറ്റപ്പാലത്തിന് ആശ്വാസമായാണ് 78 കോടിയുടെ നിർദ്ദിഷ്ട ബൈപ്പാസ് പദ്ധതി വരുന്നത്. കിഫ്‌ബി പദ്ധതികളിലുൾപ്പെടുത്തി സ്ഥലമേറ്റെടുപ്പ് നടപടികളിലേക്ക് കടക്കുകയാണ്. കുടിവെള്ള വിതരണ പദ്ധതികൾക്കും പ്രാധാന്യമുണ്ട്. അമ്പലപ്പാറ, തച്ചനാട്ടുകര കുടിവെള്ള പദ്ധതികളാണ് കിഫ്ബിയിലുൾപ്പെടുത്തി പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.

അമ്പലപ്പാറ കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ടം ഒരു വർഷം മുമ്പേ പൂർത്തിയാവുകയും കുടിവെള്ള വിതരണം തുടങ്ങുകയും ചെയ്തു. 10 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ആദ്യഘട്ടത്തിൽ 8.50 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ജലസംഭരണിയും നിർമിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ കടമ്പൂർ ഭാഗത്തേക്ക് വെള്ളമെത്തിക്കുന്ന പണി 30 ശതമാനം പൂർത്തിയായി. 11 കോടി രൂപ ചെലവിലുള്ള രണ്ടാം ഘട്ടത്തിൽ കടമ്പൂരിൽ ജലസംഭരണിയുടെ നിർമാണവും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് .

22 കോടി രൂപ ചെലവിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന തച്ചനാട്ടുകര കുടിവെള്ളപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. തച്ചനാട്ടുകരയിൽ ശുദ്ധീകരണശാലയുടെ പണിയും പൂർത്തിയായി.

മറ്റ് പദ്ധതികൾ

∙ പുലാപ്പറ്റ സർക്കാർ എം.എൻ.കെ.എം.എം. ഹയർസെക്കൻഡറി സ്‌കൂളിൽ കെട്ടിടമുൾപ്പെടെ മികവിന്റെ കേന്ദ്രമാക്കാൻ അഞ്ച് കോടി. പണി പൂർത്തിയാകുന്നു.
∙ ഒറ്റപ്പാലം -ചെർപ്പുളശ്ശേരി റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 54.32 കോടി രൂപ. സർവേ നടപടികൾ പൂർത്തിയാകുന്നു.
∙ ഈസ്റ്റ് ഒറ്റപ്പാലം ഗവ. സ്‌കൂളിന് പശ്ചാത്തല സൗകര്യമൊരുക്കാൻ മൂന്നു കോടി.

നെന്മാറയിൽ പാലവും റോഡും

നെന്മാറ- പൊള്ളാച്ചി-തൃശ്സൂർ പാതയിലെ നെന്മാറയിൽ ഒരു ബൈപ്പാസ് എന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം കിഫ്‌ബി വഴി നടപ്പാക്കാനൊരുങ്ങുകയാണ്. 20 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. കൊടുവായൂരിലും 15 കോടിയുടെ ബൈപ്പാസിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

രണ്ടിനും സാങ്കേതികാനുമതിയായിട്ടുണ്ട്. കൊടുവായൂർ ബൈപ്പാസ് നിർമാണത്തിന്റെ സ്ഥലമേറ്റെടുക്കൽ പ്രവർത്തനം നടന്നു വരുന്നു. കൊല്ലങ്കോട് - പാലക്കാട് പാതയിൽ ഊട്ടറയിൽ റെയിൽപ്പാതയ്ക്ക് കുറുകെ മേൽപ്പാലം നിർമിക്കുന്നതിനായി 20 കോടിയും വകയിരുത്തിയിട്ടുണ്ട്.

പ്രാധാന്യം കുടിവെള്ളത്തിന്

പോത്തുണ്ടി അണക്കെട്ടിലെ വെള്ളമുപയോഗിച്ച് അഞ്ച് പഞ്ചായത്തുകളിൽ സമ്പൂർണമായും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി കിഫ്‌ബി വഴി നടപ്പാക്കി വരുന്നു. രണ്ട് പദ്ധതികളായാണ് നടപ്പാക്കുന്നത്.

24.5 കോടി രൂപ ചെലവഴിച്ച് മേലാർകോട്, അയിലൂർ, നെന്മാറ ഗ്രാമപഞ്ചായത്തു കളിലേക്ക് വെവ്വേറെ ജലസംഭരണിയും 26 കിലോമീറ്റർ പൈപ്പും സ്ഥാപിച്ചാണ് പദ്ധതി. ഒരു ജലസംഭരണിയുടെ നിർമാണം പൂർത്തിയാകുന്നു. അയിലൂരിലേത് നിർമാണഘട്ടത്തിലുമാണ്. എലവഞ്ചേരി, പല്ലശ്ശന ഗ്രാമപ്പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നത്തിനായുള്ള പദ്ധതിക്ക് 20 കോടിയും വകയിരുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസമേഖല

നെന്മാറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിനെ അന്തരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 6.3 കോടി രൂപ, നെന്മാറ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനും കൊടുവായൂർ ഹയർസെക്കൻഡറി സ്‌കൂളിനും മുതലമട ഗവ. ഹയർസെക്കൻഡറി സ്‌കൂളിനും മൂന്നു കോടി രൂപ വീതം കിഫ്‌ബി അനുവദിച്ചിട്ടുണ്ട്.

തൃത്താല ട്രാക്കിലേക്ക്

തൃത്താല- തൃത്താല മണ്ഡലത്തിലെ കൂറ്റനാട് വട്ടേനാട് ഹൈസ്‌കൂളിൽ ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. കിഫ്‌ബിയുടെ അഞ്ച് കോടിയും എം.എൽ.എ . ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഹൈടെക് ക്ലാസ് മുറികൾ, ആധുനിക രീതിയിലുള്ള ശൗചാലയ സമുച്ചയങ്ങൾ എന്നിവ ഇതിലുൾപ്പെടും. ചാത്തന്നൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടപ്പാക്കുന്ന സിന്തറ്റിക് ട്രാക്ക് കായിക മുന്നേറ്റത്തിന് കാരണമാകും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ചു കോടി രൂപ പദ്ധതിക്ക് വകയിരുത്തി. പുതിയ സർക്കാർ വന്ന് തുക എട്ടുകോടിയാക്കി കിഫ്ബിയിൽ ഉൾപ്പെടുത്തി. എന്നാൽ, എട്ടുവരി ട്രാക്ക് ആറാക്കി ചുരുക്കിയത് വലിയ മത്സരങ്ങൾ നടത്തുന്നതിന് തടസ്സമാകുമെന്ന ആക്ഷേപവുമുണ്ട്.

പ്രഖ്യാപിച്ച പദ്ധതികൾ

മണ്ഡലത്തിലെ അഞ്ച് സ്‌കൂളുകളുടെ വികസനത്തിനായി മൂന്നു കോടി രൂപ വീതം പ്രഖ്യാപിച്ചു. ചാത്തന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ, ചാലിശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, മേഴത്തൂർ ജി.എച്ച്.എസ് .എസ്., ഗോഖലെ ഹൈ സ്‌കൂൾ എന്നിവയാണ് കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ കരാർ നടപടികൾ ഇനിയും ആയിട്ടില്ല.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം മുതൽ കുമ്പിടി, തൃത്താല വഴി പട്ടാമ്പിപാലം വരെ തീരദേശ റോഡ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. 120 കോടി രൂപയുടെ പദ്ധതിയായിരുന്നു ഇത്. പുതിയ സർക്കാർ വന്ന ശേഷം പദ്ധതിയെ കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നടപടിയായിട്ടില്ല.

തൃത്താല ഗവ. കോളേജ് കെട്ടിട നിർമാണത്തിനും ഏഴു കോടി രൂപ കിഫ്ബിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ വി.ടി.ബൽറാം എം.എൽ.എ. യുടെ ഫണ്ടിൽ നിന്ന് അഞ്ചു കോടി രൂപ ചെലവിലുള്ള പ്രവൃത്തിയാണ് നടക്കുന്നത്.

പട്ടാമ്പിയുടെ സ്വപ്നങ്ങൾ

പട്ടാമ്പി- വാടാനാംകുറിശ്ശി ഗവ. ഹൈസ്‌കൂളിൽ മൂന്നു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ചു. മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത നടുവട്ടം ഗവ.ജനതാ ഹയർസെക്കൻഡറി സ്‌കൂളിൽ അഞ്ചുകോടിയുടെ നിർമാണം നടന്നു വരുന്നു. കൊപ്പം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇവിടെ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. പട്ടാമ്പി ഹയർസെക്കൻഡറി സ്‌കൂളിൽ ക്ലാസ് മുറികൾക്കായി 3.54 കോടി രൂപ ചെലവിൽ കെട്ടിടവും നിർമിക്കുന്നുണ്ട്. ഒരു കോടി രൂപ വീതം പട്ടാമ്പി ജി.എം.എൽ.പി.എസ്., ജി.എം.യു.പി.എസ് . പട്ടാമ്പി, ജി.യു.പി.എസ്. ചുണ്ടമ്പറ്റ, ജി.എച്ച്.എസ്.എസ്. വിളയൂർ, ജി.യു.പി.എസ്. നരിപ്പറമ്പ് എന്നിവയ്‌ക്കും രണ്ടു കോടി രൂപ പെരുമുടിയൂർ ജി.ഒ.എച്ച്.എസ് .എസ്സിനും അനുവദിച്ചിട്ടുണ്ട്.



കരാർ നടപടികളായത്

വാടാനാംകുറിശ്ശി റെയിൽവേ മേൽപ്പാലം പദ്ധതിയുടെ നിർമാണത്തിനായി ദർഘാസ് വിളിച്ചിട്ടുണ്ട്. പട്ടാമ്പി പുതിയ പാലത്തിന് 31.60 കോടിയുടെ അംഗീകാരം കിഫ്‌ബി നൽകി.

പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനും കരാർ വിളിച്ചിട്ടുണ്ട്. കൊണ്ടയൂർ പാലത്തിനും റെയിൽവേ മേൽപ്പാലത്തിനും കൂടി 50 കോടിയുടെ അനുമതി ലഭിച്ചിട്ടുണ്ട് . വല്ലപ്പുഴ, കൊടുമുണ്ട മേൽപ്പാലങ്ങൾക്കും കിഫ്ബിയുടെ അംഗീകാരം നേടിയിട്ടുണ്ട്. പട്ടാമ്പി-ആമയൂർ റോഡിന് 10 കോടി, നില ആശുപത്രി-ഷൊർണൂർ ഐ.പി.ടി. റോഡ് വികസനത്തിന് 55.3 കോടി എന്നിവയ്ക്കും അംഗീകാരമായി.

ആരോഗ്യമേഖല

പട്ടാമ്പി താലൂക്കാശുപത്രിയുടെ സമഗ്ര വികസനത്തിനായി 15.55 കോടിയുടെ പ്രവർത്തനങ്ങൾക്ക് കിഫ്‌ബി അംഗീകാരം നൽകിയിട്ടുണ്ട്.

പത്തിരിപ്പാല സ്‌കൂൾ
മികവിന്റെ വിദ്യാലയം


വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിന് വിദ്യാവികാസ് പദ്ധതിയും കൂടി ഭാഗമായാണ് പത്തിരിപ്പാല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പദ്ധതി നടപ്പാക്കുന്നത്. പണിയുടെ 55 ശതമാനത്തിലേറെ ഇതിനകം പൂർത്തിയായി.

ഹൈടെക്കാവാൻ
വട്ടേനാട് സ്‌കൂൾ


അഞ്ചു കോടി കിഫ്‌ബി ഫണ്ടും 60 ലക്ഷം തൃത്താല എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നുമുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിന്റെ ഭൗതിക സാഹചര്യം വർധിപ്പിക്കാനാവുന്നതരത്തിൽ മൂന്നു നിലക്കെട്ടിടമാണ് വരുന്നത്.

കുടിവെള്ളം നൽകാൻ
പോത്തുണ്ടി


കിഫ്‌ബി പദ്ധതിയിൽ 24.5 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി മേലാർകോട് കടമ്പിടിയിൽ പൂർത്തിയാകുന്ന 9.5 ലക്ഷം ലിറ്ററിന്റെ ജലസംഭരണി.

കടമ്പൂരിന് കുടിവെള്ളം
പോത്തുണ്ടി


പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന അമ്പലപ്പാറ കുടിവെള്ള പദ്ധതിയുടെ കടമ്പൂരിലെ ജലസംഭരണി. കടമ്പൂർ മേഖലയിലെ 1,600 കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാനായാണ് പദ്ധതി.

ജലവിതരണം
മുറിയങ്കണ്ണി പുഴയിൽ നിന്ന്


അലനല്ലൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായത്തുകളിലെ 1.5 ലക്ഷം വീടുകളിൽ ശുദ്ധജലവിതരണം നടത്താൻ കഴിയുന്ന രീതിയിലാണ് തച്ചനാട്ടുകര സമഗ്ര കുടിവെള്ളപദ്ധതി. ചെത്തല്ലൂർ മുറിയങ്കണ്ണി പുഴയിൽ കിണർ നിർമാണവും അനുബന്ധപണികളും പൂർത്തിയായി.

ഷൊർണൂരിന്റെ അടയാളമായി
തടയണ


നിളാതീരത്താണെങ്കിലും എന്നും കുടിവെള്ളക്ഷാമം അനുഭവപ്പെടാറുള്ള ഷൊർണൂരിന് വലിയ പ്രതീക്ഷയാണ് നിർമാണത്തിലുള്ള സമഗ്ര കുടിവെള്ള പദ്ധതി. ഇതിനായി കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ഭാരതപ്പുഴതടയണ ഷൊർണൂരിന്റെ അടയാളമാവുകയാണ്.
ചിറ്റൂരിന്റെ ദാഹം ശമിക്കുന്നു

കെ. കൃഷ്ണൻകുട്ടി
മന്ത്രി

കുടിവെള്ളത്തിനായി ടാങ്കർലോറി വെള്ളത്തെ കാത്തിരുന്ന വടകരപ്പതി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി പഞ്ചായത്തുകളുടെ ദാഹം തീർന്നത് ഈ സർക്കാരിന്റെ കാലത്താണ്. തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള പഞ്ചായത്തുകളിലെ ഉൾപ്പെടെ ഒമ്പത് സ്കൂളുകൾ മുഖം മാറിയതും ഇക്കാലത്താണ്. പതിറ്റാണ്ടുകളുടെ ആവശ്യങ്ങളിലൊന്നായ ആർബിസി കനാൽ യാഥാർഥ്യമായാൽ കാർഷികമേഖല കൂടിയായ ചിറ്റൂർ നാടിനാകെ ഗുണം ചെയ്യും.

ബൈപ്പാസുകളിൽ പ്രതീക്ഷ

കെ.ബാബു
എം.എൽ.എ.

റോഡ്, കുടിവെള്ളം, ആരോഗ്യമേഖല തുടങ്ങി പ്രാദേശികമായ ആവശ്യങ്ങളറിഞ്ഞ് ഇടപെടുന്ന മുന്നേറ്റത്തിനാണ് വഴി തുറന്നത്. ദീർഘകാല ആവശ്യങ്ങൾ മുൻകൂട്ടിക്കണ്ടുള്ള ആസൂത്രണത്തിന് ഇത് സഹായകരമാവുന്നു. നെന്മാറ മണ്ഡലത്തിൽ 114.8 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. കാർഷികമേഖലയ്ക്ക് വെള്ളമെത്തിക്കുന്നതിനായി തുടങ്ങിയ പോത്തുണ്ടി അണക്കെട്ടിലെ വെള്ളമുപയോഗിച്ച് അഞ്ചു പഞ്ചായത്തുകളിലും പൂർണമായും ജലവിതരണം നടത്താനുള്ള പദ്ധതിയാണ് കിഫ്ബി വഴി ആരംഭിച്ചിട്ടുള്ളത്, പ‍ഞ്ചായത്തുകളിൽ 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി നിർമിച്ചാണ് ജലവിതരണം.

ആലത്തൂരിൽ മുന്നേറ്റം

കെ.ഡി. പ്രസേനൻ
എം.എൽ.എ.

ആലത്തൂരിന്റെ വികസനാവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാക്കുന്ന പദ്ധതിയാണ് കിഫ്ബി. 200 കോടി രൂപയുടെ പദ്ധതികളാണ് ആസൂത്രണംചെയ്യുന്നത്. വരുന്ന കാൽനൂറ്റാണ്ടിന്റെ ഭൗതികപശ്ചാത്തല സൗകര്യങ്ങൾ ഇക്കാലത്തുതന്നെ സാധ്യമാക്കാൻ കഴിയുമെന്നതാണ് കിഫ്ബിയുടെ നേട്ടം. ഭൗതികനേട്ടങ്ങൾ മാത്രമല്ല, സാമൂഹിക-സാമ്പത്തിക മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനും കഴിയും. ഗ്രാമ–നഗര വ്യത്യാസമില്ലാതെ എല്ലാ പ്രദേശങ്ങളെയും എല്ലാ സമൂഹത്തെയും ഉൾക്കൊള്ളുന്ന പദ്ധതിയാണിത്.

നഗരത്തിലെ കുരുക്കഴിയും

ഷാഫി പറമ്പിൽ
എം.എൽ.എ.

പാലക്കാട് നഗരത്തിലെ കുരുക്കഴിക്കുന്നതിന് ഏറെ സഹായകമായ പദ്ധതികളടക്കം 116 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി പദ്ധതിവഴി മണ്ഡലത്തിൽ നടപ്പാക്കുന്നതിന് രൂപം കൊടുത്തിട്ടുള്ളത്. ഇത്തരം അത്യാവശ്യപദ്ധതികൾ യാഥാർഥ്യത്തിലേക്ക് കൊണ്ടുവരുന്നതിന് തടസ്സമാവുന്നത് പലപ്പോഴും സാങ്കേതികമായ കുരുക്കുകളാണ് . ഇത്തരം തടസ്സങ്ങൾ ഒഴിവാക്കാനായി സർക്കാർ തലത്തിൽ നേരിട്ടുള്ള ഇടപെടലുകൾ വേണം. സ്ഥലമേറ്റെടുക്കേണ്ടി വരുന്ന പദ്ധതികള്‍ അമിത സാങ്കേതികത്വത്തിന്റെ പേരിൽ നീട്ടുന്നത് ഒഴിവാക്കണം.

കോങ്ങാട്ട് 270 കോടിയുടെ പദ്ധതികൾ

കെ.വി. വിജയദാസ്
എം.എൽ.എ.

കോങ്ങാട് നിയോജകമണ്ഡലത്തിൽ കിഫ്ബിവഴി മാത്രം സമർപ്പിച്ചിരുന്നത് 270 കോടിയുടെ വികസനപദ്ധതികൾക്കാണ്. കുടിവെള്ളപദ്ധതികൾ, കായികതാരങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടെ പരിശീലനം നടത്താനുള്ള സിന്തറ്റിക് ട്രാക്കിനുള്ള പദ്ധതിനിർമാണം തുടങ്ങിയവ നടന്നുകൊണ്ടിരിക്കുന്നു. അവഗണനയിലായിരുന്ന നാട്ടിൻപുറങ്ങൾക്ക് പുതിയ വികസനശ്രോതസ്സ് കൈവരികയായിരുന്നു. കഴിഞ്ഞ നാലു വർഷത്തിനകം കിഫ്ബിയുടെ ഫണ്ട് വഴി വലിയ വികസന പ്രവർത്തനങ്ങൾ നടന്നു.

കുടിവെള്ളത്തിന് പരിഗണന

പി. ഉണ്ണി
എം.എൽ.എ.

അടിസ്ഥാന സൗകര്യ വികസനമാണ് കിഫ്ബി പദ്ധതികൾ വഴി പ്രധാനമായി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ പരാതികേട്ടത് കുടിവെള്ള പ്രശ്നങ്ങളെ സംബന്ധിച്ചായിരുന്നു. അത് പരിഹരിക്കാൻ രണ്ട് പഞ്ചായത്തുകളിലെ പദ്ധതികളുടെ ആദ്യഘട്ടം പൂർത്തിയാക്കിയിട്ടുണ്ട്. അമ്പലപ്പാറയിൽ ആദ്യഘട്ടം കഴിഞ്ഞ് വെള്ളം ലഭിച്ചുതുടങ്ങി. രണ്ടാം ഘട്ടം നിർമാണ പുരോഗതിയിലാണ്. മൂന്നാം ഘട്ടം കൂടി നടപ്പാക്കി പഞ്ചായത്തിന് കുടിവെള്ള പ്രശ്നമില്ലാതാക്കുകയാണ് ലക്ഷ്യം. ഒപ്പം പറഞ്ഞു പഴകിയ ഒറ്റപ്പാലം നഗരത്തിന്റെ തിരക്ക് കുറയ്ക്കാനുള്ള ബൈപ്പാസ് പദ്ധതിയും പുരോഗതിയിലാണ്.

തരൂരിൽ ക്രാഫ്റ്റ് വില്ലേജ്

എ.കെ. ബാലൻ
മന്ത്രി

കിഫ്ബിയിലൂടെ എല്ലാ മേഖലകളിലെയും വികസനമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 50,000 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയതെങ്കിലും നിലവിലിത് 57,000 കോടിയായി. വ്യത്യസ്തമായ വികസനത്തിന് ഉദാഹരണമാണ് തരൂർ മണ്ഡലത്തിലെ കണ്ണമ്പ്ര ക്രാഫ്റ്റ് വില്ലേജ് പദ്ധതി. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരുടെ പരമ്പരാഗത ഉത്പന്നങ്ങൾ നിർമിക്കാനും വിപണനം നടത്താനുമുള്ള സ്ഥീരം വേദിയാണിത്. ഇവരുടെ തനത് കലാരുപങ്ങൾ അവതരിപ്പിക്കാനും വേദിയുണ്ടാക്കും. ഭാവിയിൽ ടൂറിസം വകുപ്പുമായി ചേര്‍ന്ന് വിനോദ സഞ്ചാരകേന്ദ്രമാക്കാനും പദ്ധതിയുണ്ട്.

മലമ്പുഴയിൽ സമഗ്ര വികസനം

വി.എസ്. അച്യുതാനന്ദൻ
എം.എൽ.എ., ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ

മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ് പ്രാധാന്യം നൽകിയത്. മലമ്പുഴ ഉദ്യാനത്തെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള 100 കോടിയുടെ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യാനങ്ങളിലൊന്നായ മലമ്പുഴയെ മികവിലേക്ക് ഉയർത്തുന്നതിന് മുൻ എല്‍ ഡി എഫ് സർക്കാരിന്റെ കാലത്തു തുടങ്ങിയ പദ്ധതികളുടെ തുടർച്ചയാണ് ലക്ഷ്യമിടുന്നത്.

ഷൊർണൂരിൽ പശ്ചാത്തല വികസനം

പി.കെ. ശശി
എം.എൽ.എ., ഷൊർണൂർ

ഷൊർണൂരിലെ കുടിവെള്ളപദ്ധതി സ്വപ്നപദ്ധതിയാണ്. വർഷങ്ങളായി ഷൊർണൂരുകാർ ഉന്നയിച്ച വിഷയമായിരുന്നു കുടിവെള്ള പ്രശ്നം. അത് പെട്ടെന്നുതന്നെ പൂർത്തീകരിക്കാനായി. ഷൊർണൂരിന് പുറമേ വാണിയംകുളത്തെയും കുടിവെള്ള പ്രശ്നത്തിന് ഇത് ഉപകാരപ്പെടുത്താനായി. അടിസ്ഥാന വികസനമായ റോഡുകൾ പലതും ഉയർന്ന നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികളും കിഫ്ബിയെ ഉപയോഗപ്പെടുത്തി നടപ്പാക്കുന്നുണ്ട്. ആകെ 213.09 കോടി രൂപയുടെ പദ്ധതിയാണ് ഷൊര്‍ണൂരിൽ നടപ്പാക്കുന്നത്.

പട്ടാമ്പിയിൽ സമൂല മാറ്റം

മുഹമ്മദ് മുഹ്സിൻ
എം.എൽ.എ.

ദീർഘവീക്ഷണമുള്ള പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്ത് നടപ്പാക്കുന്നത്. അടുത്ത 50 വർഷത്തേക്ക് മാറ്റംവരുത്താതെ ഉപയോഗിക്കാൻ കഴിയുന്നതരത്തിലുള്ള മാനദണ്ഡങ്ങളാണ് ഓരോ പദ്ധതിയിലും കിഫ്ബി സ്വീകരിക്കുന്നത്. സ്ഥലമേറ്റെടുക്കേണ്ട പദ്ധതികളിൽവരുന്ന സ്വഭാവിക കാലതാമസമാണ് ചില പദ്ധതികൾക്ക് വരുന്നത്. ഫണ്ടനുവദിക്കലക്കടക്കം പരമാവധി വേഗം നടപ്പാക്കുന്നുണ്ട്. പട്ടാമ്പിയിൽ വിദ്യാഭ്യാസ മേഖലയിലടക്കം വലിയ മാറ്റമാണ് ഇതിനോടകം വരാൻ പോകുന്നത്. ആധുനിക രീതിയിലുള്ള ഹൈടെക് ക്ലാസ് മുറികൾ സർക്കാർ സ്കൂളുകളിൽ ലഭ്യമാകും.

മണ്ണാർക്കാട്ട് മികച്ച പദ്ധതികൾ

എൻ. ഷംസുദ്ദീൻ
എം.എൽ.എ.

കിഫ്ബി പദ്ധതികൾ വല്ലാതെ വൈകുന്നെന്നത് പ്രധാന ന്യൂനതയാണ്. കിഫ്ബിയും മാതൃവകുപ്പുകളും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ പല പദ്ധതികളെയും വൈകിപ്പിക്കുന്നുണ്ട്. നടപടിക്രമങ്ങൾക്കെല്ലാം ഏറെ കാലതാമസം നേരിടുന്നെന്നതാണ് കിഫ്ബിയുടെ പോരായ്മ. മണ്ഡലത്തിൽ ഇത്തരം പദ്ധതികൾ അംഗീകരിച്ചു കിട്ടിയതിൽ ഏറെ സന്തോഷമുണ്ട്. എന്നാലിവയെല്ലാം പ്രാവർത്തികമാക്കുന്നതിൽ അസാധാരണ കാലതാമസമാണുണ്ടാകുന്നത്. നടപടിക്രമങ്ങൾക്ക് ഒട്ടും വേഗമില്ല. അട്ടപ്പാടിയിലേക്ക് 93 കോടിയുടെ പദ്ധതി കിട്ടി. എന്നാലിത് നാലു വർഷമായിട്ടും നടപ്പായിട്ടില്ല. വകുപ്പുകൾ തമ്മിലൊരു ധാരണയുണ്ടാവണം.

തൃത്താലയിൽ ഏറെ പദ്ധതികൾ

വി.ടി. ബൽറാം
എം.എൽ.എ.

കിഫ്ബിവഴി കൂടുതൽ പദ്ധതികൾ അനുവദിച്ചുകിട്ടിയ മണ്ഡലങ്ങളിലൊന്നെന്ന പ്രത്യേകതയുണ്ട് തൃത്താലയ്ക്ക്. എട്ടുകോടിയുടെ സിന്തറ്റിക് ട്രാക്ക് മുതൽ അഞ്ചുകോടിയുടെ വട്ടേനാട് വി.എച്ച്.എസ്.ഇ. സ്കൂൾ നവീകരണം അടക്കമുള്ള പദ്ധതികളുണ്ട്. എം.എൽ.എ. ഫണ്ടുകൂടി ഉപയോഗപ്പെടുത്തി വിപുലീകരിക്കാവുന്ന പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ച് ധാരണയുണ്ടാകണം. മണ്ഡലത്തിലെ പ്രധാന റോഡുകളിൽ പലതും കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സമയബന്ധിതമായി പണി പൂർത്തിയാവുന്നില്ലെന്ന ന്യൂനതയുണ്ട്.