കർഷകർക്ക് പ്രതീക്ഷയായി മലബാർ കോഫി
വയനാടിന്റെ കാർഷിക മേഖലയ്ക്കാകെ പുത്തനുണർവാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് കാർബൺ ന്യൂട്രൽ മലബാർ കോഫി പദ്ധതി. ഇതിന്റെ കോഫി പാർക്ക് സ്ഥാപിക്കുന്നതിന് 150 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കാർബൺ ബഹിർഗമന തോത് കുറച്ച് ജൈവികമായി കൃഷി ചെയ്ത് സംസ്കരിക്കുന്ന കാപ്പി, അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് പുറത്തിറക്കാനാണ് ആലോചന. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന കേസിൽ അനുകൂലമായി വിധി ലഭിച്ചതായി സി. കെ. ശശീന്ദ്രൻ എം.എൽ. എ. പറഞ്ഞു. ഇതോടെ ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിക്കും.
മറ്റൊരു പ്രശ്നമായ മനുഷ്യ- വന്യജീവി സംഘർഷത്തിനും പരിഹാരമാകുന്നു പദ്ധതികൾ കിഫ്‌ബി സഹായത്തോടെ ജില്ലയിൽ മുന്നേറുന്നു. കല്പറ്റ മണ്ഡലത്തിൽ രണ്ടിടങ്ങളിൽ 4.22 കോടി ചെലവഴിച്ച് ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് തയ്യാറാവുന്നു. ബത്തേരി മണ്ഡലത്തിൽ വിവിധ പദ്ധതികളിലായി ഫെൻസിങ്ങിനും മതിൽ കെട്ടുന്നതിനുമായി 31 കോടി രൂപയാണ് അനുവദിച്ചത്.
കലാസാംസകാരിക മേഖലയിലും കായിക മേഖലയിലും തുണയാവുന്ന പദ്ധതികളും പൊതു വിദ്യാഭ്യാസ മേഖലയ്ക്കാകെ ഉണർവേകുന്ന പദ്ധതികളും കിഫ്ബിയുടെ ഭാഗമായി ആവിഷ്കരിക്കുന്നു. ഗ്രാമീണ മേഖലയിലുൾപ്പെടെ റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനും കിഫ്‌ബി പദ്ധതികൾ തുണയാകുമെന്നാണ് പ്രതീക്ഷ.
മാനന്തവാടി മുന്നോട്ട്
മാനന്തവാടി - കുടിവെള്ള പദ്ധതികൾ മുതൽ മലയോര ഹൈവേ വരെ നീളുന്നതാണ് മാനന്തവാടി മണ്ഡലത്തിലെ കിഫ്‌ബി പദ്ധതികൾ. ആറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 129 കോടി 92 ലക്ഷം രൂപയാണ് മലയോര ഹൈവേയ്ക്ക് അനുവദിച്ചത് . മാനന്തവാടി മണ്ഡലത്തിലെ ഏറ്റവും തകർന്ന റോഡായിരുന്നു മാനന്തവാടി -പക്രന്തളം റോഡ്. രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ് തകർന്ന് തരിപ്പണമായി ഗതാഗതം പോലും പ്രയാസത്തിലായ സ്ഥിതിയുണ്ടായിരുന്നു, 17 കോടി രൂപ ചെലവിട്ട് 2017 -ൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആറു കിലോമീറ്റർ ദൂരം ഉന്നത നിലവാരത്തിലേക്ക് ഉയർത്തി. 90 ശതമാനം പ്രവൃത്തികളും പൂർത്തിയായി. ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും കിഫ്ബിയുടെ കൈത്താങ്ങ് ലഭിച്ചു.
മാനന്തവാടി മണ്ഡലത്തിൽ ലഭിച്ച കിഫ്‌ബി പദ്ധതികൾ
റോഡുകൾ
∙ മലയോര ഹൈവേ - 129 കോടി 92 ലക്ഷം രൂപ- ഭരണാനുമതി ലഭിച്ചു. സാങ്കേതികാനുമതിക്ക് കേരള റോഡ് ഫണ്ട് ബോർഡിന് പദ്ധതിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചു.
∙ മാനന്തവാടി-കൈതക്കൽ റോഡ് നവീകരണം 46 കോടി രൂപ - 105 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ മൂന്നു കിലോമീറ്റർ പാന് പൂർത്തിയായി.
∙ മാനന്തവാടി -പക്രന്തളം റോഡ് - 17 കോടി രൂപ - ആറു കിലോമീറ്റർ ദൂരം ഉന്നതനിലവാരത്തിലേക്ക് ഉയർത്തി. 95 ശതമാനം പ്രവൃത്തി പൂർത്തിയായി.
∙ മാനന്തവാടി റിങ് റോഡ് - 21 കോടി രൂപ. സാങ്കേതികാനുമതിക്ക് സമർപ്പിക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നു.
∙ പയ്യമ്പള്ളി -കാപ്പിസെറ്റ് റോഡ്-54 കോടി രൂപ - ഭരണാനുമതി ലഭിച്ചു. സാങ്കേതികാനുമതിക്ക് സർപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു.
പാലം
തിരുനെല്ലി നിട്ടറ പാലം - 12.5 കോടി രൂപ. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ടെൻഡർ നടപടികൾ ഉടൻ തുടങ്ങും.
കുടിവെള്ള പദ്ധതി
എടവക, നല്ലൂർ നാട്, മാനന്തവാടി വില്ലേജുകളിൽ കുടിവെള്ള പദ്ധതിക്ക് 11. 30 കോടി രൂപ അനുവദിച്ചു. പദ്ധതി പ്രവൃത്തി പൂർത്തിയായി.
വിദ്യാഭ്യാസ മേഖല
∙ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തൽ- അഞ്ചു കോടി രൂപ. 90 ശതമാനം പ്രവൃത്തി പൂർത്തിയായി.
∙ വെള്ളമുണ്ട ജി.എം.എച്ച്.എസ് .എസ്., കാട്ടിക്കുളം ജി.എച്ച്.എസ് .എസ്., പനമരം ജി.എം.എച്ച്.എസ് .എസ്. എന്നീ മൂന്ന് സ്‌കൂളുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തൽ. ഓരോ സ്‌കൂളിനും മൂന്നു കോടി രൂപ വീതം അനുവദിച്ചു.
∙ 500 മുതൽ 1000 വരെ കുട്ടികൾ പഠിക്കുന്ന മാനന്തവാടി മണ്ഡലത്തിലെ പത്ത് സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു.
അടിസ്ഥാന സൗകര്യവികസനത്തിന് തുക അനുവദിച്ച സ്‌കൂളുകൾ
1. തലപ്പുഴ ഗവ. യു.പി. സ്‌കൂൾ.
2. തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ.
3. വാരാമ്പറ്റ ഗവ. ഹൈസ്‌കൂൾ.
4. ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ.
5. കുഞ്ഞോ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ.
6. നീർവാരം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ.
7. പേര്യ ഗവ. ഹൈസ്‌കൂൾ.
8. മാനന്തവാടി ഗവ. യു.പി. സ്‌കൂൾ.
9. തരുവണ ഗവ. ഹൈസ്‌കൂൾ.
10. തരുവണ ഗവ. യു.പി. സ്‌കൂൾ.
1000 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന രണ്ട് സ്‌കൂളുകൾക്ക് മൂന്നു കോടി വീതം (അടിസ്ഥാന സൗകര്യ വികസനത്തിന് )
1. തലപ്പുഴ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ.
2. വാളാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ.
നിട്ടറപാലം തിരുനെല്ലിയുടെ സ്വപ്നം
കാളിന്ദി പുഴയ്ക്ക് കുറുകേ മഴക്കാലത്ത് ഒഴുകിപ്പോകാത്ത നല്ലൊരു പാലം എന്ന തിരുനെല്ലിയുടെ സ്വപ്നമാണ് നിട്ടറപാലത്തിന് കിഫ്‌ബി തുക അനുവദിച്ചതോടെ യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. 12. 5 കോടി രൂപയാണ് പാലം നിർമിക്കാനായി അനുവദിച്ചത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ടെൻഡർ നടപടികൾ ഉടൻ തുടങ്ങും. തിരുനെല്ലി നിട്ടറ, ചിന്നടി, വെള്ളറോടി കോളനി നിവാസികളുടെ മഴക്കാലദുരിതമാണ് പാലം വരുന്നതോടെ അവസാനിക്കുക. അടിയ, കുറിച്യ, പണിയ വിഭാഗങ്ങളിലായി മുപ്പതോളം കുടുംബങ്ങളാണ് നിട്ടറ കോളനിയിൽ താമസിക്കുന്നത്. കാളിന്ദി പുഴയോരത്തു നിന്ന് അരക്കിലോമീറ്റർ അകലെയാണ് കോളനി. പുറത്തെവിടെ പോകണമെങ്കിലും കോളനിയിലുള്ളവർക്ക് കാളിന്ദിപുഴ കടക്കണം. മഴക്കാലത്ത് കാളിന്ദിപ്പുഴ കുത്തിയൊഴുകി താത് കാലിക പാലം ഒഴുകിപ്പോകുന്നതോടെ കോളനി നിവാസികൾ ഒറ്റപ്പെടും. 2005 -ൽ പുഴയ്ക്ക് കുറുകേ പാലം (ചപ്പാത്ത് ) നിർമിച്ചിരുന്നു.
നിർമാണം പൂർത്തിയാക്കി മാസങ്ങൾ പിന്നിടുമ്പോഴേക്കും പാലം തകർന്നു. പിന്നീട് മുള കൊണ്ടും മരം കൊണ്ടുമൊക്കെ നിർമിച്ച പാലമായിരുന്നു ഇവരുടെ ആശ്രയം. മഴക്കാലത്ത് പാലം ഒഴുകിപ്പോകുന്നതും പുനർ നിർമ്മിക്കുന്നതും പതിവായി. ജില്ലയിലെ മറ്റു പുഴകളെ അപേക്ഷിച്ച് മലവെള്ളപ്പാച്ചിൽ കൂടുതലുള്ള പുഴയാണ് കാളിന്ദിപ്പുഴ. ശക്തമായ മഴയിൽത്തന്നെ പുഴയിൽ കുത്തൊഴുക്ക് വർധിക്കും. പാലം നിർമാണം പൂർത്തിയാവുമ്പോൾ പ്രദേശവാസികളുടെ നിലവിലെ ദുരിതത്തിനും അറുതിയാവും.
ബത്തേരി മണ്ഡലത്തിന് 271. 46 കോടിയുടെ പദ്ധതികൾ
കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ കിഫ്‌ബി വഴി 271. 46 കോടിയുടെ വികസന പദ്ധതികളാണ് ബത്തേരി നിയോജക മണ്ഡലത്തിന് അനുവദിച്ചത്. നിയോജക മണ്ഡലത്തിലെ റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കുന്നതിനായി 196.61 കോടി രൂപ പദ്ധതികളാണ് കിഫ്ബി വഴി അനുവദിച്ചത്. ഇതിൽ 38.99 കോടി രൂപ ചെലവിൽ കണിയാമ്പറ്റ -മീനങ്ങാടി റോഡിന്റെ നിർമാണം പൂർത്തിയായി. ബീനാച്ചി-പനമരം റോഡിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 54.40 കോടി രൂപയാണ് ഈ റോഡിനായി അനുവദിച്ചിട്ടുള്ളത്. ബത്തേരി-ചേരമ്പാടി റോഡിനായി 31.05 കോടി അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിക്കുള്ള സാമ്പത്തികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട് . കാപ്പിസെറ്റ്-പയ്യമ്പള്ളി റോഡിനായി 43.70 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതിയുടെ ഡി.പി. ആർ സമർപ്പിച്ചിട്ടുണ്ട്. 28.47 കോടി രൂപ അനുവദിച്ച പുല്പള്ളി -കൊളവയൽ റോഡ് പദ്ധതി സാങ്കേതികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
നിയോജകമണ്ഡലത്തിലെ വിവിധ സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 30 കോടിയുടെ വികസനപദ്ധതികളാണ് കിഫ്‌ബി വഴി അനുവദിച്ചത്. 2017- 18 സാമ്പത്തിക വർഷത്തിൽ മീനങ്ങാടി ജി.എച്ച്. എസ്.എസ്. അഞ്ചു കോടി ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ അക്കാദമിക് ബ്ലോക്ക് നിർമിച്ചു. ഇതേ സാമ്പത്തിക വർഷം തന്നെ മൂലങ്കാവ് ജി.എച്ച്. എസ്.എസ്, അമ്പലവയൽ ജി.എച്ച്. എസ്.എസ്, വടുവൻചാൽ ജി.എച്ച്. എസ്.എസ് എന്നീ സ്ക്കൂളുകൾക്ക് മൂന്ന് കോടി വീതം അനുവദിച്ചു. കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി. ആനപ്പാറ ജി.എച്ച്. എസ്.എസിന് അനുവദിച്ച മൂന്ന് കോടിയുടെ ടെൻഡർ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2019- 20 സാമ്പത്തിക വർഷം ചീരാൽ ജി. എം. എച്ച്. എസ്.എസിന് അനുവദിച്ച മൂന്ന് കോടിയുടെ പ്രവൃത്തികൾക്കുള്ള ഡി.പി.ആർ സമർപ്പിച്ചു കഴിഞ്ഞു. ബീനാച്ചി ജി.എച്ച്. എസ്.എസ് , ബത്തേരി സർവജന ജി.വി.എച്ച്. എസ്.എസ്, വാകേരി ജി.വി.എച്ച്. എസ്.എസ്, ഇരുളം ജി.എച്ച്. എസ്.എസ് , പെരിക്കല്ലൂർ ജി.എച്ച്. എസ്.എസ്, കല്ലൂർ ജി.എച്ച്. എസ്.എസ്, കുപ്പാടി ജി.എച്ച്. എസ്.എസ്, മീനങ്ങാടി ജി.എൽ.പി. എസ്., നൂൽപ്പുഴ രാജീവ്ഗാന്ധി മോഡൽ റെസിഡൻഷ്യൽ എച്ച്. എസ്.എസ്, ബത്തേരി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ എന്നിവയ്ക്ക് ഒരു കോടി വീതം അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഡി.പി.ആർ. സമർപ്പിച്ചിട്ടുണ്ട്.
തലയെടുപ്പോടെ മീനങ്ങാടി ജി.എച്ച് .എസ് .എസ്
മീനങ്ങാടി- തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അക്ഷര വെളിച്ചം പകർന്ന മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിന്റെ തലപ്പൊക്കത്തിൽ. ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകളിൽ ഒന്നാണിത് . പഠന നിലവാരത്തിലും ഭൗതിക സാഹചര്യങ്ങളിലുമെല്ലാം സ്‌കൂൾ മുൻപന്തിയിലാണ്. കിഫ്‌ബി ഫണ്ടുപയോഗിച്ച് നടത്തിയ വികസനപ്രവർത്തനങ്ങളാണ് സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയത്.
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കിഫ്‌ബി അനുവദിച്ച അഞ്ചു കോടി ചെലവഴിച്ചാണ് സ്‌കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ അക്കാദമിക് ബ്ലോക്ക് നിർമിച്ചത്. മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയത്തിൽ 27 ക്ലാസ് മുറികളാണുള്ളത്. എല്ലാം ഹൈടെക് വിശാലമായ ലൈബ്രറി, ഹൈടെക് ലാബുകൾ, കൗൺസലിങ് മുറി, ശൗചാലയം, സ്റ്റാഫ് മുറികൾ, സിക്ക് റൂം, പെൺകുട്ടികൾക്ക് വിശ്രമമുറി തുടങ്ങി സൗകര്യങ്ങൾ വിദ്യാലയത്തിന്റെ മാറ്റു കൂട്ടുന്നു. 1968 - ൽ ആരംഭിച്ച മീനങ്ങാടി ഗവ. സ്‌കൂൾ വിവിധ കാലഘട്ടങ്ങളിലായാണ് ഹയർസെക്കൻഡറി തലം വരെ ഉയർത്തപ്പെട്ടത്. നാളിതുവരെയായി ആയിരക്കണക്കിന് പ്രതിഭകളാണ് ഈ വിദ്യാലയത്തിന്റെ സൃഷ്ടികളായി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നത ശ്രേണികളിൽ എത്തിയിട്ടുള്ളത്. ആദിവാസി വിഭാഗങ്ങളിൽപ്പെട്ട ഒട്ടേറെ വിദ്യാർഥികളും ഇവിടെ പഠിക്കുന്നുണ്ട്. ഭൗതിക സാഹചര്യങ്ങളുടെ പരിമിതിയുണ്ടായിരുന്ന സ്‌കൂളിന് കിഫ്‌ബി സഹായം വലിയ ആശ്വാസമായി. കിഫ്‌ബി ഫണ്ടിനൊപ്പം ഐ.സി. ബാലകൃഷ്ണൻ എം.എൽ .എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 80 ലക്ഷവും പി.ടി.എ. സമാഹരിച്ച നാല് ലക്ഷവും കെട്ടിടത്തിന്റെ നിർമാണത്തിനായി വിനിയോഗിച്ചു. പുതിയ അക്കാദമിക് ബ്ലോക്ക് 2020 ഫെബ്രുവരിയിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഉദ്ഘാടനം ചെയ്തത്.
വന്യമൃഗ ശല്യത്തിന് പരിഹാരം
സുൽത്താൻബത്തേരി- വന്യമൃഗശല്യം പ്രതിരോധിക്കാൻ കിഫ്ബിയുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികൾ വയനാടിന് ആശ്വാസമാവുകയാണ്. മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ബത്തേരി നിയോജക മണ്ഡലത്തിൽ 44.85 കോടിയുടെ പദ്ധതികളാണ് കിഫ്ബി വഴി അനുവദിച്ചത്. കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിനായി സംസ്ഥാനത്ത് ആദ്യമായി, വയനാട് വന്യജീവി സങ്കേതത്തിൽ റെയിൽ ഫെൻസിങ് നിർമിക്കുന്നത് കിഫ്‌ബി ഫണ്ടുപയോഗിച്ചാണ്. കിഫ്ബിയിൽ നിന്ന് അനുവദിച്ച 15.80 കോടി രൂപ ചെലവഴിച്ച് ബത്തേരി കെ.എസ് .ആർ.ടി.സി. ഗാരേജ് പരിസരം മുതൽ മൂടക്കൊല്ലിവരെയുള്ള 10 കിലോമീറ്റർ ദൂരത്തിലാണ് റെയിൽ ഫെൻസിങ് നിർമിക്കുന്നത്.
2019 മാർച്ചിൽ ആരംഭിച്ച പ്രവൃത്തികളുടെ 95 ശതമാനവും പൂർത്തിയായി. 2.5 മീറ്റർ ഉയരത്തിലാണ് ഫെൻസിങ് സ്ഥാപിക്കുന്നത്. മൂന്നു മീറ്റർ അകലത്തിലാണ് തൂണുകൾ. ഇതിൽ മൂന്ന് പാളികളിലായി റെയിൽ ട്രാക്ക് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ആനയടക്കമുള്ള വന്യമൃഗങ്ങൾ കാടിന് പുറത്തേക്കിറങ്ങുന്നത് തടയാനാകും. ഈ പദ്ധതിയെ വനാതിർത്തിയിൽ താമസിക്കുന്ന കുടുംബങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. വയനാട് വന്യജീവിസങ്കേതത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കുന്ന ഈ റെയിൽ ഫെൻസിങ്, ഫലപ്രദമാണെന്ന് തെളിഞ്ഞാൽ പദ്ധതി സംസ്ഥാനത്തിന്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും. വയനാട് വന്യജീവി സങ്കേതത്തിൽ 11 കിലോ മീറ്റർ ഉരുക്കുവേലി (ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് ) നിർമിക്കാൻ കിഫ്‌ബി വഴി 5.8 കോടി അനുവദിച്ചിട്ടുണ്ട്. വടക്കനാട് 4.4 കിലോ മീറ്ററും തോട്ടാമൂലയിൽ 6.6 കിലോമീറ്റർ ദൂരത്തിലാണ് ഉരുക്കുവേലി സ്ഥാപിക്കുക. ഈ പദ്ധതിക്കുള്ള സാങ്കേതികാനുമതി ലഭിച്ച ശേഷം ടെൻഡർ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ക്രാഷ് ഗാർഡ് ഫെൻസിങ് നിർമിക്കുന്നതിനായി നെയ്‌ക്കുപ്പതു മുതൽ ദാസനക്കര വരെ 14.5 കിലോ മീറ്ററിന് 7.87 കോടിയും തൊമ്മൻചേരി മുതൽ കൂടല്ലൂർ വരെ 3.2 കിലോ മീറ്ററിന് 1.86 കോടിയും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടി പൂർത്തിയാക്കിയിട്ടുണ്ട്. വന്യമൃഗശല്യ പ്രതിരോധത്തിന് സ്വീകരിക്കുന്ന മറ്റെല്ലാ സംവിധാനങ്ങളുടെയും നാലിലൊന്നു മാത്രമേ ഉരുക്കു വേലിക്ക് ചെലവ് വരുന്നുള്ളൂ. വന്യജീവി സങ്കേതത്തിൽ ചുണ്ടപ്പാടി, പത്തൂർ ഭാഗങ്ങളിൽ 330 മീറ്റർ കൽമതിൽ നിർമിക്കുന്നതിന് 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 110 മീറ്റർ പൂർത്തിയാക്കി. ബാക്കിയുള്ളതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. വന്യമൃഗശല്യം അതിരൂക്ഷമായ ചുള്ളിക്കാട്, മടാപ്പറമ്പ്, കൊല്ലിവയൽ, മുണ്ടുവയൽ എന്നീ പ്രദേശങ്ങളിലെ 91 ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി 13.65 കോടിയും അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.