കോട്ടയം മെഡിക്കൽ കോളജിൽ 564 കോടി രൂപ അനുവദിച്ചു വൻ വികസനമാണ് കിഫ്ബി പദ്ധതികളിലൂടെ നടന്നത്. ഇതിൽ മിക്ക നിർമാണങ്ങളും പൂർത്തീകരിച്ചു. കൂടാതെ ഏറ്റുമാനൂർ റിങ് റോഡിന് 28 കോടി രൂപ അനുവദിച്ചു. നിർമാണത്തിനായുള്ള നടപടികൾ ആരംഭിച്ചു. ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്കായി 90 കോടി അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്തു. കിഫ്ബി സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനാണു തുടക്കമിട്ടിരിക്കുന്നത്.
ബജറ്റിനു പുറമേ വലിയ വികസനം കൊണ്ടുവരാൻ കഴിയുന്നതാണു കിഫ്ബി പദ്ധതികൾ. കൂടുതൽ തുക അനുവദിക്കുന്നതു പല പദ്ധതികൾക്കും ഉപകാരമാണ്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിന് കിഫ്ബി അനുവദിച്ച 68.66 കോടി രൂപയുടെ പദ്ധതിയുടെ ടെൻഡർ നടപടികൾ നടന്നു വരുന്നു. 78.69 കോടി അനുവദിച്ച കാഞ്ഞിരപ്പള്ളി ബൈപാസ് പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ അവസാനഘട്ടത്തിലാണ്. 10.36 കോടി രൂപ അനുവദിച്ച കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാത്ത് ലാബ് നവംബർ മാസത്തോടെ പ്രവർത്തന സജ്ജമാകും. പൊൻകുന്നം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 5 കോടി രൂപയുടെ വികസന പദ്ധതികൾ അന്തിമഘട്ടത്തിലായി. 29.2 കോടി രൂപ അനുവദിച്ച പത്തനാട്-ഇടിയിരിക്കപ്പുഴ റോഡ് നവീകരണ പദ്ധതിയുടെ ടെൻഡർ നടപടികൾ 2 മാസത്തിനകം പൂർത്തിയാകും. ഒരു കോടി രൂപ വീതം അനുവദിച്ച താഴത്തുവടകര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെയും നെടുംകുന്നം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെയും പദ്ധതികൾ നടപ്പാക്കുന്നതിനു സാങ്കേതിക അനുമതിയായി. ഇതു കൂടാതെ കാഞ്ഞിരപ്പള്ളി- മണിമല കുളത്തൂർമൂഴി റോഡ് നവീകരണത്തിന് 25 കോടി രൂപയുടെ പദ്ധതി രേഖ കിഫ്ബിയുടെ അനുമതിക്കായി സമർപ്പിക്കും.
പാലാ മഹാത്മാഗാന്ധി ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണത്തിന് 5 കോടി രൂപയാണു കിഫ്ബിയിൽ നിന്ന് അനുവദിച്ചത്. കെട്ടിട നിർമാണം പൂർത്തിയായി. മുത്തോലി-ഭരണങ്ങാനം റോഡ് വികസനത്തിന് 85 കോടി രൂപയാണ് വേണ്ടത്. ഇതിൽ ആദ്യഘട്ടമായി 17 കോടി രൂപ അനുവദിച്ചു. എന്നാൽ, റോഡ് 30 മീറ്റർ വീതിയിൽ നിർമിക്കണം. ഇതു പറ്റില്ലെന്ന് അറിയിച്ചിട്ടുണ്ട്. 20 മീറ്ററായി വീതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബി പ്രോജക്ട് വളരെ നല്ലതാണ്. എന്നാൽ, റോഡുകളുടെ വീതി 30 മീറ്ററെന്നത് 20 മീറ്ററായി കുറച്ചാൽ റോഡ് വികസന പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടപ്പിലാകും. പനമറ്റം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണത്തിന് 3 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കിഫ്ബി വഴി നടപ്പാക്കുന്നത് 2 പദ്ധതികളാണ്. ഈരാറ്റുപേട്ട വാഗമൺ റോഡിന് 66 കോടി രൂപയും മുരിക്കുംവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണത്തിന് 8 കോടിയുമാണു ലഭിച്ചത്. വാഗമൺ റോഡിന്റെ നിർമാണത്തിനു കരാർ നടപടികൾ നടന്നു വരികയാണ്. 10 മീറ്റർ വീതിയിൽ ടാറിങ് പൂർത്തിയാക്കും. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ വാഗമണ്ണിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനകരമാകും. കൂടാതെ ഈരാറ്റുപേട്ട, പാലാ ഭാഗത്തുനിന്നും കട്ടപ്പന, കുമളി യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. മുരിക്കുംവയൽ ഗവ. സ്കൂളിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. കിഫ്ബിയിൽനിന്നു തുക അനുവദിച്ചു കിട്ടാൻ എളുപ്പമാണെന്നതു നേട്ടമാണ്. അടിസ്ഥാന സൗകര്യവികസനത്തിന് ഏറെ പ്രയോജനകരമാണ്.
ഭാവിയിൽ ചങ്ങനാശേരിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏറ്റവും അത്യാവശ്യം എന്ന നിലയിലാണു വാഴൂർ റോഡും ബൈപാസ് റോഡും സംഗമിക്കുന്ന റെയിൽവേ ജംക്‌ഷനിൽ ഫ്ലൈ ഓവർ എന്ന ആവശ്യം മുന്നോട്ടു വച്ചത്. 2017-18ലെ ബജറ്റിൽ ഇത് ഇടംനേടിയിരുന്നു. 90 കോടി രൂപയാണു കിഫ്ബി വഴി അനുവദിച്ചത്. ശബരിമല വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ കിഴക്കൻ മേഖലയെയും തീരദേശത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായി വാഴൂർ റോഡ് മാറും എന്നതും ഈ പ്രോജക്ടിന്റെ നേട്ടം. വേഗത്തിൽ ഈ പദ്ധതി നടപ്പാക്കാനുള്ള നടപടികൾ മുന്നോട്ടു പോകുകയാണു വേണ്ടത്. പൈപ്പ് സ്ഥാപിക്കുന്ന ജോലികൾക്ക് ഉൾപ്പെടെ 36 കോടി രൂപയാണ് ചങ്ങനാശേരിയെ പത്തനംതിട്ടയുമായി ബന്ധിപ്പിക്കുന്ന കവിയൂർ റോഡിന്റെ നവീകരണത്തിനായി അനുവദിച്ചത്. തൃക്കൊടിത്താനത്തെ പൊതുവിദ്യാലയത്തിൽ 5 കോടി മുടക്കി പുതിയ കെട്ടിടം നിർമിച്ചതു സ്വാഗതാർഹമാണ്.
മണ്ഡലത്തിലെ കുറുപ്പന്തറ റെയിൽവേ മേൽപാലത്തിനും കടുത്തുരുത്തി റെയിൽവേ മേൽപാലത്തിനും കിഫ്ബി വഴി 50 കോടി ലഭിച്ചു. പെരുവ ഗവ. ഹൈസ്കൂൾ ഹൈടെക് ആക്കുന്നതിന് 5 കോടി രൂപയും കുറവിലങ്ങാട് താലൂക്ക് ആശുപത്രി വികസനത്തിന് 35 കോടിയും ലഭിച്ചിട്ടുണ്ട്. കടുത്തുരുത്തി സബ് റജിസ്ട്രാർ ഓഫിസ് നിർമാണത്തിനും കിഫ്ബി വഴി തുക അനുവദിച്ചിട്ടുണ്ട്. കൂടുതൽ തുക ആവശ്യമുള്ള വികസന പദ്ധതികൾക്ക് തുക അനുവദിക്കാൻ കിഫ്ബി പദ്ധതി ഗുണകരമാണ്. ബജറ്റിൽ വലിയ പദ്ധതികൾക്ക് തുക കണ്ടെത്താൻ കഴിയില്ല. ബജറ്റിനു പുറത്തു വികസന പദ്ധതികൾക്ക് തുക കണ്ടെത്തുന്നതിനു കിഫ്ബി പ്രയോജനകരമാണ്. റോഡ് വികസനത്തിന് കിഫ്ബി വഴി തുക അനുവദിച്ചെങ്കിലും ഇതു സാങ്കേതിക കാരണങ്ങളാൽ മുടങ്ങി നിൽക്കുകയാണ്. കിഫ്ബിയുടെ സാങ്കേതികത്വം കൂടി പരിഹരിച്ചാൽ പദ്ധതി വലിയ നേട്ടമാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ കിഫ്ബി പദ്ധതികൾ അനുവദിച്ച മണ്ഡലം വൈക്കമാണ്. പതിനൊന്നോളം കിഫ്ബി പദ്ധതികൾ വിവിധ ഘട്ടത്തിലാണ്. കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, പൊതുഗതാഗത, കാർഷിക രംഗങ്ങളിലെ അടിസ്ഥാന സൗകര്യ വികസനകാര്യത്തിൽ വൻ കുതിച്ചു ചാട്ടമാണു കിഫ്ബിയിലൂടെ സാധ്യമായത്. ഗവ. ബോയ്‌സ് ഹൈസ്കൂളിലെ 5 കോടി രൂപയുടെ പദ്ധതി നിർമാണം പൂർത്തിയായി. എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹൈസ്കൂൾ, മറവൻതുരുത്ത് ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിൽ പണി പുരോഗമിക്കുന്നു. വൈക്കം- വെച്ചൂർ റോഡിന് 93.75 കോടി രൂപ ലഭിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ നടക്കുകയാണ്. വൈക്കം താലൂക്ക് ആശുപത്രിക്കു ലഭിച്ച 85 കോടി ടെൻഡർ ഘട്ടത്തിലാണ്. അന്തിമ അനുമതിക്കായും ഡിപിആർ തയാറാക്കുന്നതിനുമായി 6 പദ്ധതികൾ കിഫ്ബിയുടെ പരിഗണനയിലുണ്ട്.
പൂവത്തുംമൂട് ശുദ്ധജല പദ്ധതി വികസനം തുടങ്ങിവെച്ചു. കിഫ്ബിയിൽ 301 കോടി രൂപയാണ് വിവിധ പദ്ധതികളിലെ വാഗ്ദാനം. ഇതിൽ പൂവത്തുംമൂട് ശുദ്ധ ജല പദ്ധതിക്ക് 50 കോടിയാണ് ഉൾപ്പെടുത്തിയത്. ഇത് പക്ഷേ. ബജറ്റ് ജോലികളിൽ ഉൾപ്പെടുത്തിയിരുന്നതാണ്. പ്ലാൻ ഫണ്ടായിരുന്നു. പിന്നീട് കിഫ്ബിയിലേക്ക് മാറ്റി. അനുവദിച്ച പദ്ധതികള്‍ വെള്ളൂത്തുരുത്തി പാലവും റോഡും 16 കോടി). ജനറല്‍ ആശുപത്രിക്കു പുതിയ കെട്ടിടം (145 കോടി). കോടി മത- പുതുപ്പള്ളി- മണര്‍കാട് റോഡ് (140 കോടി) എന്നിവയാണ്.